സിനിമ, ചെറുപ്പം മുതല്‍ ഒപ്പം കൂട്ടിയ സ്വപ്നം’: ഉണ്ണിമായ പ്രസാദ് സംസാരിക്കുന്നു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ എന്ന ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ‘ബിന്‍സി’. കഥാഗതിയെ തന്നെ നയിക്കുന്ന ഈ മുഴുനീള കഥാപാത്രത്തെ ഒട്ടും ഏച്ചുകെട്ടുകളില്ലാതെ അവതരിപ്പിച്ചതിന്് ഉണ്ണിമായ പ്രസാദിന് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയാണ് നല്‍കിയത്. വളരെ സൂക്ഷ്മമായ ചലനങ്ങളും ശരീര ഭാഷയും ആവശ്യപ്പെടുന്ന ഈ കഥാപാത്രം ഉണ്ണമായയുടെ കൈകളില്‍ അത്രത്തോളം ഭദ്രമായിരുന്നു. ഇതിനകം തന്നെ പല കഥാപാത്രങ്ങളിലൂടെയും ഉണ്ണിമായയുടെ അഭിനയ പാടവം പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണെങ്കിലും ഇത്രയും കരുത്തുറ്റ, അഭിനയ സാധ്യതകളുള്ള, മുഴുനീള കഥാപാത്രം ഇതാദ്യമാണ്.

ബിന്‍സിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയായ ഉണ്ണിമായ. 2013 ല്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് ഉണ്ണിമായ പ്രസാദ് സിനിമയിലേക്ക് കടന്നു വരുന്നത്. ആര്‍ക്കിടെക്റ്റും  കൂടിയായ ഉണ്ണിമായ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്റെ ജീവിത പങ്കാളിയാണ്. ‘ജോജി’യിലെ ‘ബിന്‍സി’യെ കുറിച്ചും തന്റെ സിനിമാ ജീവിതത്തിലേക്കുള്ള കടന്നു വരവിനെ കുറിച്ചും ഉണ്ണിമായ പ്രസാദ് സംസാരിക്കുന്നു.

‘ബിന്‍സി’ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണല്ലോ? ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

തെറ്റില്ലാതെ ചെയ്തു എന്ന് വിശ്വാസം ഉണ്ടായിരുന്നു. എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ഒരുപാടു റിവ്യൂസ് വരുന്നുണ്ട്. രസകരമായ ഒരു കാര്യമെന്താണെന്ന് വച്ചാല്‍ പഴയ സിനിമകള്‍ ഒക്കെ പോയി നോക്കിയിട്ട് അതിലെ കഥാപാത്രങ്ങളെ കുറിച്ചൊക്കെ വരെഇപ്പോൾ കമന്റുകള്‍ വരുന്നുണ്ട്. വളരെ സന്തോഷം!

ബിന്‍സിയായി ആദ്യം തന്നെ ഉണ്ണിമായയെ ഉറപ്പിച്ചിരുന്നോ? എങ്ങനെയാണ് ഇത്ര തന്മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്?

ടീമിനൊപ്പമുള്ള ആളായത്‌ കൊണ്ട്‌  ‘ജോജി’യുടെ കഥ ആലോചിക്കുമ്പോള്‍ മുതല്‍ ചിത്രത്തിനു വേണ്ടി ജോലി ചെയ്തു തുടങ്ങി. ഞങ്ങളുടെ തന്നെ പ്രൊഡക്ഷന്‍ ഹൗസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതിനപ്പുറം ഇതില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സെക്കന്‍ഡ് ഹാഫ് ആയപ്പോഴാണ് ബിന്‍സി എന്ന കഥാപാത്രം ഉണ്ണിമായ ചെയ്താല്‍ മതിയെന്ന് ദിലീഷ് പോത്തന്‍ പറയുന്നത്.
ക്യാരക്ടര്‍ രൂപപ്പെട്ടുവരുന്നതു മുതല്‍ ഒപ്പമുള്ളതുകൊണ്ട് ബിന്‍സി എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് ധാരണ ഉണ്ടായിരുന്നു.ആര്‍ട്ടിസ്റ്റുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുന്ന രീതിയാണ് പോത്തന്റേത്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവര്‍ക്ക് സ്പേസ് കൊടുക്കുകയും നല്ലതെന്നു തോന്നുന്നതു ഉൾപ്പെടുത്തുകയും ചെയ്യും. പരിചയമുള്ള ആന്റിമാരെയും സുഹൃത്തുക്കളുടെ അമ്മമാരെയുമൊക്കെ നിരീക്ഷിച്ചാണ് ബിന്‍സിയെ  രൂപപ്പെടുത്തിയത്‌. കഥാപാത്രം പൂര്‍ണമായും സ്‌ക്രിപ്റ്റഡ് ആയിരുന്നു എന്നത്‌ ബിൻസിയെ ഡിസൈൻ ചെയ്യാൻ ഏറെ സഹായിച്ചു!

