അടൂരിന്റെ ആദ്യ ചിത്രം സ്വയംവരമല്ല, അദ്ദേഹത്തിന്റെ കലാസംവിധായകന്‍ ശിവന്‍ വെളിപ്പെടുത്തുന്നു

മലയാള രാജ്യം എന്ന പത്രത്തിന്റെ ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്. അതിന് ശേഷം അനിമല്‍ ഹസ്ബന്ററി ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്തു. ഈ ജോലിയിലിരിക്കുമ്പോള്‍ കുളത്തൂര്‍ ഭാസ്‌കരന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനും ശിവനും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. കുളത്തൂരും അടൂരും മറ്റുള്ളവരും ചേര്‍ന്ന് ചിത്രലേഖ ഫിലിം സൊസൈറ്റിയ്ക്ക് രൂപം നല്‍കിയപ്പോള്‍ അതിലെ സജീവ പ്രവര്‍ത്തകനായിരുന്നു എന്‍ ശിവന്‍.

അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ ശിവന്‍ പലര്‍ക്കും അറിയപ്പെടാത്ത രഹസ്യമാണ്. നീലായുടെ (മെരിലാന്റിന്റെ) ആദ്യകാല ചിത്രങ്ങള്‍ക്കെല്ലാം (ലേഡി ഡോക്ടര്‍ വരെ) പരസ്യകല നിര്‍വഹിച്ചിട്ടുള്ളതും ശിവനാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനും ശിവനാണ്. കൊടിയേറ്റത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന അവാര്‍ഡും ശിവന് കിട്ടിയിട്ടുണ്ട്. ഈ സിനിമയുടെ പരസ്യകലയും ശിവനാണ് ചെയ്തത്.

എട്ടുവര്‍ഷമേ അദ്ദേഹം സര്‍ക്കാര്‍ ജോലി നോക്കിയുള്ളു. ജോലി ചെയ്യാതെ കാശ് വാങ്ങാന്‍ വയ്യാത്തതിനാലും ഉള്ള കഴിവുകള്‍ മുടിപ്പിച്ചു കളയാന്‍ വയ്യാത്തതിനാലുമാണ് ശിവന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത്. ചിത്രലേഖ സ്റ്റുഡിയോയുടെ ആരംഭകാലം മുതല്‍ ശിവന്‍ ഉണ്ടായിരുന്നു. ഛായാഗ്രഹണവും പരസ്യകലയും ശില്‍പനിര്‍മ്മാണവും അറിയുന്ന ശിവനുമായി രാജശേഖരന്‍ മുതുകുളം സംസാരിക്കുന്നു.

സിനിമയില്‍ കലാസംവിധാനമാണോ താങ്കള്‍ ആദ്യം ചെയ്ത ജോലി?

അല്ല. ഞാന്‍ മലയാള രാജ്യം പത്രത്തിന്റെ ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രാഫറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ചിത്രരചന പന്തളത്ത് ആര്‍ട്ടിസ്റ്റ് വല്യത്താനില്‍ നിന്നും ഫോട്ടോഗ്രഫി കായംകുളം ശ്രീകൃഷ്ണ സ്റ്റുഡിയോയില്‍ നിന്നും ശില്‍പ നിര്‍മ്മാണം മാവേലിക്കര രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും പഠിച്ചു. മലയാള രാജ്യത്തില്‍ നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറി.

അനിമല്‍ ഹസ്ബന്ററി ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലിക്ക് നോക്കി. അവിടെ ജോലിയിലിരിക്കുമ്പോള്‍ തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ഞാനും കുളത്തൂര്‍ ഭാസ്‌കരന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനും കൂടി ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. സിനിമയില്‍ ഞാന്‍ ആദ്യം വര്‍ക്ക് ചെയ്യുന്നത് മെരിലാന്റിന്റെ ചിത്രങ്ങളുടെ പരസ്യകലയാണ്. മെരിലാന്റിന്റെ ലേഡി ഡോക്ടര്‍ വരെ ഞാന്‍ പരസ്യകല ചെയ്തിട്ടുണ്ട്.



അടൂര്‍ ഗോപാലകൃഷ്ണനുമായി പരിചയം തുടങ്ങുന്നത് എങ്ങനെയാണ്?

അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ വൈകി വന്ന വെളിച്ചം എന്ന നാടകത്തിന്റെ കവര്‍ പേജ് ചെയ്യുന്നതിനുവേണ്ടി അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്‌കരന്‍നായരും കൂടി തിരുവനന്തപുരത്തെ ശിവന്‍ സ്റ്റുഡിയോയിലെ ശിവനെ പോയി കണ്ടു. ശിവനാണ് എന്നെ ഇരുവര്‍ക്കും പരിചയപ്പെടുത്തിയത്. അങ്ങനെ ശിവനെന്ന ഞാന്‍ അവരുടെ സ്വന്തമായി. വൈകി വന്ന വെളിച്ചത്തിന്റെ കവര്‍ പേജ് ഞാന്‍ വരച്ചു കൊടുത്തു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടു.

