ഒടുവിലത്തെ കൂട്ട്

ഗള്‍ഫില്‍ വച്ച് മരിക്കുന്നവരുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ രാവും പകലും ഇല്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ് അഷ്‌റഫ് താമരശ്ശേരി. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ നമ്മള്‍ തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങി-ഒടുവിലത്തെ കൂട്ട്. അഷ്‌റഫ് താമരശ്ശേരി അഭിമുഖത്തോട് മനസ്സ് തുറന്നപ്പോള്‍.

ഒടുവിലത്തെ കൂട്ട്- എന്തുകൊണ്ടാണ് ആത്മകഥക്ക് അങ്ങനെ ഒരു പേര് നല്‍കിയത്?

നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ അപ്പോള്‍ തന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ അറിയിക്കും. അവരും നാട്ടുകാരും ഒക്കെ ചേര്‍ന്ന് പരേതന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കും അല്ലേ. അതിനായി ഓടി നടക്കാനും കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഒരുപാട് പേരുണ്ടാവും. ഗള്‍ഫില്‍ വെച്ച് ഒരാള്‍ മരിച്ചാല്‍ ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും നാട്ടിലേക്ക് അയക്കാനാവുക. മരണസമയം മുതല്‍ വിമാനത്തില്‍ ഉറ്റവരുടെ അടുത്തെത്തുന്നത് വരെ ഒരു മൃതദേഹവും അനാഥമായിരിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ക്ക് എല്ലാ ബഹുമാനവും നല്‍കി അന്ത്യയാത്ര ഒരുക്കുന്നതിന് ആരുമില്ലെങ്കിലും ഞാനുണ്ടാകും. അങ്ങനെ ചിന്തിച്ചപ്പോഴാണ് ഈ പേരു വന്നത്. പുസ്തകം എഴുതിയ പ്രജേഷ് സെന്‍ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ എനിക്കും പ്രസാധകന്‍ ലിപി അക്ബറിക്കയ്ക്കക്കും അതിഷ്ടപ്പെട്ടു.

ഒടുവിലത്തെ കൂട്ട് 1

താങ്കള്‍ പ്രശസ്തനായിക്കഴിഞ്ഞല്ലോ. ഇതുവരെ നാല് പുസ്തകങ്ങള്‍ താങ്കളെക്കുറിച്ച് വരികയും ചെയ്തിട്ടുണ്ട്. ആത്മകഥ എന്നതിലേക്ക് എത്തിയത്?

ഞാന്‍ എന്റെ കര്‍ത്തവ്യം ചെയ്യുന്നു. അതില്‍ പ്രശസ്തി എന്നത് ഒരു ഘടകമേ അല്ല. എന്നെ അറിയുന്ന പലരും എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. ജീവചരിത്രമായും
നോവലായും സംഭാഷണമായും ഒക്കെ അത് പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായി ചിലത് പറയാനുണ്ടാകില്ലേ. പ്രത്യേകിച്ച് കൊവിഡ് കാലത്തൊക്കെ പ്രവാസികള്‍ വലിയ വിഷമം ആണ് അനുഭവിച്ചത്.

ഏതാണ്ട് മുപ്പത്തിഎട്ടോളം രാജ്യങ്ങളില്‍ മൃതദേഹവുമായി പോകേണ്ടി വന്നിട്ടുണ്ട്. പല ഭാഷകള്‍ പല മനുഷ്യര്‍ പല ഓര്‍മകള്‍. അതില്‍ ചിലത് ചേര്‍ത്തു വച്ചതാണ് ഈ പുസ്തകം. അത്തരം കഥകള്‍ പറയുന്ന കൂട്ടത്തിലാണ് ലിപി പബ്ലിഷേഴ്‌സിന്റെ ഉടമ അക്ബര്‍ ആത്മകഥയാക്കുന്നതിനെക്കുറിച്ച് പറയുന്നത്. സിനിമാ സംവിധായകനും എഴുത്തുകാരനുമൊക്കെയായ ജി.പ്രജേഷ് സെന്‍ എഴുതാമെന്ന് സമ്മതിച്ചെന്നും അറിയിച്ചപ്പോള്‍ അത് അംഗീകരിച്ച് മുന്നോട്ട് പോയി. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭംഗിയുള്ള ഭാഷയില്‍ പ്രജേഷ് എഴുതിയിട്ടുണ്ട്. ഷാര്‍ജ ഫെസ്റ്റില്‍ നിന്നും പുസ്തകം വാങ്ങി വായിച്ച പലരും വിളിച്ചു. മനസ്സില്‍ തട്ടുന്ന അനുഭവങ്ങളാണെന്ന് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഗള്‍ഫില്‍ നിന്നും ഒരു മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ വിഷമം ഉള്ള കാര്യമാണോ?