സിനിമ, ചെറുപ്പം മുതല്‍ ഒപ്പം കൂട്ടിയ സ്വപ്നം': ഉണ്ണിമായ പ്രസാദ് സംസാരിക്കുന്നു 1

സമാനതകളില്ലാത്ത അഭിനയം തന്നെയാണ് ഫഹദ് ഈ സിനിമയില്‍ കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ അതേ പോലെയോ അല്ലെങ്കില്‍ അതില്‍ ഒരുപടി മേലെയോ പ്രകടനം കാഴ്ചവച്ച ആര്‍ട്ടിസ്റ്റുകളുമുണ്ട്. ഫഹദിനു ലഭിക്കുന്ന പ്രശംസ മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കാതെ പോകുന്നുവെന്നു തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. എല്ലാവരും അഗീകരിക്കപ്പെടുന്നുണ്ട്. ടൈറ്റില്‍ ക്യാരക്ടറില്‍ ഫഹദ് ഷോള്‍ഡര്‍ ചെയ്യുന്ന സിനിമയാണിത്. ഫഹദിന്റെ പെര്‍ഫോമന്‍സ് അതില്‍ അത്രയും നിര്‍ണായകമാണ്. അതുകൊണ്ടാണ് ആ ക്യാരക്ടര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അത് അനിവാര്യതയാണ്. അഭിനയിച്ച എല്ലാവര്‍ക്കും ധാരാളം അഭിനന്ദന സന്ദേശങ്ങളും കോളുകളുമൊക്കെ ലഭിക്കുന്നുണ്ട്. എല്ലാവരും സന്തോഷത്തിലാണ്.

പ്രൊഡ്യൂസറെന്ന നിലയില്‍ കാസ്റ്റിംഗില്‍ എത്രത്തോളം പങ്ക് വഹിച്ചിട്ടുണ്ട്

കോവിഡ് സമയത്തായതു കൊണ്ടു തന്നെ നമ്മുടെ സൗഹൃദവലയത്തിനുള്ളില്‍ നിന്ന് എങ്ങനെ ചെയ്യാമെന്നാണ്  ചിന്തിച്ചതും ചർച്ച ചെയ്തിരുന്നതും. . കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളുടെ എണ്ണം കൂട്ടാനാകില്ലായിരുന്നു. മള്‍ട്ടി ടാസ്‌കിംഗ് ചെയ്യുന്ന ടീമിനെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാനാണ് നോക്കിയത്. ജെയ്സണിന്റെ കഥാപാത്രവും  പോപ്പിയുടെ കഥാപാത്രവുമാണ് പുറത്തു നിന്നുള്ളത്. ബാക്കിയെല്ലാം സുഹൃത്തുക്കള്‍ തന്നെയാണ്.

കഥ ഡിസ്‌കസ് ചെയ്യുമ്പോള്‍ തന്നെ ബാബുരാജ് ചേട്ടനെ ആ കഥാപാത്രമായി ഉറപ്പിച്ചിരുന്നു. പോപ്പിയെ കണ്ടെത്താനാണ് കുറച്ച് ബുദ്ധിമുട്ടുണ്ടായത്. അപ്പന്റെ റോള്‍ ചെയ്തത് സണ്ണി ചേട്ടനായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനയിച്ചപ്പോള്‍ ഉള്ള പരിചയം വച്ചാണ് ശ്യാംപുഷ്‌കരൻ ഈ കഥാപാത്രം ചെയ്യാന്‍ അദ്ദേഹത്തെ സജസ്റ്റ് ചെയ്യുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതു മൂലം അറുപതു വയസിനു മേല്‍ പ്രായമുള്ള ഒരാളെ അഭിനയിപ്പിക്കുക അന്ന്  പ്രശ്നമായിരുന്നു. മാത്രമല്ല ഫിസിക്കലി നല്ല ഫിറ്റ് ആയിട്ടുള്ള ആളും ആവണമായിരുന്നു. അതൊക്കെ നോക്കിയപ്പോള്‍ ഏറ്റവും അനുയോജ്യമായ ആര്‍ട്ടിസ്റ്റായിരുന്നു പൊന്നു പോലെ മനസ്സുള്ള സണ്ണി ചേട്ടൻ.