നാടകം അച്ചടിക്കുകയും ചെയ്തു. ഞങ്ങളുടെ സൗഹൃദം തുടര്‍ന്നു. ഭാരത് സേവക് സമാജത്തിന്റെ കൂടെ ചേര്‍ന്ന് വൈകി വന്ന നാടകം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. ഇതിനൊക്കെ മാസങ്ങള്‍ കാലതാമസമെടുത്തു. ആ സമയത്താണ് ഞങ്ങള്‍ ഒരു വീട്ടില്‍ താമസമാക്കുന്നത്. ഞങ്ങള്‍ താമസിച്ചിടത്ത് വച്ച് തന്നെയായിരുന്നു റിഹേഴ്‌സലും. കരമന ജനാര്‍ദ്ദനന്‍ നായര്‍, വീരരാഘവന്‍ നായര്‍, പി ഗംഗാധരന്‍ നായര്‍, ടൈറ്റാനിയം തമ്പി തുടങ്ങിയ നടന്മാരെ വച്ച് നാടകം അവതരിപ്പിച്ചു. അതിന് ശേഷമാണ്‌ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യത്തെ ബാച്ചില്‍ പഠിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പോകുന്നത്.

എട്ട് വര്‍ഷമേ ഞാന്‍ സര്‍ക്കാര്‍ ജോലി നോക്കിയുള്ളൂ. ജോലി ചെയ്യാതെ കാശ് വാങ്ങാന്‍ വയ്യാത്തതിനാലും ഉള്ള കഴിവ് മുരടിച്ച് പോകാതിരിക്കാനും വേണ്ടി ജോലി രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി. അടൂര്‍ ഗോപാലകൃഷ്ണന്‍ പൂനയില്‍ പോയതിന് ശേഷം ഞാനും കുളത്തൂരും മാത്രമായി വീട്ടില്‍.

അടൂരിന്റെ ആദ്യ ചിത്രം സ്വയംവരമല്ല, അദ്ദേഹത്തിന്റെ കലാസംവിധായകന്‍ ശിവന്‍ വെളിപ്പെടുത്തുന്നു 1
സ്വയംവരത്തില്‍ നിന്നൊരു ദൃശ്യം

പരസ്യമെഴുത്ത് കൊണ്ട് ഞാന്‍ കൂടുതല്‍ സാമ്പത്തികം ഉണ്ടാക്കി തുടങ്ങി. അടൂര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റാങ്ക് നേടി തിരിച്ചെത്തി. ഞാനും കുളത്തൂരും അടൂരും കൂടി പല ദിവസങ്ങള്‍ ആലോചിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതിന് ശേഷമാണ് ചിത്രലേഖ ഫിലിം സൊസൈറ്റി ഉണ്ടാകുന്നത്.

ശങ്കരമംഗലത്തെ ഒരു ഓഫീസിലാണ് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ തുടക്കം. ഫിലിം സൊസൈറ്റി തുടങ്ങിയതിന് ശേഷം ഒരു പുതിയ സിനിമ നിര്‍മ്മിക്കാന്‍ കുളത്തൂര്‍ ഭാസ്‌കരന്‍ നായരും അടൂര്‍ ഗോപാലകൃഷ്ണനും കൂടി ആലോചന തുടങ്ങി. ഇങ്ങനെയാണ് അടൂരിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സിനിമയിലേക്ക് കടക്കുകയും ചെയ്തത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രം മുതല്‍ കലാസംവിധാനം തുടങ്ങിയോ?

ഇല്ല. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രങ്ങളിലെല്ലാം എന്റെ പൂര്‍ണ സഹകരണം ഉണ്ടായിരുന്നു. ചിത്രലേഖയുടെ ഫിലിം നിര്‍മ്മാണത്തിനുള്ള എല്ലാ കാര്യത്തിലും കുളത്തൂര്‍ ഭാസ്‌കരന്‍ നായരുടെ കഴിവ് ഉണ്ടായിരുന്നു. അടൂര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പ്രതിസന്ധിയാണ്.

ശ്രീവരാഹം ബാലകൃഷ്ണനും അടൂരും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. അതുവരെ മെരിലാന്റിന്റെ ചില പടങ്ങളുടെ ചില ഭാഗങ്ങളുടെ ഷൂട്ടിങ് കണ്ടിട്ടുള്ള ഞാന്‍ ഷൂട്ടിങ് മുഴുവന്‍ കാണുന്നതും എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നതും പ്രതിസന്ധിക്കുവേണ്ടിയാണ്.