അതായത് കൃത്യമായ രേഖ ഉണ്ടെങ്കിലല്ലേ നമുക്ക് ഒരു രാജ്യത്ത് പോകാന്‍ പറ്റുകയുള്ളൂ. തിരിച്ച് പോരാനും. അത് പോലെത്തന്നെയാണ് ഇതും. കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസിന്റേയും എംബസിയുടേയും ഒക്കെ രേഖാമൂലമുള്ള അനുമതികളും ക്ലിയറന്‍സും ഒക്കെ വേണം. അസ്വാഭാവിക മരണം ആണെങ്കില്‍ അതിലും വ്യക്തത വരുത്തണം. മൃതദേഹം എംബാം ചെയ്യണം. വിമാനത്തിലെ കാര്‍ഗോയിലെ സ്ഥലസൗകര്യം പരിശോധിച്ച് യാത്ര ഉറപ്പ് വരുത്തണ. കൂടെ പോകുന്ന ആള്‍ക്ക് ടിക്കറ്റ് വേണം. അങ്ങനെ ഇതെല്ലാം സമയബന്ധിതമായ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കും.

പലര്‍ക്കും ഇതൊന്നും അറിയില്ല. അറിയുന്നവര്‍ ചുരുക്കമാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വിഷമത്തില്‍ നില്‍ക്കുമ്പോള്‍ പലര്‍ക്കും ഇതൊന്നും കൃത്യമായി
പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും വരില്ല. ചിലര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ആരും ഉണ്ടാവില്ല. അതുകൊണ്ടാണ് ഞാന്‍ അതേറ്റെടുത്ത് ചെയ്യുന്നത്.

സ്വന്തം മണ്ണില്‍ അന്തിയുറങ്ങണമെന്ന ഒരാളുടെയും ആഗ്രഹം സാധിക്കാതെ പോകരുത്. അതുപോലെ അവരെ അവസാനമായി ഒരു നോക്കു കാണാന്‍
കാത്തിരിക്കുന്നവരുടെ കണ്ണീര് കാണാതെ പോകരുത്. അത് എനിക്ക് നിര്‍ബന്ധമുണ്ട്. കഴിയുന്നത്ര അത് സാധ്യമാക്കാന്‍ ശ്രമിക്കുന്നു.

താങ്കള്‍ എന്തുകൊണ്ടാണ് ഈ ജോലിക്ക് പണം വാങ്ങാത്തത്?

ജോലി എന്ന പ്രയോഗം തന്നെ തെറ്റാണ്. ഒരു രൂപ പോലും ഞാന്‍ പ്രതിഫലം പറ്റാറില്ല. സമ്മാനങ്ങള്‍ സ്വീകരിക്കാറില്ല. ഭക്ഷണം പോലും വാങ്ങിക്കഴിക്കാറില്ല.
അത്തരത്തില്‍ എന്തെങ്കിലും പ്രതിഫലം പറ്റിയാല്‍ അത് ജോലിയായി മാറും. ഞാന്‍ ഈ പ്രവൃത്തിയെ അങ്ങനെ കാണുന്നില്ല. ഇതെന്റെ നിയോഗമാണെന്നാണ്
എന്റെ വിശ്വാസം. എനിക്ക് ആവതുള്ള കാലം ഇതുപോലെ തന്നെ തുടരും. പലരും പണമുണ്ടാക്കാനാണ് ജീവിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ ഞാന്‍ അങ്ങനെയല്ല. ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനപ്പുറം പണം കൈവശം വേണ്ടതില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. അത്തരത്തില്‍ പണം ഉണ്ടെങ്കില്‍ അത് ആവശ്യക്കാരനെ സഹായിക്കാനായി ഉപയോഗിക്കുകയാണ് വേണ്ടത്.

