കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള വാതില്‍: എ സമ്പത്ത് എംപി

110

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. മുന്‍ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാര്‍ ഒരുപക്ഷേ ബിജെപി സീറ്റില്‍ മത്സരിച്ചേക്കുമെന്ന് പറയപ്പെടുന്ന ആറ്റിങ്ങലില്‍ കഴിഞ്ഞ രണ്ട് തവണയും വിജയം നേടിയത് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ സമ്പത്ത് ആണ്‌. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും അദ്ദേഹത്തിന് ആയി. ഇക്കഴിഞ്ഞ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതും ആറ്റിങ്ങല്‍ എംപിയാണ്.

ലോക്‌സഭ സെക്രട്ടറിയേറ്റിന് ലഭിച്ച 1075 ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ 443 എണ്ണവും സമ്പത്തിന്റേതാണ്. ഇത് സര്‍വകാല റെക്കോര്‍ഡ് കൂടിയാണ്. 2014-ല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ വളരെ വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ എ സമ്പത്ത് തന്നെയാകും ഇത്തവണയും സിപിഐഎമ്മിനായി പോര്‍ക്കളത്തില്‍ ഇറങ്ങുക എന്നാണ് വാര്‍ത്തകള്‍. ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെക്കുകയാണ് എ സമ്പത്ത്.

രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിന് ആറ്റിങ്ങലില്‍ നിന്ന് വിജയിച്ചു. ഇപ്പോഴിതാ മൂന്നാം അങ്കത്തിനിറങ്ങുമെന്ന് വാര്‍ത്തകള്‍. എന്താണ് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍?

ഞാന്‍ വീണ്ടും നില്‍ക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി ഒരു തീര്‍പ്പ് ഇതുവരെയും ആയിട്ടില്ല. അത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമില്ല. സിപിഐഎം പോളിറ്റ് ബ്യൂറോ ഈ മാസം 8, 9 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ഈ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിയതിന് ശേഷമേ അതില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാനാകൂ. അതുകൊണ്ട് അതിനെക്കുറിച്ച് നമുക്ക്‌ സംസാരിക്കാനായിട്ടില്ല. ഓരോ മണ്ഡലത്തിലും ആരെ നിര്‍ത്തണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമാകുകയുള്ളൂ.

നിലവില്‍ ജനപ്രിയ എംപിയാണ്. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?

ഇപ്പോള്‍ ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധി എന്ന നിലയില്‍ അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ചുമതലയും നന്നായി നിര്‍വ്വഹിക്കുന്നു എന്നേയുള്ളൂ. ജനങ്ങള്‍ക്കായി ഉപകാര പ്രദമായ കുറച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി. അതില്‍ അവര്‍ സന്തുഷ്ടരാണ്. ഈ മാസം 17 വരെ പാര്‍ലമെന്റ് സമ്മേളനം ഉണ്ട്.

ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നാല്‍ എങ്ങനെ പ്രതികരിക്കും?

പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിറവേറ്റുക. അത് സ്വീകരിക്കുക എന്നത് തന്നെയാകും അന്തിമ തീരുമാനം. അത് ഞങ്ങളുടെ കടമയാണ്. പാര്‍ട്ടിയുടെ സംഘടനാബോധം അതാണ് ഞങ്ങളെ പഠിപ്പിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ അത് അനുസരിക്കും. പാര്‍ട്ടി തീരുമാനം സ്വീകരിക്കും.

അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നല്ലല്ലോ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അതിനും എത്രയോ മുമ്പേ തുടങ്ങുന്നതാണ്. ഞങ്ങളുടെ പാര്‍ട്ടിയായ സിപിഐഎം തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ഒരു പാര്‍ട്ടിയല്ല. മഴയത്ത് മുളച്ചുവരുന്ന തകര പോലെയുള്ള സംഘടനാ പ്രവര്‍ത്തനമല്ല സിപിഐഎമ്മിന്റേത്. അതുകൊണ്ട് തന്നെ ഒരു പ്രഹസനം പോലെ കാട്ടിക്കൂട്ടല്ല ഞങ്ങളുടെ പ്രവര്‍ത്തനം. അങ്ങനെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമായി പ്രവര്‍ത്തനമില്ല.


ഇനി കോണ്‍ഗ്രസിന്റെ കാലമാണെന്നും അടുത്ത വട്ടം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നുമൊക്കെ പറയപ്പെടുന്നു. കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്- സിപിഐഎം പോരാണ്. ബിജെപി ചിത്രത്തിലേയില്ല. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഒറ്റയ്ക്ക് നിന്നാല്‍ കോണ്‍ഗ്രസിന് എവിടെയങ്കിലും ഒരു പാര്‍ലമെന്റംഗത്തെ വിജയിപ്പിക്കാനാകുമോ. എന്റെ ഉപ്പൂപ്പാക്ക് ഓരാനയുണ്ടാര്‍ന്നു എന്നൊക്കെ പറയുന്ന കാലം കഴിഞ്ഞു. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ അത്ര വലിയ പാര്‍ട്ടി അല്ലെങ്കില്‍പ്പോലും കൃത്യമായ നിലപാടുകള്‍ ഉള്ള, ജനങ്ങള്‍ക്കായി ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് എല്ലായിടത്തും സഖ്യമുണ്ടാക്കിയാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ. ഒറ്റയ്ക്ക് നിലനില്‍പ്പില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സിപിഐഎം സഖ്യമുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ ശത്രുതയും.

സിപിഐഎം കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയല്ല. എവിടെയും സഖ്യമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള വാതിലാണ്. ചവിട്ടുപടിയാണ്. ഇനിയെത്ര രാമന്‍ നായര്‍മാര്‍ പോകാനിരിക്കുന്നുവെന്ന് അറിയില്ലല്ലോ. ഇവിടെ കോണ്‍ഗ്രസ് ഏതാണ് ബിജെപി ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് കേരളത്തില്‍ ബിജെപിക്കെതിരെ ഒന്നും പറയാറില്ല. പരസ്പര സഹായ സഹകരണമാണ്.

ഇക്കാലയളവില്‍ മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഒരു പാര്‍ലമെന്റ് അംഗത്തിന്റെ പ്രധാനപ്പെട്ട ചുമതല നാടിന്റെയും ജനങ്ങളുടെയും വിഷയങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കുകയെന്നതാണ്. രാജ്യത്തെ ബാധിക്കുന്നതായിട്ടുള്ള പ്രശ്നങ്ങള്‍ അല്ലെങ്കില്‍ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയെന്നതൊക്കെയാണ്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയ പാര്‍ലമെന്റ് അംഗം ഞാനാണ്. നമ്മുടെ നാടിനെ പ്രളയം തകര്‍ത്തപ്പോള്‍ അത് തുടക്കത്തിലേ പാര്‍ലമെന്റില്‍ ഉന്നയിച്ചത് ഞാനാണ്. അതിന്റെ ഫലമായിട്ടാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് കേന്ദ്ര സംഘത്തെ അയച്ചതൊക്കെ.

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ഇരുപതിനായിരത്തിലധികം വരുന്ന കിടപ്പുരോഗികള്‍ക്കൊക്കെ സഹായമായി പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് കൊണ്ടുവന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരെണ്ണം. ജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കിയത്.

Comments
Loading...