തീയറ്ററുകള്‍ തുറന്നിട്ടും എന്തുകൊണ്ടാണ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്?

ശരിക്കു പറഞ്ഞാല്‍ എന്തായിരിക്കും മുന്നോട്ട് എന്ന് അറിയാതിരുന്ന സമയത്താണ് പടം ഷൂട്ട് ചെയ്തത്. തീയറ്ററുകള്‍ ഉടനെ തുറക്കുമോ ഇല്ലയോ എന്നൊന്നും അപ്പോള്‍ അറിയില്ലായിരുന്നു. പടം ചെയ്താലല്ലേ നമുക്കൊക്കെ നിലനില്‍ക്കാന്‍ പറ്റൂ. കോവിഡ് മൂലം എല്ലാവരും തന്നെ ആകെ ഫ്രസ്ട്രേറ്റഡ് ആയ അവസ്ഥയായിരുന്നു. ക്രീയേറ്റിവിറ്റിയൊക്കെ ഇല്ലാതാകുന്ന പോലെ. എന്തെങ്കിലും ചെയ്തേ മതിയാകുമായിരുന്നുള്ളു. അങ്ങനെ ഒരു സര്‍വൈവലിന്റെ ഭാഗമായാണ് ഒടിടിയില്‍ റിലീസ് ചെയ്യാം എന്ന് തീരുമാനിച്ച് പടവുമായി മുന്നോട്ട് പോകുന്നത്.

ഒടിടിയില്‍ റിലീസ് ചെയ്യുമ്പോള്‍ മെയിക്കിംഗില്‍ എന്തെങ്കിലും വ്യത്യാസം വരുത്തേണ്ടതുണ്ടോ?

ഫിലിം ഷൂട്ട് ചെയ്യുന്നതിലൊക്കെ വ്യത്യാസമുണ്ട്. സിനിമാ സ്‌കോപ്പായല്ല, ടിവിയുടെ ഫുള്‍ സൈസില്‍ വരുന്ന റേഷ്യോയിലാണ് ഷൂട്ട് ചെയ്യുന്നത്. ഒരു പേഴ്സണല്‍ ഡിവൈസില്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകരെ എങ്ങനെ ആസ്വദിപ്പിക്കാം എന്ന് ചിന്തിച്ചാണ് സ്ക്രിപ്റ്റ്‌ മുതൽ ഇങ്ങോട്ട്‌ മിക്സിംഗ്‌ വരെ എല്ലാം രൂപപ്പെടുത്തിയിട്ടുള്ളത്.

തീയറ്റര്‍ റിലീസും ഒടിടിയും തമ്മിലുള്ള വ്യത്യാസം എങ്ങനെ അനുഭവപ്പെടുന്നു?

തീയറ്ററിന്റെ പള്‍സ് അത് വേറെയാണ്. ഒരുപാടുപേരുടെയൊപ്പം തീയറ്ററില്‍ ഇരുന്ന് സിനിമ കാണുമ്പോള്‍ കിട്ടുന്ന സുഖം ഒരിക്കലും ഒടിടിയില്‍ നിന്ന് കിട്ടില്ല. ശരിക്കും തീയറ്റര്‍ മിസ് ചെയ്യുന്നുണ്ട്. ഗ്ലോബല്‍ റീച്ചാണ് ഒടിടിയുടെ ഗുണം. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആളുകളുടെ പ്രതികരണം നമുക്ക് അറിയാന്‍ സാധിച്ചു. അപ്പോള്‍ അത്രയധികം ആളുകളിലേക്ക് പടം എത്തി. ജോജിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്നു കാണുന്നതിനേക്കാള്‍ ഹെഡ് ഫോണൊക്കെ വച്ച്, തനിച്ച് കണ്ട് ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സിനിമ, ചെറുപ്പം മുതല്‍ ഒപ്പം കൂട്ടിയ സ്വപ്നം': ഉണ്ണിമായ പ്രസാദ് സംസാരിക്കുന്നു 2

കോവിഡ് കാലം തന്നെയാണ് സിനിമയിലും കാണിക്കുന്നത്? ഈ ഒരു കാലത്തിനായി തന്നെ ചെയ്ത പടമാണോ ഇത്?