എങ്കിലും സഹായത്തിന് പകരമായി എന്തെങ്കിലും ഒക്കെ തരിക എന്നത് ഒരു നാട്ടുനടപ്പല്ലേ? അങ്ങനെ ആളുകള്‍ ചെയ്യാറില്ലേ?

ഉണ്ട് പലരും അത്തരത്തില്‍ സമ്മാനങ്ങള്‍ തരാന്‍ ശ്രമിക്കും. ചിലര്‍ പണമായി തന്നെ. പക്ഷേ ഞാന്‍ വാങ്ങാറില്ല. അത് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും. ചിലര്‍ പിന്നീട് ഭക്ഷണം കഴിക്കാനോ സത്കാരത്തിനോ ഒക്കെ വിളിക്കും. പക്ഷേ ഞാന്‍ പോകാറില്ല എന്നതാണ് വാസ്തവം. വീട്ടില്‍ നിന്നിറങ്ങിയാല്‍ കഴിയുന്നതും വീട്ടില്‍ എത്തിയിട്ടേ കഴിക്കാറുള്ളൂ. അതുകൊണ്ട് തിരക്കിനിടയില്‍ പലപ്പോഴും പട്ടിണിയാവും.

എങ്ങനെയാണ് ഇത്തരം ഒരു പ്രവൃത്തി തുടങ്ങാം എന്ന് തീരുമാനിച്ചത്? അല്ലെങ്കില്‍ എന്തായിരുന്നു തുടക്കം?

അങ്ങനെ മനപൂര്‍വം നാളെ മുതല്‍ തുടങ്ങാം എന്ന് കരുതി തുടങ്ങിയതൊന്നുമല്ല. എല്ലാം ആകസ്മികമായി സംഭവിച്ചതാണ്. ഒരു നിയോഗം പോലെ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഏതാണ്ട് 20 വര്‍ഷം മുന്നേ ഒരു സുഹൃത്തിനെക്കാണാന്‍ ഷാര്‍ജയിലെ ആശുപത്രിയില്‍ പോയതാണ്. രണ്ട് മലയാളികളായ ചെറുപ്പക്കാര്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് കണ്ടു. അവരുടെ അച്ഛന്‍ മരിച്ചതാണ്. നാട്ടിലേക്ക് ശരീരം കൊണ്ടുപോകാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. കഴിയുന്നത് പോലെ അന്വേഷിച്ചും പലരോടും ചോദിച്ചറിഞ്ഞും ഞാന്‍ സഹായിച്ചു.

അന്നാണ് ഒരു മൃതദേഹം നാട്ടിലേയക്കാന്‍ എന്ത് ചെയ്യണമെന്ന് എനിക്കും മനസ്സിലാവുന്നത്. അങ്ങനെ എത്രപേര്‍ ഇത്തരത്തില്‍ കഷ്ടപ്പെടുന്നുണ്ടാവും എന്ന്
ഞാന്‍ ആലോചിച്ചു. പിന്നെപ്പിന്നെ ഏത് മരണം കേട്ടാലും ഞാന്‍ അറിഞ്ഞുചെന്ന് സഹായിക്കും. ഒടുവില്‍ എല്ലാ ദിവസവും എന്നത് പോലെയായി. പലരും അറിഞ്ഞും കേട്ടും വിളിക്കാന്‍ തുടങ്ങി. അങ്ങനെ അതെന്റെ ജീവിത ചര്യയായി മാറി.