മധു, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, അടൂര്‍ ഭാസി, ബഹദൂര്‍, സുജാത, എസ് പി പിള്ള, വേണുക്കുട്ടന്‍ നായര്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

കണ്ണന്‍ നാരായണനായിരുന്നു ആ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കെ പി കുമാരനും രാജശേഖരനും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കലാസംവിധാനം ശക്തിധരന്‍, മെയ്ക്കപ്പ് കെ ജി രാമുവുമായിരുന്നു. സന്താന നിയന്ത്രണത്തിന്റെ സന്ദേശം മനുഷ്യരില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ എടുത്ത നല്ല സിനിമയായിരുന്നു അത്. കുടുംബാസൂത്രണത്തിനുവേണ്ടി എടുത്ത സിനിമയായത് കൊണ്ട് അത് ഡോക്യുമെന്ററിയായി. അടൂരിന്റെ ഈ ചിത്രത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നാണ് തോന്നുന്നത്.

അടൂരിന്റെ ആദ്യ ചിത്രം സ്വയംവരം ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം പ്രതിസന്ധിയാണ്. പ്രതിസന്ധി നല്ലൊരു സിനിമായിരുന്നു. വയലാര്‍ എഴുതി, ദേവരാജന്‍ ഈണം പകര്‍ന്ന രണ്ട് ഗാനങ്ങള്‍ പ്രതിസന്ധിയിലുണ്ടായിരുന്നു. യേശുദാസും മാധുരിയുമാണ് ആ ഗാനങ്ങള്‍ പാടിയിരുന്നത്.

35 എം എമ്മില്‍ എടുത്ത പ്രതിസന്ധി 16 എം എമ്മില്‍ ഫീല്‍ഡ് പബ്ലിസിറ്റി നാട്ടിന്‍ പുറങ്ങളില്‍ ജനങ്ങളുടെ ഇടയില്‍ കുടുംബാസൂത്രണത്തെ കുറച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സുജാതയെ നോക്കി സൈക്കിളിന്റെ ട്യൂബിലേക്ക് കാറ്റടിക്കുന്ന സീന്‍ ആരും മറക്കുകയില്ല.

മധുവിന്റേയും കവിയൂര്‍ പൊന്നമ്മയുടേയും അടൂര്‍ ഭാസിയുടേയും എസ് പി പിള്ളയുടേയും അഭിനയവും കണ്ടിട്ടുള്ളവരുടെ മനസ്സില്‍ നിന്നും മാറുകയില്ല. ഷൂട്ടിങ് മുഴുവന്‍ കാണാനും കലാസംവിധാനം എന്താണെന്ന് പഠിക്കുവാനും എന്നെ സഹായിച്ചത് പ്രതിസന്ധിയാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ചിത്രം മുതല്‍ താങ്കള്‍ കലാ സംവിധാനം ചെയ്ത് തുടങ്ങിയോ?

ഇല്ല. അടൂരിന്റെ അടുത്ത ചിത്രം കാമുകിയായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതുമില്ല. അതിനാല്‍ ആ ചിത്രം റിലീസ് ചെയ്തതുമില്ല. പിന്നീടുള്ള ചിത്രം സ്വയംവരം ആയിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങിന് എനിക്ക് പോകാന്‍ പറ്റിയില്ല. അതിന് കാരണം ചിത്രലേഖയുടെ ഷൂട്ടിങിന് വന്ന താരങ്ങളെ തിരിച്ച് കൊണ്ട് വിടാന്‍ പോയ, ഞാന്‍ ഓടിച്ചിരുന്ന വണ്ടി അപകടത്തില്‍പ്പെട്ടു. വണ്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് പോയ കേസ് എന്റെ പേരിലുള്ളതിനാല്‍ എനിക്ക് ഷൂട്ടിങിന് പോകാന്‍ പറ്റിയില്ല. യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കാതെ വണ്ടി പോസ്റ്റില്‍ ഇടിച്ച് നിര്‍ത്തിയ എന്നെ സഹായിക്കാന്‍ ആരുമില്ലായിരുന്നു.

കൊടിയേറ്റം സിനിമ മുതല്‍ ഞാന്‍ കലാസംവിധാനം ചെയ്ത് തുടങ്ങി. ചിത്രലേഖ ഫിലിം സ്റ്റുഡിയോയില്‍ കൊടിയേറ്റത്തിനുവേണ്ടി ഒരു വീട് പണിതു. കട്ടകെട്ടി. ഭിത്തിയിലും തറയിലും ചാണകം മെഴുകിയെടുത്തു. വീടിന്റെ മുന്നില്‍ ഒരു പഴയ കിണറും പണിതു. ഫിലിം ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന പി ആര്‍ എസ് നായര്‍ തുടങ്ങിയവര്‍ ഷൂട്ടിങ് കാണാന്‍ വന്നിരുന്നു. വീടും വീടിന് മുന്നിലെ കിണറും കണ്ട് അവര്‍ അന്തിച്ച് പോയി.