അതേ. ഈ കാലത്ത് എന്തു ചെയ്യാം എന്ന് ചിന്തിച്ച് ഈ കാലത്തിനു വേണ്ടി ഒരുക്കിയ സിനിമയാണ്. അതുകൊണ്ട് കോവിഡിനെ മാറ്റി നിര്‍ത്താന്‍ സാധിക്കുമായിരുന്നില്ല. വളരെയധികം നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ കോവിഡിനെ മാറ്റി നിര്‍ത്താനാണ് പ്രയാസം. അതുകൊണ്ട് അതിനെ എങ്ങനെ യൂട്ടിലൈസ് ചെയ്യാം എന്നാണ് വളരെ ബ്രില്യന്റായി സ്‌ക്രിപ്റ്റ് റൈറ്ററും ഡയറക്ടറും ചിന്തിച്ചത്. സ്ക്രിപ്റ്റ്ലും മേക്കിങ്ങിലും അത് മികച്ച രീതിയില്‍ ഉപയോഗിച്ചു.

ഒരുപാട് സിനിമകളില്‍ സഹസംവിധായികയായി വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ? സ്വന്തമായി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉടനെ പ്രതീക്ഷിക്കാനാകുമോ?

ആ ഒരു കോണ്‍ഫിഡന്‍സിലേക്ക് ഇപ്പോള്‍ എത്തിയിട്ടില്ല. എന്തായാലും എപ്പോഴെങ്കിലും അത് സംഭവിക്കും. ഞാന്‍ ഒരു സ്ലോ ലേണറാണ്. പതുക്കെ ആ ലക്ഷ്യത്തിലേക്കെത്തണം.

ചെറുതാണെങ്കിലും കൂടിയും ശ്രദ്ധിക്കുന്ന കഥാപാത്രങ്ങളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ക്യാരക്ടര്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുണ്ടോ?

തീര്‍ച്ചയായും. ചെറുതാണെങ്കിലും ലേക്ക്‌ എന്തെങ്കിലും കോന്റ്രിബ്യൂട്ട്‌ ചെയ്യുന്ന റോളാണോ എന്ന് നോക്കിയാണ് തെരഞ്ഞെടുക്കാറുള്ളത്. അഞ്ചാം പാതിരായിലും ജോജിയിലുമാണ് സ്‌ക്രീന്‍ സ്പേസ് കൂടുതലുള്ള കഥാപാത്രം ചെയ്തിട്ടുള്ളത്. കുറച്ചു കൂടുതല്‍ ഡെപ്ത്തുള്ള കഥാപാത്രം ‘ബിന്‍സി’ തന്നെയാണ്. എന്നാല്‍  മഹേഷിന്റെ പ്രതികാരത്തിലെ സാറയും മായാനദിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പറവയിലെ ടീച്ചർ റോളുമൊക്കെ ആളുകള്‍ നോട്ടീസ് ചെയ്യുന്ന ക്യാരക്ടറുകളായിരുന്നു. എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.

അഞ്ചാം പാതിരയിലെ പോലീസ് കഥാപാത്രം ചെയ്യാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ?

എന്തു കഥാപാത്രം ചെയ്താലും അതെ കുറിച്ച് റിസര്‍ച്ച് ചെയ്യാറുണ്ട്. അഞ്ചാം പാതിരായില്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ വേണ്ടി പ്രത്യേകം ട്രെയ്ന്‍ ചെയ്തു. തൊണ്ടി മുതലും ദൃക്സാക്ഷിയിലും അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നത് കൊണ്ട് ഒരുപാട് പോലീസുകാരുമായി ഇടപഴകാന്‍ സാധിച്ചു. അത് ഈ കഥാപാത്രം ചെയ്യാന്‍ ഒരു പാട് സഹായിച്ചു. യഥാര്‍ത്ഥ പോലീസുകാര്‍ തന്നെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അഭിനയിച്ചത്. പോലീസുകാരുടെ ബോഡി ലാംഗ്വേജും മാനറിസങ്ങളുമൊക്കെ മനസിലാക്കാന്‍ ഇത് സഹായിച്ചു.

ആര്‍ക്കിടെക്റ്റ്, അഭിനേത്രി, പ്രൊഡ്യൂസര്‍, അസിസ്റ്റര്‍ ഡയറക്ടര്‍ നിരവധി റോളുകള്‍ വഹിക്കുന്നുണ്ടല്ലോ? എതാണ് കൂടുതല്‍ ഇഷ്ടം?