ഒടുവിലത്തെ കൂട്ട് 2

എപ്പോഴെങ്കിലും മടുപ്പ് തോന്നിയിട്ടുണ്ടോ? കാരണം മരണം എന്ന വാക്കിനോട് പോലും ആളുകള്‍ക്ക് അകലം പാലിക്കാനാണ് ആളുകള്‍ക്ക് ഇഷ്ടം. അപ്പോഴാണ് ദിവസവും മൃതദേഹങ്ങള്‍ക്കൊപ്പം താങ്കള്‍?

ശരിയാണ്. മരണത്തെ എല്ലാവര്‍ക്കും പേടിയാണ്. പക്ഷേ ജനിച്ചാല്‍ ഒരാള്‍ക്ക് മരണം സംഭവിക്കും. അത് ഒരു മഹാസത്യമാണ്. പേടിച്ചിട്ടെന്താണ്. ജീവിച്ചിരിക്കുന്ന കാലയളവില്‍ നമ്മള്‍ എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. അന്യനെ സഹായിച്ചും മനസ്സമാധാനം കിട്ടുന്ന പ്രവൃത്തികള്‍ ചെയ്തും ജീവിക്കുക. അതല്ലേ വേണ്ടത്.

എത്ര വലിയവനായാലും പണക്കാരനായാലും പാവപ്പെട്ടവനായാലും ഒക്കെ അന്ത്യയാത്ര ഒരു പോലെയല്ലേ. എല്ലാ ദിവസവും രാത്രി, നാളെ മരണവാര്‍ത്തയുണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ച് തന്നെയാണ് ഉറങ്ങാറുള്ളത്. പക്ഷേ മിക്ക ദിവസങ്ങളിലും അത്തരം ഒരു ഫോണ്‍കോള്‍ തന്നെയാവും വിളിച്ചുണര്‍ത്തുക. ആദ്യമാദ്യം വലിയ വിഷമം തോന്നുമായിരുന്നു. പ്രത്യേകിച്ച് ചെറുപ്പകാരുടെയൊക്കെ അകാല വിയോഗം കാണുമ്പോള്‍. അവരുടെ കുഞ്ഞുമക്കളുടെ മുഖം കാണുമ്പോള്‍ ഒക്കെ.
ചിലപ്പോള്‍ മൃതദേഹത്തോടൊപ്പം ഞാന്‍ തന്നെ പോവേണ്ടി വരാറുണ്ട്. മരണവീട്ടിലെ ഉറ്റവരുടെ കരച്ചിലിനോളം വേദന മറ്റൊന്നിനുമില്ല. അത്തരം യാത്രകള്‍ ഒക്കെയും വേദനാജനകം തന്നെയായിരുന്നു. പല രാത്രികളിലും ഉറങ്ങാന്‍ പറ്റിയിരുന്നില്ല. പിന്നെ ഒരു നിര്‍വികാരതയായി അത് മാറി. പരേതനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്നവരെ ഓര്‍ക്കുമ്പോള്‍ മറ്റെല്ലാം മറന്ന്, എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഓടും .മടുപ്പ് എന്ന വാക്ക് തന്നെ അവിടെയില്ല.

എങ്കിലും താങ്കളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരു സംഭവം എന്താണ്?

ഓരോ മരണവും വേദന തന്നെയാണ്. ഓരോരുത്തരുടെയും ജീവിതവും അനുഭവവും ഒക്കെ വ്യത്യസ്തമാണ്. അമ്മയോ അച്ഛനോ ഒക്കെ മരിച്ച്, ഒന്നുമറിയാതെ എംബാമിങ് സെന്ററിന് മുന്നില്‍ കളിച്ചുനില്‍ക്കുന്ന കുഞ്ഞുമക്കളെയൊക്കെ കാണുമ്പോള്‍ ചങ്ക് പിടയ്ക്കും. അവരില്‍ പലരുടെയും മുഖം മനസ്സില്‍ നിന്നും പോവാറേ ഇല്ല. ചിലപ്പോഴൊക്കെ മൃതദേഹവുമായി നാട്ടില്‍ പോകുമ്പോള്‍ ആണ് പലരുടെയും അവസ്ഥ നേരിട്ടറിയുന്നത്. ആറേഴുപേരൊക്കെയുള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ആളുടെ മൃതദേഹം കൊണ്ടാവും നമ്മള്‍ പോകുന്നത്. അത്തരം അവസ്ഥകളൊക്കെ നേരിട്ട് കാണുമ്പോള്‍ വലിയ വിഷമം ആകും.

