ജലസമാധി: വൃദ്ധരെ ദയാവധത്തിന് വിധിക്കുന്ന ഗ്രാമത്തിന്റെ കഥ

193

ജലസമാധി. വൃദ്ധര്‍ ബാധ്യതയാകുന്നുവെന്ന് കണ്ട് ദയാവധത്തിന് വിധേയമാക്കുന്ന ഗ്രാമത്തിന്റെ കഥപറയുന്നു. വൃദ്ധരായാല്‍ കാശിക്ക് പോകുന്നൊരു ആചാരം പണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോഴത് മക്കള്‍ക്ക് കാശുണ്ടെങ്കില്‍ വൃദ്ധ സദനത്തിലേക്കും അല്ലെങ്കില്‍ ആരാധനാലയങ്ങളുടെ മുന്നില്‍ നടതള്ളലിലേക്കും അല്ലെങ്കില്‍ ആത്മഹത്യയിലേക്കും നീളുന്നു. വാര്‍ദ്ധക്യത്തെ ആസ്പദമാക്കി നോവലിസ്റ്റ് സേതുവെഴുതിയ ജലസമാധിയെന്ന കഥ, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ വേണു നായര്‍ അതേപേരില്‍ സിനിമയാക്കുന്നു. സേതു തന്നെയാണ്‌ സിനിമയ്ക്ക് തിരക്കഥയെഴുതുന്നതും. വേണു സിനിമയെ കുറിച്ച് കെ സി അരുണുമായി സംസാരിക്കുന്നു.

ജലസമാധിയുടെ സാമൂഹിക പ്രസക്തി

ജലസമാധിയുടെ കഥ കേരളത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് നടക്കുന്നതെങ്കിലും ഈ ചിത്രം കേരളത്തില്‍ മാത്രമല്ല ആഗോള തലത്തില്‍തന്നെ പ്രസക്തിയുള്ളതാണ്. പ്രായമായ ആളുകളെ ദയാവധത്തിന് വിധേയമാക്കുന്ന സംസ്‌കാരം നില നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. പ്രായമായവര്‍ മക്കള്‍ക്കും മരുമക്കള്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ ഒരു ബാധ്യതയാകുമ്പോള്‍ ഏകപക്ഷീയമായ ദയവധത്തിലൂടെ അവര്‍ അവരെ ഒഴിവാക്കുന്നു.

ഇന്ന് വൃദ്ധ ജനങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ അങ്ങോളമിങ്ങോളം പലതരത്തിലുള്ള വൃദ്ധ സദനങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. വൃദ്ധ സദനങ്ങളില്‍ പാര്‍പ്പിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ ഗുരുവായൂര്‍ ക്ഷേത്ര നടയിലും മറ്റു പൊതു സ്ഥലങ്ങളിലും കൊണ്ടുപോയി ഉപേക്ഷിക്കുന്നത് പതിവായിരിക്കുന്നു. ഇതും ഒരു തരത്തിലുള്ള ദയാ വധം തന്നെയല്ലേ? മനുഷ്യന്റെ ബോധ മണ്ഡലത്തില്‍ ആഴത്തിലുള്ള വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ഒരു മാറ്റമാണ് സിനിമയിലൂടെ ഞാന്‍ കൊണ്ട് വരാന്‍ ശ്രമിച്ചിരിക്കുന്നത്.

ജലസമാധിയുടെ സംവിധായകന്‍ സേതു
ജലസമാധിയുടെ സംവിധായകന്‍ വേണു നായര്‍

ജലസമാധിയുടെ മൂലകഥയുടെ രചയിതാവായ സേതു തന്നെ സിനിമയ്ക്ക് തിരക്കഥയെഴുതുന്നു.

ജലസമാധി എന്ന പേരില്‍ 2002-ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ ഈ കഥ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഈ കഥയുടെ കാമ്പ് നഷ്ടപ്പെടാതെ കൂടുതല്‍ വികസിപ്പിച്ചു അടയാളങ്ങള്‍ എന്ന പേരില്‍ സേതു തന്നെ ഒരു നോവല്‍ എഴുതുകയും അത് 2005-ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. തീര്‍ച്ചയായും കഥാകാരന്‍ തന്നെ തിരക്കഥ കൂടി രചിക്കുമ്പോള്‍ കഥയുടെ ശക്തിയും സൗന്ദര്യവും കൂടുകയേ ഉള്ളൂ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

ആരോഗ്യരംഗത്തെ മുന്നേറ്റം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നേരിടാന്‍ നമ്മുടെ സര്‍ക്കാരോ സമൂഹമോ ഇനിയും തയ്യാറായിട്ടില്ലേ?

