മോദി ഹഠാവോ, ദേശ് ബചാവോ: കാനം രാജേന്ദ്രന്‍

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. എന്നാല്‍ ഇടത് പക്ഷം ഇതുവരെയും പ്രത്യക്ഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടില്ല. അതിനിടയില്‍ സിപിഐയുടെ തെരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തില്‍ മോദിയെ കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര സീറ്റുകളിലാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ചത്. ഇതില്‍ തൃശൂരില്‍ വിജയിച്ചു. പേയ്‌മെന്റ് സീറ്റ് വിവാദം ഉണ്ടായ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത്തവണയും ഈ നാല് സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് കാനം പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. നാല് സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. വിജയപ്രതീക്ഷ എന്താണ്? എല്ലാ സീറ്റിലും വിജയിക്കുമോ?

ഞങ്ങള്‍ സാധാരണ മത്സരിക്കുന്ന നാല് സീറ്റുകളാണ് ഇപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂന്ന് സീറ്റുകളിലും ഞങ്ങള്‍ ജയിച്ചിട്ടുള്ളതാണ്. ജയിച്ചിട്ടു മാത്രമല്ല, തോറ്റിട്ടുമുണ്ട്. ഇതിലെ നാലാമത്തെ സീറ്റില്‍ ഞങ്ങള്‍ കഴിഞ്ഞ പ്രാവശ്യം പരാജയപ്പെട്ടത് പത്തൊന്‍പതിനായിരം വോട്ടുകള്‍ക്കാണ്. അതിലും ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പണ്ട് പരാജയപ്പെട്ടിടത്താണ് ആ വ്യത്യാസം പത്തൊമ്പതിനായിരം ആക്കിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈ നാല് സീറ്റുകളിലും വിജയ പ്രതീക്ഷയുണ്ട്. നാലിടത്തും ഞങ്ങള്‍ ജയിക്കും.

മുന്നണി വിപുലീകരണം കഴിഞ്ഞ്‌ എല്‍ഡിഎഫ്‌ ഒരു ദശകക്ഷി മുന്നണി ആയി. അതിനാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകളും വിട്ടുകൊടുക്കേണ്ടി വന്നേക്കാം. സിപിഐ അങ്ങനെയൊരു വിട്ടുകൊടുക്കലിന് തയ്യാറാണോ?

സത്യത്തില്‍ ഇത് സംബന്ധിച്ച് ഇതുവരെയും എല്‍ഡിഎഫിലോ സിപിഐയിലോ ഒരു ചര്‍ച്ചയും തുടങ്ങിയിട്ടില്ല. ഏതൊക്കെ സീറ്റ് നല്‍കണമെന്ന് സംബന്ധിച്ചും ചര്‍ച്ചകള്‍ ഒന്നും ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ല.

തിരുവനന്തപുരം സീറ്റില്‍ ശശി തരൂര്‍ ഏതാണ്ട് വിജയം ഉറപ്പാക്കിയിരിക്കുകയാണ്. ബിജെപിയാണ് മുഖ്യശത്രുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. സിപിഐ തിരുവനന്തപുരം സീറ്റ് വച്ചുമാറുമോ?

നേരത്തെ പറഞ്ഞതുപോലെ സീറ്റുകളില്‍ ആരെ നിര്‍ത്തണമെന്നത് സംബന്ധിച്ച് ഇതുവരെയും എല്‍ഡിഎഫിലും സിപിഐയിലും ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. സിപിഐ തിരുവനന്തപുരം സീറ്റ് വെച്ചുമാറുമെന്നൊക്കെ തത്പര കക്ഷികള്‍ പറഞ്ഞുണ്ടാക്കുന്നതാണ്. സിപിഐ സീറ്റ് വെച്ചുമാറില്ല. ഞങ്ങള്‍ തിരുവന്തപുരം വിട്ടുകൊടുക്കില്ല.

ദേശീയ രാഷ്ട്രീയത്തെ കൂടി പരിഗണിച്ചാല്‍ എന്താണ് തെരഞ്ഞെടുപ്പില്‍ സിപിഐയുടെ കാഴ്ചപ്പാട്?

ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ നരേന്ദ്ര മോദിയെ പുറത്താക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്.

അതുകൊണ്ട് തന്നെ മോദിക്കെതിരായി രാജ്യത്തെ ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുക എന്നതാണ് ദേശീയ തലത്തില്‍ സിപിഐയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിക്കുന്ന സമീപനം. ദേശീയ തലത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നുണ്ട്.

ഇവിടെ കേരളത്തില്‍ ബിജെപിയെയും മോദിയയെും ചെറുക്കാന്‍ ഇടത് പക്ഷത്തിന് കരുത്തുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെയൊന്നും സഹായം തേടാത്തത്. ഞങ്ങളുടെ പ്രധാനപ്പെട്ട മുദ്രാവാക്യം ”മോദി ഹഠാവോ..ദേശ് ബചാവോ” എന്നതാണ്.

മോദിയെ പുറത്താക്കുക. രാജ്യത്തെ രക്ഷിക്കുക. കേരളത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പുറത്താക്കാന്‍ എല്‍ഡിഎഫിന് കഴിയും.

ഇപ്പോള്‍ പുറത്തുവന്ന സര്‍വ്വേകള്‍ പറയുന്നത് എല്‍ഡിഎഫിന് നാല് സീറ്റും യുഡിഎഫിന് പതിനാറ് സീറ്റുമെന്നാണ്. അങ്ങനെ കോണ്‍ഗ്രസിന് വലിയൊരു വിജയം ഉണ്ടാകുമോ?

കേരളത്തിലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു സര്‍വ്വേ ഫലമെന്ന് മാത്രമേ അതിനെക്കുറിച്ച് പറയാനാകൂ. സെന്‍ട്രല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലും പറയുന്നത് കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്നാണ്.

കോട്ടയത്ത് സിപിഐയ്ക്ക് നിര്‍ത്തിയാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയുണ്ടല്ലോ. കോട്ടയം സീറ്റ് ചോദിച്ചു കൂടെ?

ഇപ്പോള്‍ പാര്‍ട്ടി വിചാരിക്കുന്നത് നാല് സീറ്റുകളില്‍ നിന്ന് വിജയം ഉറപ്പിക്കുക എന്നതാണ്. അതാണ് പാര്‍ട്ടി നോക്കുന്നത്. മുന്നണിയില്‍ കൂടുതല്‍ കക്ഷികളുണ്ട്. അപ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാതെ ഉള്ള സീറ്റുകളില്‍ വിജയിക്കുക എന്നതേ നോക്കുന്നുള്ളൂ. സിപിഐ കേരളത്തില്‍ എവിടെ നിന്നാലും ജയിക്കും, പക്ഷേ ഇപ്പോള്‍ ഈ നാല് സീറ്റിലാണ് പാര്‍ട്ടി നോക്കുന്നത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More