പക്ഷേ എന്നെ മാത്രമല്ല പ്രവാസികളെയാകെ വേദനിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്. എയര്‍ഇന്ത്യയിലെ കാര്‍ഗോയില്‍ കയറ്റി വിടും മുമ്പ്,മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം തൂക്കി നോക്കി പണം ഈടാക്കുന്ന ഏര്‍പ്പാട്. എന്തൊരു വേദനയും അനാദരവും ആണത് അല്ലേ. മരിച്ച ശേഷം ചരക്ക് സാധനം പോലെ തൂക്കി നോക്കുന്നത്. മറ്റൊരു രാജ്യക്കാരനും അത് നേരിടേണ്ടി വരില്ല. പ്രവാസി സംഘടനകളൊക്കെ വലിയ പോരാട്ടം അതിന് വേണ്ടി നടത്തി. സുഷമ സ്വരാജ് വിദേശമന്ത്രിയായിരുന്ന സമയത്ത് പല തവണ അവരെ നേരില്‍ കാണാന്‍ എനിക്ക് അവസരം ഉണ്ടായി. അപ്പോഴൊക്കെയും ഇക്കാര്യം പറഞ്ഞിരുന്നു. ഒടുക്കം അവര്‍ ഇടപെട്ടാണ് മൃതദേഹം തൂക്കി നോക്കുന്നത് നിര്‍ത്തി തുക ഏകീകരിച്ചത്.

എങ്ങനെയാണ് പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്?

1993-ല്‍ ആണ് ഞാന്‍ സൗദിയില്‍ എത്തുന്നത്. അക്കാലത്ത് വീട്ടില്‍ കഷ്ടപ്പാട് ഉള്ള ഏതൊരു ചെറുപ്പക്കാരന്റേയും മോഹിപ്പിക്കുന്ന സ്വപ്നമാണല്ലോ ഗള്‍ഫ് ജോലി. അളിയന്റെ സഹായത്തില്‍ ഞാനും കടല്‍ കടന്നു. പക്ഷേ പിടിച്ചു നില്‍ക്കാന്‍ ഏറെ പാടുപെട്ടു. ഒടുക്കം നാട്ടിലേക്ക് മടങ്ങി. പിന്നെ വീണ്ടും 1999. യുഎഇയില്‍ എത്തി. അന്നുമുതല്‍ ഇവിടെയാണ്.

ജോലി, കുടുംബം?

പ്രവാസത്തിന്റെ തുടക്കത്തില്‍ പല ജോലികളും ചെയ്തു. ഡ്രൈവറായി. പിന്നെ സുഹൃത്തിനൊപ്പം ബിസിനസ് തുടങ്ങി. ഒടുവില്‍ അളിയനും ചേട്ടനും ചേര്‍ന്ന് ഒരു സ്ഥാപനം നടത്തുന്നു അതില്‍ പങ്കിളിയാണ്. യഥാര്‍ത്ഥത്തില്‍ അതിന്റെ കാര്യങ്ങളൊന്നും എനിക്ക് നോക്കാന്‍ സമയം കിട്ടാറില്ല. പല ദിവസവും അവിടെ പോകാറുമില്ല. എന്റെ പങ്കില്‍ നിന്നും ഒരു വിഹിതം അവര്‍ എല്ലാ മാസവും തരും. ജീവിക്കാന്‍ അതുമതി. ഭാര്യയും മൂന്ന് മക്കളുമുണ്ട്. അവരുടെ കാര്യങ്ങളൊക്കെയും നടന്നുപോകുന്നുണ്ട്. അല്ലാതെ വലിയ ചിന്തകളോ ചെലവുകളോ ഒന്നും ആഗ്രഹിക്കാറേ ഇല്ല.