എല്ലാം ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നത്. സിനിമയോട് കുട്ടിക്കാലം മുതലേ ഇഷ്ടമുണ്ട്. തീയറ്റില്‍ പോയി സിനിമ കാണുക എന്നതായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടമുള്ള കാര്യം. കലയോടു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു കലോത്സവവും പോലും പങ്കെടുക്കാതെ കടന്നു പോയിട്ടില്ല. കൂടിയാട്ടത്തിന് രണ്ട് തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സിനിമയില്‍ എത്തുമോയെന്ന് അറിയില്ലായിരുന്നെങ്കിലും സിനിമയായിരുന്നു ഏറ്റവും കൂടുതല്‍ എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളത്. കോളജിലൊക്കെ എത്തിയപ്പോഴാണ് സിനിമയില്‍ എത്തണം എന്നൊക്കെ തോന്നിത്തുടങ്ങിയത്. 

ആര്‍ക്കിടെക്ചറും ഞാന്‍ വളരെ ഇഷ്ടപ്പെട്ടു തന്നെ തെരഞ്ഞെടുത്തതാണ്. അതും ഒരിക്കലും വിടില്ല. വീട് ഡിസൈന്‍ ചെയ്യുക എന്നുള്ളതു വളരെ സംതൃപ്ത്തി തരുന്നുണ്ട്‌. ഓരോ ആള്‍ക്കാരുടേയും സ്വപ്നമാണ് വീട്. ആ സ്വപ്നമാണ് അവര്‍ നമ്മളെ വിശ്വസിച്ച്‌  ഏല്‍പ്പിക്കുന്നത്. അതിനോട് നീതി പുലര്‍ത്തണമെങ്കില്‍ പണിയുണ്ട്. പ്രമോദ്‌ പാര്‍ത്ഥൻ പ്രിൻസിപ്പൽ ആർക്കിടെക്റ്റായിട്ടുള്ള സങ്കൽപ്‌ ആർക്കിടെക്റ്റ്സിൽ  അസോസിയേറ്റ് ചെയ്തിരിക്കുകയാണ്. 

ആദ്യ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ്?

അഞ്ചു സുന്ദരികളുടെ ഡയറക്ടര്‍ ഷൈജു ഖാലിദിനോട് എന്നെ അസിസ്റ്റന്റ് ഡയറക്ടറാക്കാമോ എന്ന് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. ചെറിയ പടമായതുകൊണ്ട് കുറച്ചു ദിവസമെ ഷൂട്ട് ഉണ്ടായിരുന്നുള്ളു. അതില്‍ ചേതനും അനിഘയുമായിരുന്നു ബാലതാരങ്ങള്‍. അവരെ ട്രെയിന്‍ ചെയ്യിക്കുന്നത് ദിലീഷ് പോത്തനായിരുന്നു. പോത്തന്റെ ട്രെയ്നിംഗ് സ്‌കില്‍ എന്നെ എക്സൈറ്റ് ചെയ്യിച്ചിരുന്നു. ഞാനും കുട്ടികളെ ട്രെയ്ന്‍ ചെയ്യിക്കാന്‍ ഒപ്പം കൂടി. അത് കണ്ടാണ് ഷൈജു ഖാലിദ് അതിലെ ടീച്ചറുടെ കഥാപാത്രം എനിക്ക് തരുന്നത്. അതിനു ശേഷം മഹേഷിന്റെ പ്രതികാരത്തിലാണ് അഭിനയിക്കുന്നത്. അതില്‍ ഞാന്‍ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. ബാക്കി കാസ്റ്റിംഗ് എല്ലാം ചെയ്തു, സാറയുടെ കാസ്റ്റിംഗ് പോത്തന്റെ നിർദേശ പ്രകാരം എനിക്കായി മാറ്റിവച്ചു. 

ഭാവിപദ്ധതികൾ എന്തൊക്കെയാണ്?

പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. നല്ല കഥാപാത്രങ്ങൾ, എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്ന റോളുകൾ വന്നാൽ സന്തോഷത്തോടെ ഏറ്റെടുക്കും.

# ഉണ്ണിമായ പ്രസാദ്
സിനിമ, ചെറുപ്പം മുതല്‍ ഒപ്പം കൂട്ടിയ സ്വപ്നം': ഉണ്ണിമായ പ്രസാദ് സംസാരിക്കുന്നു 3

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More