കിണറെന്ന് കരുതി അവര്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഭൂമിക്ക് മുകളിലുള്ള ഭാഗം മാത്രമേ കിണര്‍ പോലെ പണിതിട്ടുണ്ടായിരുന്നുള്ളൂ. അകത്ത് ഒന്നുമല്ലായിരുന്നു. അതിനുള്ളില്‍ ഒരു ചരുവത്തില്‍ വെള്ളം വച്ചായിരുന്നു വെള്ളം കോരുന്നത്. കൊടിയേറ്റത്തിലെ ഒരു ചായക്കടയും ഞാന്‍ പണിതിരുന്നു. ആ വര്‍ഷത്തെ കലാസംവിധായകനുള്ള അവാര്‍ഡ് എനിക്ക് കിട്ടി. കൊടിയേറ്റത്തിന്റെ പരസ്യകലയും ഞാനാണ് ചെയ്തത്.

എലിപ്പത്തായം എന്ന സിനിമയിലെ കലാസംവിധാനത്തിന് എന്തൊക്കെ ചെയ്തു

എലിപ്പത്തായം സിനിമയില്‍ പഴയ തറവാടുമെല്ലാം വേണമായിരുന്നു. അത്തരം തറവാടുകള്‍ കണ്ടുപിടിച്ചു. അവ അക്കാലത്തെ പെയിന്റിംഗിലായിരുന്നു. ആ പെയിന്റിംഗുകള്‍ മാറ്റി ആ വീടുകളില്‍ പഴയ വീടിന്റെ പെയിന്റിംഗ് ചെയ്തു. പഴയ തറവാടിന്റെ മേടയില്‍ നിന്ന് ജനലിലൂടെ നോക്കിയാല്‍ കാണും വിധം കുരുമുളക് പടര്‍ന്ന് കയറി കായ്ച്ച് കിടക്കുന്ന ഒരു അടയ്ക്കാ മരം വേണമായിരുന്നു. ഷൂട്ടിങ് നടക്കുന്ന വീടിന്റെ അടുത്തുള്ള ഒരു വീട്ടില്‍ പോയി ഒരു വലിയ അടയ്ക്കാമരം വാങ്ങിച്ചു. അതില്‍ കുരുമുളക് ഇല്ലായിരുന്നു. അവിടെന്ന് കുറച്ച് അകലെയുള്ള ഒരു മാവില്‍ നിറയെ കുരുമുളക് പിടിച്ച് കിടപ്പുണ്ടായിരുന്നു. ആ മാവ് വിലയ്ക്ക് വാങ്ങിയിട്ട് അതിലെ കുരുമുളക് വലിച്ചെടുത്ത് അടയ്ക്കാ മരത്തില്‍ പിടിപ്പിച്ച് നില്‍ക്കുംവിധം കെട്ടിവച്ചു.

അതിന് ശേഷം അടയ്ക്കാ മരം പഴയ കുടുംബത്തിന്റെ അടുത്ത് കുഴിച്ച് വച്ചു. പുരയ്ക്ക് അകത്ത് നിന്ന് നോക്കിയാല്‍ കായ്ച്ചു കിടക്കുന്ന കുരുമുളക് പടര്‍ന്ന് കയറിയ അടയ്ക്കാമരം കാണത്തക്ക വിധത്തിലാണ് വെച്ചത്. ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ കലാസംവിധായകന്‍ എന്ന നിലയില്‍ എന്നിലേക്ക് വന്നിട്ടുണ്ട്. സംവിധായകന്‍ ആഗ്രഹിക്കും വിധം ഷൂട്ടിങ് സ്ഥലം ഒരുക്കിക്കൊടുക്കേണ്ടത് കലാസംവിധായകനാണ്. ഞാന്‍ അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും പല കാര്യങ്ങളിലും പ്രയാസം അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്.

സെറ്റില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് കലാസംവിധായകനില്‍ എത്തും. അങ്ങനെ കുഴപ്പം ഉണ്ടാകാതെ നോക്കേണ്ടതും കലാസംവിധായകന്റെ ഉത്തരവാദിത്വമാണ്.

കലാസംവിധാനത്തിനിടയില്‍ സിനിമാട്ടോഗ്രാഫി പഠിച്ചത് എങ്ങനെയാണ്?