കുടുംബത്തിന്റെ പിന്തുണ എത്രത്തോളമുണ്ട്?

എന്റെ സഹോദരങ്ങള്‍ക്കൊക്കെ വലിയ സ്‌നേഹമാണ് ഞാന്‍ ചെയ്യുന്ന പ്രവൃത്തിയില്‍. ഒരു പുണ്യമായി അവരെല്ലാം കാണുന്നു. ഭാര്യ സുഹറയ്ക്ക് ആദ്യ കാലത്ത് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലായിരുന്നില്ല. ഒടുവില്‍ നേരിട്ട് കൊണ്ടുപോയി കാണിച്ച് കൊടുത്തു. പിന്നീട് എല്ലാ പിന്തുണയും അവര്‍ തന്നു. പലപ്പോഴും അവരോടൊപ്പം ചെലവഴിക്കാന്‍ സമയം ഉണ്ടാവാറില്ല. എന്നാലും അവര്‍ ആ തിരക്കുകള്‍ മനസ്സിലാക്കുന്നു. മകന്‍ മുതിര്‍ന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനായപ്പോള്‍ മുതല്‍ അവനെയും പല കാര്യങ്ങള്‍ക്കും കൂടെക്കൂട്ടാന്‍ തുടങ്ങി. ഒരു രൂപ പോലും ആരില്‍ നിന്നും പ്രതിഫലം വാങ്ങരുതെന്ന് എന്ന് മാത്രമാണ് അവനെ പഠിപ്പിച്ചിട്ടുള്ളത്.

പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി രാജ്യം ആദരിച്ചല്ലോ? അതേക്കുറിച്ച്?

ഒരു ദിവസം ഒരു മൃതദേഹം കയറ്റി അയക്കാന്‍ നില്‍ക്കുമ്പോഴാണ് എംബസിയില്‍ നിന്നും അവാര്‍ഡിന്റെ കാര്യം പറഞ്ഞ് വിളിക്കുന്നത്.പണം കൊടുത്ത് അവാര്‍ഡ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എംബസിയില്‍ നിന്നും ടിക്കറ്റ് തന്നു. അങ്ങനെ ഡല്‍ഹിയില്‍ ചെന്ന് അവാര്‍ഡ് വാങ്ങി. ഉപരാഷ്ട്രപതിയില്‍ നിന്നും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമൊക്കെ വളരെ കാര്യമായി സംസാരിച്ചു.

അവാര്‍ഡ് വാങ്ങാന്‍ തക്കവിധം വലിയ ആളാണോ ഞാന്‍ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ല. പക്ഷേ അംഗീകാരങ്ങള്‍ പ്രചോദനമാണല്ലോ. മുന്നോട്ടുള്ള യാത്രയില്‍ അത് ഊര്‍ജമാകും. പ്രധാനമന്ത്രിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങളും മൃതദേഹം തൂക്കി നോക്കുന്നത് ഉള്‍പ്പടെയുള്ളതും നേരില്‍ സംസാരിക്കാനായി എന്നതാണ്
ആ യാത്രയിലെ ഏറ്റവും മഹത്തായ കാര്യം എന്ന് വിശ്വസിക്കുന്നു.

കൊവിഡ് കാലത്തെ പ്രവാസികളുടെ അവസ്ഥ എന്തായിരുന്നു? ആ സമയത്ത് മൃതദേഹം എന്ത് ചെയ്തു?

ശരിക്കും വളരെ മോശം അവസ്ഥയായിരുന്നു. വിമാനങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ ഗര്‍ഭിണികള്‍ ഉള്‍പ്പടെ നാട്ടില്‍ പോകാനാവാതെ വലഞ്ഞു. ഇവിടെ ആറും ഏഴും പേരൊക്കെയാണ് ഒരു മുറിയില്‍ താമസിക്കുന്നത് പലയിടത്തും. വളരെ കഷ്ടപ്പെട്ടാണ് അവിടെയൊക്കെ കൊവിഡ് പിടിപെട്ടവര്‍ അതിജീവിച്ചത്. ലേബര്‍ ക്യാമ്പുകളിലൊക്കെയും അത് തന്നെ അവസ്ഥ. നാട്ടില്‍ പോകാനാവാതെ പലരും മാനസിക സമ്മര്‍ദ്ദത്തിലായി. നാട്ടില്‍ പോകാന്‍ പറ്റിയപ്പോഴോ പ്രവാസികള്‍ കൊവിഡ് പരത്തുന്നു എന്ന മട്ടിലെ പ്രചരണവും അവരെ തളര്‍ത്തി.