തയ്യാറായിട്ടില്ല എന്ന് വേണം കരുതാന്‍. അങ്ങനെ തയ്യാറായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടില്‍ സ്വന്തം മക്കള്‍ തന്നെ വൃദ്ധ ജനങ്ങളെ പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കില്ലായിരുന്നു. ഇത്രയും വൃദ്ധസദനങ്ങള്‍ കേരളത്തില്‍ പെരുകിലായിരുന്നു. ഇന്ന് കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് 12.5 ശതമാനത്തോളം 60 വയസു കഴിഞ്ഞ മനുഷ്യരാണ്.

ഇവരുടെ ജന സംഖ്യ എല്ലാ വര്‍ഷവും ഏതാണ്ട് 2.5 ശതമാനത്തോളം കൂടി വരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഒരു വലിയ സാമൂഹിക പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു ആഗോള തലത്തില്‍ തന്നെ. ഈ പ്രശ്‌നത്തില്‍ എല്ലാവരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മക്കള്‍ക്കും മരുമക്കള്‍ക്കും ബാധ്യതയാകുന്നുവെന്ന് കണ്ട് വൃദ്ധര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

നമ്മുടെ കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണു കുടുംബ വ്യവസ്ഥിതിയിലേക്ക് വന്നപ്പോള്‍ സംഭവിച്ച ഒരു മൂല്യ ച്യുതിയാണ് ഇതിനു കാരണമായി എനിക്ക് തോന്നുന്നത്. എന്ന് വച്ച് കൂട്ടുകുടുംബ വ്യവസ്ഥിതിയിലേക്ക് ഒരു തിരിച്ചുപോക്കൊന്നും സാധ്യവുമല്ല. അണു കുടുംബത്തില്‍ സ്വാഭാവികമായും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടല്‍ ഇത്തരം ആത്മഹത്യകള്‍ക്ക് ഒരു കാരണമാണ്.

ഇന്ന് ഒരു ശരാശരി മനുഷ്യന്റെ ആവശ്യങ്ങള്‍ ഒരുപാട് വര്‍ധിച്ചിരിക്കുന്നു. ആ ആവശ്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി ഒരു പാട് പണം ആവശ്യമായി വരുന്നു. അപ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ സംജാതമാകുന്നു. കൂടുതല്‍ ജോലി കൂടുതല്‍ പണം കൂടുതല്‍ സാധനങ്ങള്‍. അതിനിടയില്‍ അച്ഛനമ്മമാര്‍ക്കോ ഒരു പരിധി വരെ സ്വന്തം കുട്ടികള്‍ക്കോ വേണ്ടത് കൊടുക്കാന്‍ സാധിക്കുന്നില്ല.

പണം മാത്രമല്ല. സന്തോഷവും ശാന്തിയും ആവശ്യം അറിഞ്ഞിരിക്കേണ്ട മാനുഷിക ഗുണങ്ങളും. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള ആത്മീയ ശക്തി നേടുകയോ അതിനുള്ള വഴികള്‍ പോലും തേടാതിരിക്കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ മാനസികമായി തളരുന്നു. അത്തരം മാനസിക തളര്‍ച്ചയില്‍ നിന്നാണ് പലരും ആത്മഹത്യ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

ജലസമാധി സേതു
എഴുത്തുകാരന്‍ സേതു || ചിത്രത്തിന് കടപ്പാട് | സേതു.ഓര്‍ഗ്‌||

ഈ ത്രോ എവേ സംസ്‌കാരം വളര്‍ത്തുന്നതില്‍ കണ്‍സ്യൂമറിസത്തിന് വലിയൊരു പങ്കുണ്ട്. അത് നമ്മുടെ ബന്ധങ്ങളെ ബാധിക്കുന്നതിനെ കുറിച്ച്.

മനുഷ്യ ബന്ധങ്ങളില്‍ മാര്‍ക്കറ്റ് ലോജിക് നാം പ്രയോഗിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. ഇന്ന് മനുഷ്യന്‍ ബന്ധപ്പെടുന്ന സകല മേഖലകളിലും, അതു സമൂഹിക ബന്ധങ്ങളിലാകട്ടെ പരിസ്ഥിതിയിലാകട്ടെ നമ്മുടെ സംസ്‌കാരിക തലതിലാകട്ടെ എല്ലാറ്റിലും വലിയ ജീര്‍ണത സംഭവിച്ചിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള ആത്മീയ ബന്ധത്തിനു വിലകല്‍പിക്കാത്ത ആധുനിക കണ്‍സ്യൂമറിസം ഇതിനൊരു പ്രധാനപ്പെട്ട കാരണമാണ്.

കൂടുതല്‍ പണമുണ്ടാക്കുക കൂടുതല്‍ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുക ഉപയോഗ ശേഷം അത് വലിച്ചെറിയുക. ഈ സമീപനം മനുഷ്യ ബന്ധങ്ങളിലും നാം പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ പുതിയ സംസ്‌കാരം നമ്മുടെ ചിന്താധാരയെ കാര്യമായി വികലമാക്കിയിരിക്കുന്നു. കണ്‍സ്യൂമറിസം സന്തോഷവും സമൃദ്ധിയും പുറമേക്ക് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ലോക ജനതയുടെ ഭൂരിഭാഗവും ഇന്ന് ജീവിക്കുന്നത് അപകടകരമാം വിധം അരക്ഷിതാവസ്തയിലാണ്.