ഛായാഗ്രണകല വശത്താക്കുന്നതും ചിത്രലേഖയില്‍ നിന്നാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററികള്‍ക്കും കലാസംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പാസ് ഇന്‍ പെഴ്‌സ്‌പെക്ടീവ് എന്ന ഡോക്യുമെന്ററിയുടെ സമയത്താണ് സിനിമാട്ടോഗ്രാഫി പഠിക്കാന്‍ അവസരമുണ്ടായത്. ഛായഗ്രാഹകനായ മങ്കട രവിവര്‍മ്മയുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന മാര്‍ട്ടിന്‍ അലോഷ്യസിന് കുറച്ച് ദിവസത്തേക്ക് അവധി എടുക്കേണ്ടി വന്നു. അദ്ദേഹത്തിന് പകരം മങ്കട രവിവര്‍മ്മ സാറിനെ സഹായിക്കാന്‍ കലാസംവിധാനം ചെയ്യുന്ന എനിക്കാണ് അവസരമുണ്ടായത്. അങ്ങനെ വലിയൊരു ഗുരുനാഥനില്‍ നിന്ന് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.

പല ഫോട്ടോഗ്രാഫര്‍മാരുടേയും സഹായിയായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാമാങ്കം എന്ന നവോദയയുടെ ചിത്രത്തിന് മാര്‍ക്കസ് ബര്‍ട്ടിലിയുടെ സഹായിയായി ഞാന്‍ പോയി. സിനിമയുടെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ ബര്‍ട്ടിലിയും സംവിധായകനുമായി അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേ തുടര്‍ന്ന് സിനിമയുടെ പകുതിയിലേറെ ഭാഗം എന്നെക്കൊണ്ടാണ് ബര്‍ട്ടിലി ഷൂട്ട് ചെയ്യിച്ചത്. അതിന് ശേഷം പി വേണു സംവിധാനം ചെയ്ത അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഞാനാണ് ചെയ്തത്. പ്രേം നസീറും ജയനും ജോസ് പ്രകാശും ആലുംമൂടനും മാളയും ഗോവിന്ദന്‍ കുട്ടിയുമെല്ലാം ആ ചിത്രത്തിലുണ്ടായിരുന്നു. പോയ് മറഞ്ഞവരെയെല്ലാം വച്ച് ഒരു പടം ഷൂട്ട് ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങള്‍ക്കും താങ്കളാണോ കലാസംവിധായകന്‍?

അല്ല. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ എന്നീ ചിത്രങ്ങളുടേയും കുറച്ച് ഡോക്യുമെന്ററികളുടേയും കലാസംവിധായകന്‍ ഞാനായിരുന്നു. നിഴല്‍ക്കുത്ത് എടുത്തപ്പോള്‍ എന്റെ ഒരു അസൗകര്യം മൂലം എനിക്ക് ചെല്ലാന്‍ പറ്റുകയില്ലെന്ന് പറഞ്ഞു. അതിന് ശേഷം ഒരു സിനിമയ്ക്കും അദ്ദേഹം വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഏഴ് സിനിമികള്‍ക്ക് ഞാന്‍ കലാ സംവിധാനം ചെയ്തിട്ടുണ്ട്. ഓരോ ചിത്രത്തിന്റെ കലാസംവിധാനം കഴിയുമ്പോഴും പതിനായിരം രൂപ അദ്ദേഹം തരും. പതിനായിരം രൂപയ്ക്ക് മുകളിലോട്ട് കാശ് കണ്ടിട്ടില്ല.

കലാസംവിധായകനായിരുന്നെങ്കില്‍ കൂടുതല്‍ കാശ് കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ആര്‍ക്കും വേണ്ട. അങ്ങനെ കാശ് മേടിക്കാനറിയാവുന്ന കലാസംവിധായകനാണെങ്കില്‍ കാശ് ചോദിച്ചു വാങ്ങിക്കാം. പഴയ പല കലാസംവിധായകരും വീടും വസ്തും ഒന്നുമില്ലാത്ത നിലയില്‍ ജീവിക്കുന്നുണ്ട്. എനിക്ക് പിന്നെ ആ ഗതി വന്നില്ല.

നാഗവള്ളി ആര്‍ എസ് കുറുപ്പ് സംവിധാനം ചെയ്ത രണ്ട് ജന്മം എന്ന ചിത്രത്തിനുവേണ്ടിയും സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത അപരാഹ്നം എന്ന ചിത്രത്തിനും കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തകഴിയുടെ കയര്‍ എന്ന നോവല്‍ എം എസ് സത്യ ടിവി സീരിയല്‍ ആക്കിയപ്പോള്‍ അതിന്റെ കലാസംവിധാനവും ഞാന്‍ നിര്‍വഹിച്ചു. സിമന്റ് കൊണ്ട് കല്ലില്‍ കൊത്തിയത് പോലെയുള്ള വിളക്കുകളും ഞാന്‍ കയറില്‍ ചെയ്തിട്ടുണ്ട്.

മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ കലാസംവിധാനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണന് തീരെ ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടമായിരുന്നെങ്കില്‍ എനിക്ക് ഇതിലും കൂടുതല്‍ ചിത്രങ്ങള്‍ക്ക് കലാസംവിധാനം ചെയ്യാമായിരുന്നു.

കലാസംവിധാനം കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടുണ്ടോ?

അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തിന്റെ മതിലുകള്‍ കുഴപ്പമുണ്ടാക്കി. തടവറയുടെ ഒരു ഭാഗവും പടുകൂറ്റന്‍ മതിലുകളുടെ ഒരു ഭാഗവും ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് നിര്‍മ്മിച്ചത്. മതിലുകളുടെ മറുപശത്ത് പറങ്കിമാവാണ്. പറങ്കിമാവില്‍ കയറുകളും പട്ടികയും വച്ച് കെട്ടിയാണ് മതില്‍ വീഴാതെ സപ്പോര്‍ട്ട് ചെയ്തിരുന്നത്.

മുപ്പത് അടി പൊക്കമുള്ള വന്‍മതില്‍ വളരെ നീളത്തില്‍ ചെളിയും മറ്റും കൊണ്ട് കട്ടകെട്ടിയാണ് ഉണ്ടാക്കിയത്. ചാക്കില്‍ ചെളിയും മറ്റും ചേര്‍ത്ത് തേച്ചാണ് പഴയമതില്‍പോലെ ആക്കിയെടുത്തത്. അതിനോട് ചേര്‍ന്ന് പത്തിരുപതടി പൊക്കമുള്ള മതിലും. അതിനപ്പുറത്തുള്ള തടവറയുടെ മേല്‍ക്കൂരയും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. പ്രധാന ജയിലറ പോലെയാണ് ഇവിടേയും ജയിലറ പണിതിരുന്നത്. ജയിലറയുടേത് പോലെയുള്ള ഇരുമ്പ് വാതിലാണ് ഇവിടേയും പണിതത്. യഥാര്‍ത്ഥ ജയിലറയുമായി ഒരു വ്യത്യാസവും ഇല്ലായിരുന്നു.

പറങ്കിമാവിന്റെ ഒരു ഭാഗത്ത് വന്‍മതില്‍ വന്നത് കൊണ്ട് റോഡിന്റെ മറുവശത്തുള്ള ആള്‍ക്കാര്‍ മറുവശത്ത് കൂടി വന്ന് പറങ്കിമാവ് തീകത്തിക്കുവാന്‍ വെട്ടിക്കൊണ്ട് പോയിത്തുടങ്ങി. ഞങ്ങള്‍ എല്ലാവരും കൂടി മതിലിന് ചുവട്ടില്‍ വര്‍ത്തമാനം പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ മതില്‍ ഇടിഞ്ഞ് ഞങ്ങളുടെ മുകളിലേക്ക് വന്നു. ഞങ്ങള്‍ എഴുന്നേറ്റോടി. മതില്‍ വീഴാതിരിക്കാന്‍ വച്ചിരുന്ന സപ്പോര്‍ട്ട് വിറക് വെട്ടുകാര്‍ വെട്ടിമാറ്റിയത് കൊണ്ടാണ് മതില്‍ തകര്‍ന്ന് വീണത്. ഭാഗ്യം കൊണ്ട് മതിലിന് ചുവട്ടിലിരുന്നവര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.

ഇനി കഥാപുരുഷന്‍ എന്ന ചിത്രത്തിന്റെ കലാസംവിധാന വേളയില്‍ ജീവന്‍ നഷ്ടപ്പെടാതെപോയ സംഭവം കൂടി പറയാം. ഈ സിനിമയില്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച കഥാപാത്രം മരിക്കുമ്പോള്‍ അവരെ ചുവന്ന പട്ട് പുതപ്പിച്ച് ദഹിപ്പിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി മാവ് വെട്ടിക്കീറി ചിതയുണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ മഴ പെയ്തു. ടാര്‍പ്പാളിന്‍ ഇട്ട് മൂടിയിട്ട് പിറ്റേദിസവം മഴയില്ലാത്ത സമയത്താണ് ചിത ഒരുക്കിയത്. ചിതയിലെ തടിക്കഷണങ്ങള്‍ക്കിടില്‍ അവരെ പുതപ്പിച്ചിരുന്ന ചുവപ്പ് തുണി കയറ്റണമായിരുന്നു. തുണി മുറിച്ച് ഞാന്‍ ചിതയ്ക്കുള്ളിലേക്ക് കുത്തിക്കയറ്റിക്കൊണ്ടിരുന്നു. പെട്ടെന്ന് മങ്കട രവി വര്‍മ്മ സര്‍ എന്നോട് പറഞ്ഞു, ശിവാ നിര്‍ത്ത് എന്നിട്ട് ഇവിടേക്ക് വാ. ഞാന്‍ സാറിന്റെ അടുത്തെത്തി. ക്യാമറയിലൂടെ ചിത ഒരുക്കുന്നിടത്തേക്ക് നോക്കാന്‍ എന്നോട് സര്‍ പറഞ്ഞു. ഞാന്‍ നോക്കി. ഞാന്‍ തുണി തിരുകി കയറ്റുന്നിടത്ത് ഒരു മൂര്‍ഖന്‍ പാമ്പിന്റെ തല. ഞാന്‍ ഞെട്ടിപ്പോയി. രവി വര്‍മ്മ സര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ എന്നെ മൂര്‍ഖന്‍ കടിയ്ക്കുമായിരുന്നു. ഛായാഗ്രഹണത്തിലുള്ള സാറിന്റെ കഴിവ് കൊണ്ടാണ് ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