ആ സമയത്ത് മരിച്ച പലരുടെയും മൃതദേഹം നാട്ടിലെത്തിക്കാനായില്ല. കൊവിഡ് ബാധിച്ച് മരിച്ചവരെയൊക്കെ ഇവിടെത്തന്നെ അടക്കി. വലിയ വിഷമം ഉണ്ടായിരുന്നു അക്കാര്യത്തില്‍. മിക്കപ്പോഴും ഞാന്‍ ഒറ്റക്കായിരുന്നു. കൊവിഡ് പേടിച്ച് ആരും വരില്ലായിരുന്നു. അല്ലാത്തവരുടെത് മോര്‍ച്ചറികളില്‍ സൂക്ഷിച്ചു. മൃതദേഹമെങ്കിലും നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. വല്ലാത്തൊരു കാലമാണ് കടന്നുപോയത്. ഇപ്പോള്‍ പലയിടത്തും സാമ്പത്തിക പ്രതിസന്ധി
ആയതോടെ പലരുടെയും ജോലി നഷ്ടമായി. അവര്‍ക്കൊക്കെ വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പദ്ധതികള്‍ കൊണ്ടുവരേണ്ടതാണ്.

ഒടുവിലത്തെ കൂട്ട് 3

പലരും താങ്കളെക്കുറിച്ച് വിമര്‍ശനങ്ങളും ഉന്നയിക്കാറുണ്ടല്ലോ?

നമ്മള്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ വിമര്‍ശനങ്ങളും സ്വാഭാവികമാണല്ലോ. ശരിക്കും പറഞ്ഞാല്‍ വലിയ തുക ഈടാക്കിയാണ് പല ഏജന്‍സികളും
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയിരുന്നത്. 25000 ദിര്‍ഹം വരെ ഈടാക്കിയിരുന്നവര്‍ ഉണ്ടായിരുന്നു. ആ സ്ഥാനത്ത്
ഞാന്‍ പണമൊന്നും വാങ്ങാതെ ചെയ്യുമ്പോള്‍ ആളുകള്‍ എന്നെ സമീപിക്കുന്നത് അവര്‍ക്ക് തിരിച്ചടിയാണല്ലോ. അവരായിരിക്കും പലതും പറഞ്ഞുനടക്കുന്നത്.
എനിക്ക് എംബസിയില്‍ നിന്നും വലിയ പണം തരുന്നുണ്ടെന്നൊക്കെ അവര്‍ മരിച്ചവരുടെ ബന്ധുക്കളോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞിരുന്നു. എനിക്കെന്നല്ല ആര്‍ക്കും എംബസി പൈസ കൊടുക്കുന്നില്ല.

പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത്. ആരില്‍ നിന്നും ഒരു പണവും എനിക്ക് കിട്ടുന്നില്ല.ഞാന്‍ വാങ്ങുന്നുമില്ല. ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുമെന്ന് എനിക്കറിയാം. പക്ഷേ എന്റെ സേവനങ്ങള്‍ക്ക് അല്ലാഹു തരുന്ന പുണ്യം മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ടോ?

ഇപ്പോള്‍ അങ്ങനെ ഒരു ചിന്തയില്ല. ഇതും എന്റെ നാട് തന്നെയാണ്. കൊവിഡ് കാലത്തെ സേവനത്തിന് ദുബായ് പൊലീസ് ആദരിക്കുകയുണ്ടായി. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ വച്ച്. പ്രവാസിയെന്ന നിലയില്‍ വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More