ഇതിനു ഒരു മാറ്റം വേണമെങ്കില്‍ പ്രാദേശിക തലം മുതല്‍ ആഗോള തലത്തില്‍ തന്നെ നമ്മുടെ ബോധമണ്ഡലത്തില്‍ ഒരു വിപ്ലവകരമായ മാറ്റം ആവശ്യമായിരിക്കുന്നു. ഐന്റസ്റ്റീനിന്റെ അഭിപ്രായം പോലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അതുണ്ടാക്കിയ ചിന്തകള്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ല. പിന്നെയോ അതിനു പുതിയ ചിന്തകള്‍ കൂടിയേ തീരൂ. ആത്മീയതയിലൂന്നിയ ഒരു ജീവിതമാണ് ഇതിന് ഉത്തരം. ആ അര്‍ഥത്തില്‍ ജലസമാധി എന്ന ചിത്രം ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും പ്രസക്തമാവുകയാണ്.

മക്കളെല്ലാം തിരക്കേറിയ ജീവിതം നയിക്കുമ്പോള്‍, വൃദ്ധ സദനങ്ങളാണോ ഒരു പരിഹാരം

ആണെന്നും അല്ലെന്നും ഞാന്‍ പറയുന്നില്ല. ഓരോരുത്തരുടെയും സാംസ്‌കാരിക പശ്ചാത്തലം അനുസരിച്ചായിരിക്കും തീരുമാനം. മനുഷ്യത്വമില്ലായ്മയും ആത്മീയതയുടെ അപര്യാപ്തതയുമാണ് ഈ പ്രശ്‌നങ്ങളുടെ എല്ലാം കാരണമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മനുഷ്യന്‍ ആത്മീയമായ ഔന്നത്യത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ താനേ പരിഹരിക്കപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്.

ജലസമാധി സംവിധായകന്‍ വേണു നായര്‍
ജലസമാധി സംവിധായകന്‍ വേണു നായര്‍

അനവധി സീരിയല്‍, ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍ ചെയ്തശേഷം സിനിമ സംവിധാനത്തിലേക്ക് തിരിയാന്‍ കാരണമെന്താണ്?

എന്റെ ഹൃദയത്തോടെ ചേര്‍ന്ന് നില്‍ക്കുന്നതു സിനിമ തന്നെയാണ്.

ചില നടിമാര്‍ പരസ്യങ്ങളില്‍ അഭിനയിച്ചശേഷം സിനിമയിലേക്ക് വന്ന് പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് 90 സെക്കന്റുകളുടെ അഭിനയശേഷിയേയുള്ളൂവെന്നുള്ള അഭിപ്രായം ഉയരാറുണ്ട്.

അടിസ്ഥാനപരമായി മോഡലിങ്ങും അഭിനയവും രണ്ടും രണ്ടാണ്. ഇതന്റെ വ്യത്യാസം മനസിലാക്കുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ പരാജയപ്പെടും. നാടകത്തില്‍ നിന്ന് വരുന്ന നടന്മാര്‍ക്കും ഇത് സംഭവിക്കാറുണ്ട്. നാടകത്തില്‍ നിന്നും മോഡലിങ്ങില്‍ നിന്നും സിനിമയില്‍ വന്ന് വലിയ വിജയം നേടിയവര്‍ ഒരുപാടുണ്ട്. വിജയം വ്യക്ത്യാധിഷ്ടിതമാണ്.

താങ്കള്‍ സിനിമ സംവിധാനത്തിലേക്ക് കടന്നുവരുന്നു. എങ്ങനെയാണ് ഈ വെല്ലുവിളി കൈകാര്യം ചെയ്യുക.

എനിക്ക് സിനിമാ സംവിധാനം വലിയ വെല്ലുവിളി ഒന്നും ഉയര്‍ത്തുന്നില്ല എന്നതാണ് സത്യം. എന്ന് മാത്രമല്ല എനിക്ക് വളരെ കംഫര്‍ട്ടബിളായി തോന്നുകയും ചെയ്തു. അതിലൊരു കാരണം എന്റെ പല ഡോക്യുമെന്ററികളും ഡോക്യുഫിക്ഷന്‍ ആയിട്ടാണ് ചെയ്തിരിക്കുന്നത്. പിന്നെ സേതു, സി രാധാകൃഷ്ണന്‍, എം ടി എന്നിവരുടെ കഥകള്‍ മുന്‍പേ തന്നെ ടെലിവിഷന്‍ സീരീസ് ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ നിര്‍മ്മാതാവും ഞാന്‍ തന്നെ ആയതുകൊണ്ട് ചില പ്രായോഗിക പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്രമാത്രം.

Comments
Loading...