അടൂരിന്റെ ആദ്യ ചിത്രം സ്വയംവരമല്ല, അദ്ദേഹത്തിന്റെ കലാസംവിധായകന്‍ ശിവന്‍ വെളിപ്പെടുത്തുന്നു 2

രസകരമായ സംഭവങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ?

വിധേയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ഒരു സംഭവം പറയാം. കര്‍ണാടകയിലായിരുന്നു ഷൂട്ടിംഗ്. അവിടെ കള്ള് ഷാപ്പിന്റെ സെറ്റ് ഞാനിടുകയായിരുന്നു. അവിടെ കള്ള് ഷാപ്പിന് ബോര്‍ഡ് വയ്ക്കാറില്ല. ഷാപ്പിന് മുന്നിലെ വാരിയില്‍ കള്ള് നിറച്ച് രണ്ട് കുപ്പികള്‍ കെട്ടിത്തൂക്കും. അകത്ത് ആള്‍ക്കാര്‍ക്ക് ഇരിക്കത്തക്കവിധം ഡസ്‌കും ബഞ്ചും ഇട്ടതാണ്. മദ്യപാനികള്‍ വരുന്നതും മദ്യപിക്കുന്നതുമായ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ആ സെറ്റ് ഒരുക്കിയത്. ആര് കണ്ടാലും യഥാര്‍ത്ഥ ഷാപ്പ് പോലെ തോന്നുമായിരുന്നു.

ഷാപ്പിന്റെ ആ ഭാഗത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാനും ഒരു അസിസ്റ്റന്റും കൂടി അവിടെയിരുന്ന് വര്‍ത്തമാനം പറയുകയായിരുന്നു. ഒരാള്‍ ഷാപ്പിനുള്ളിലേക്ക് കയറിവന്നു. എവിടെ നിന്നോ കുടിച്ച് ലവലില്ലാതെയാണ് ഞങ്ങളുടെ ഷാപ്പിന്റെ സെറ്റിലേക്ക് അയാള്‍ എത്തിയത്. അയാള്‍ വന്ന് കള്ള് ചോദിച്ച് തുടങ്ങി. കന്നഡയിലാണ് അയാള്‍ സംസാരിക്കുന്നത്. കാര്യം പറയേണ്ട രീതിയിലെല്ലാം ഞാന്‍ പറഞ്ഞ് നോക്കി.

കള്ള് കുടിക്കാതെ പോവുകയില്ല എന്ന രീതിയില്‍ അയാള്‍ അവിടെ നിന്നു. ഇവിടെ കള്ള് കെട്ടിത്തൂക്കിയിട്ടുണ്ടല്ലോ പിന്നെ എന്താണ് എനിക്ക് ഒരു കുപ്പി തരാത്തത് എന്നാണ് അയാള്‍ ചോദിക്കുന്നത്. ഞങ്ങള്‍ കുപ്പിക്കുള്ളില്‍ കളര്‍ കലക്കി കെട്ടിത്തൂക്കിയിരിക്കുകയാണ് എന്ന് പറഞ്ഞിട്ട് അയാള്‍ക്ക് മനസ്സിലാകുന്നില്ല. കള്ള് വേണമെന്ന് പറഞ്ഞ് അയാള്‍ എന്നെ കെട്ടിപ്പിടിച്ചു. പിന്നെ ഒരു മാര്‍ഗമേയുണ്ടായിരുന്നുള്ളൂ. ഞാന്‍ പുറത്തേക്ക് നോക്കി. റോഡ് ശൂന്യമാണ്. വലത് കൈ കൊണ്ട് അയാളുടെ ചെകിട്ടത്ത് ഒരടിവച്ച് കൊടുത്തു. അയാള്‍ കരണം പൊത്തിക്കൊണ്ട് താഴെയിരുന്നു. എന്നിട്ട് എഴുന്നേറ്റ് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

മറ്റൊരു സംഭവം. അനന്തരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഉണ്ടായ സംഭവമാണ്. ആ സിനിമയിലേക്ക് മോറിസ്-8 എന്ന ഒരു പഴയ കാര്‍ വേണമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഇത് പറഞ്ഞതിനുശേഷം ഞാന്‍ കോട്ടയത്ത് പല വീടുകളില്‍ കയറി ഇറങ്ങി. ഒടുവില്‍ ഒരു വീട്ടില്‍ നിന്ന് മോറിസ്-8 കണ്ടുപിടിച്ചു. കാറിന്റെ ഉടമസ്ഥന്‍ കാര്‍ നന്നായി പണിത് നല്ല പെയിന്റ് അടിച്ച് പോളിഷ് ചെയ്ത് പുതിയ കാര്‍ ആക്കി പോര്‍ച്ചില്‍ ഇട്ടിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തോട് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ഷൂട്ടിംഗിനെപ്പറ്റി പറഞ്ഞു. മോറിസ്-8 എന്ന വണ്ടി ഷൂട്ടിംഗ് നടക്കുന്ന വീട്ടിലെ കാര്‍ഷെഡില്‍ ഒന്ന് ഇടുവാന്‍ വേണ്ടി കിട്ടിയാല്‍ കൊള്ളാമെന്ന് പറഞ്ഞു.

വണ്ടി എന്ന്‌ തിരിച്ച് തരുമെന്ന് അദ്ദേഹം ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ച് തരുമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഞാന്‍ കാറുമെടുത്ത് ഷൂട്ടിംഗ് സ്ഥലത്ത് എത്തി. വണ്ടി ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ വണ്ടി പഴയ വണ്ടി പോലെ ആക്കണമെന്ന് അടൂര്‍ പറഞ്ഞു. ഞാന്‍ വണ്ടിക്കുള്ളിലെ സീറ്റുകള്‍ എല്ലാം അഴിച്ചു മാറ്റി. വണ്ടിയില്‍ ചെങ്കല്ല് പൊടി അടിച്ചു. ഡോറുകള്‍ അഴിച്ച് മാറ്റി തുരുമ്പ് പിടിച്ച കളര്‍ അടിച്ച് വണ്ടിയില്‍ കെട്ടിവച്ചു. പഴയ കീറിയ സീറ്റുകള്‍ അകത്ത് വച്ചു. അകത്തും ചെങ്കല്‍ പൊടി വിതറി ചിലഭാഗങ്ങളില്‍ ചിലന്തി വലയും ഫിറ്റ് ചെയ്തു. ഒരു പഴകിയ വണ്ടി കിടക്കുന്നത് പോലെയാക്കി.

ഈ പഴകിയ വണ്ടി ഒരു ട്രാക്ടര്‍ വന്ന് വലിച്ച് മാറ്റുന്ന രംഗം ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ വണ്ടിയുടെ ഉടമസ്ഥന്‍ ഷൂട്ടിംഗ് കാണാനെത്തി. വണ്ടിയുടെ നമ്പര്‍ കണ്ട് അയാള്‍ ഞെട്ടി. അയാള്‍ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി. എനിക്ക് ഇനി ഈ വണ്ടി വേണ്ട എന്ന് പറഞ്ഞ് അയാള്‍ അവിടെ നിന്ന് ഇറങ്ങി നടന്നു.

രണ്ട് ദിവസം കഴിഞ്ഞ് വണ്ടിയിലെ പൊടിയെല്ലാം തുടച്ച് സീറ്റുകളും ഡോറുകളും ഫിറ്റ് ചെയ്ത് കളറുമടിച്ച് നന്നായി പോളിഷ് ചെയ്ത് വണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട് ചെന്നു. വണ്ടി കണ്ട് അയാള്‍ വീണ്ടും ഞെട്ടി. താങ്കളുടെ കഴിവ് ഞാന്‍ സമ്മതിച്ചുവെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. കലാസംവിധാനത്തിലെ ഇത്തരം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഇനിയും കലാസംവിധാനം ചെയ്യാന്‍ റെഡിയാണ്. രാവിലെ മുതല്‍ വൈകുന്നത് വരെയേ പറ്റൂ. ദിവസവും വീട്ടില്‍ നിന്ന് പോകും, ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടില്‍ വിടണം. ഇങ്ങനെ ആര് തയ്യാറായാലും ഞാന്‍ ഷൂട്ടിംഗിന് ചെല്ലാം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More