ബൈജു എന്‍ നായര്‍: മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ്

വാഹനഭ്രാന്ത് ഇല്ലാതിരുന്ന ഒരു കുട്ടി വളര്‍ന്ന് മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനാകുന്നു. വാഹനം ഓടിക്കാന്‍ അറിയാം എന്നുള്ളത് കൊണ്ട് മാത്രം 1990-കളില്‍ ഇന്ത്യയില്‍ ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച് വന്ന വിപണിയില്‍ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് എഴുതാന്‍ നിയോഗിക്കപ്പെടുന്നു. മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ ആദ്യ വാഹനമെഴുത്തുകാരന്‍ എന്ന റെക്കോര്‍ഡിന് ഉടമ പിറക്കുന്നു. മാതൃഭൂമി എഡിറ്ററുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലി രാജി വയ്ക്കുന്നു. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസികയായ ടോപ് ഗിയര്‍ തുടങ്ങുന്നു. പങ്കാളികളുടെ ചതിയില്‍പ്പെട്ട് മാസിക കൈവിട്ട് പോകുന്നു. വീണ്ടുമൊരു പരീക്ഷണം. പേര് ഓവര്‍ ടേക്ക്. ടോപ് ഗിയറിനെ മികച്ച സ്റ്റോറികളിലും വരുമാനത്തിലും സര്‍ക്കുലേഷനിലും ഓവര്‍ ടേക്ക്‌ ചെയ്ത് മാസിക യാത്ര ചെയ്യുമ്പോള്‍ ഉടമയുമായി ഉടക്കി വീണ്ടും പുറത്തേക്ക്. പിന്നീട് സ്മാര്‍ട്ട് ഡ്രൈവ് എന്ന പേരില്‍ സ്വന്തമായൊരു മാസിക തുടങ്ങി. ഇപ്പോള്‍ സ്മാര്‍ട്ടായി ജീവിതം ഡ്രൈവ് ചെയ്ത് മുന്നോട്ട് പോകുന്നു. കേരളത്തിലെ ജനത്തില്‍ ഭൂരിപക്ഷത്തേയും വാഹനപ്രിയരാക്കി മാറ്റുന്നതില്‍ പങ്കുവഹിച്ച് മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ് എന്ന വിശേഷണത്തിന് അര്‍ഹനായ ബൈജു എന്‍ നായരുടെ ജീവിതത്തിന്റെ ചുരുക്കമിതാണ്. ബൈജു വാഹനമോടിച്ച് വഴിമാറ്റി നയിച്ചത് മലയാളികളുടെ യാത്രാകമ്പത്തെ കൂടിയാണ്. ഇന്ത്യയില്‍ നിന്നും റോഡ് മാര്‍ഗം ലണ്ടനിലെത്തുന്ന ആദ്യ മനുഷ്യന്‍ എന്ന റെക്കോര്‍ഡ് അനൗദ്യോഗികമായി ബൈജുവിന് അവകാശപ്പെട്ടതുമാണ്. ബൈജു എന്‍ നായര്‍ തന്റെ ജീവിതത്തില്‍ പിന്നിട്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും പഠിച്ച പാഠങ്ങളെക്കുറിച്ചും കെ സി അരുണുമായി സംസാരിക്കുന്നു.

വാഹന ഭ്രാന്തനല്ലാത്ത കുട്ടി

കുട്ടിക്കാലത്തെ എന്റെ വാഹനക്കമ്പത്തെക്കുറിച്ച് ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ശേഷം ഞാന്‍ അമ്മയോട് ചോദിച്ചിരുന്നു. കാര്‍ പോലുള്ള കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി കരഞ്ഞിരുന്നോയെന്നൊക്കെ. ഞാന്‍ മാരകമായ വണ്ടി ഭ്രാന്തനായിരുന്നില്ലെന്നാണ് അമ്മ പറയുന്നത്. പിന്നീട് ഞാന്‍ ആലോചിച്ചമ്പോള്‍ എനിക്ക് വണ്ടിയോട് താല്‍പര്യമുണ്ടായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഒന്ന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ബസിന്റെ സൗണ്ട് കേട്ട് ബസ് ഏതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. എന്റെ വീട് കോട്ടയം പാമ്പാടിയിലെ വെള്ളൂരില്‍ ചെറിയൊരു കയറ്റം കയറി വരുന്ന ഇടത്താണ്. വണ്ടി താഴെ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ത്തന്നെ ബസിന്റെ പേര് കൃത്യമായി പറഞ്ഞിരുന്നു. അതുപോലെ അന്ന് വണ്ടികളില്‍ വന്ന പരിഷ്‌കാരങ്ങള്‍ ഉണ്ട്. ആദ്യമായി ഹെഡ് റെസ്റ്റ് വച്ചത് ബിന്ദു എന്ന ബസിലാണ്. അതൊന്നും ഇപ്പോള്‍ ആര്‍ക്കും ഓര്‍മ്മയുണ്ടാകില്ല. പക്ഷേ, എനിക്കത് നല്ല ഓര്‍മ്മയുണ്ട്. തേക്കടി-ഫോര്‍ട്ട് കൊച്ചി റൂട്ടും ആദ്യമായി വരുന്നത് ആ സമയത്താണ്. ഞാന്‍ മറവിക്കാരനാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീട് ഇതൊക്കെ എഴുതിയത് വായിക്കുമ്പോള്‍, നീയിതൊക്കെ എങ്ങനെ ഓര്‍ത്തിരിക്കുന്നുവെന്ന് അമ്മ ചോദിക്കാറുണ്ട്. അതൊക്കെ വണ്ടിയോടുള്ള താല്‍പര്യമായിട്ടാണ് ഞാന്‍ തിരിച്ചറിയുന്നത്.

ആദ്യ വാഹനങ്ങള്‍

ഏഴാം ക്ലാസില്‍ വച്ച് തന്നെ ടു വീലര്‍ ഓടിക്കാന്‍ തുടങ്ങി. അക്കാലത്ത് അച്ഛന്‍ ഒരു ടു വീലര്‍ വാങ്ങി. എത്ര ശ്രമിച്ചിട്ടും അച്ഛന് ഓടിക്കാന്‍ പറ്റുന്നില്ല. ഞാന്‍ പതിയെ അത് ഓടിച്ച് തുടങ്ങി. 12-ാം വയസ്സ് മുതല്‍ വണ്ടിയോടിച്ച് തുടങ്ങി. ഒമ്പതാം ക്ലാസിലെത്തിയപ്പോള്‍ വീട്ടില്‍ കാര്‍ വന്നു. കെ എസ് ഇ ബി ജീവനക്കാരനായ അച്ഛന്‍ വീട്ടില്‍ ഉണ്ടാകാറില്ല. ഞാന്‍ കാറും ഓടിച്ച് തുടങ്ങി.

ബൈജു എന്‍ നായര്‍

മാതൃഭൂമിയിലേക്ക്

1994-ലാണ് ഞാന്‍ മാതൃഭൂമിയില്‍ ചേരുന്നത്. ഡസ്‌കില്‍ സാദാ ലോക്കല്‍ പേജ് ചെയ്തിരുന്ന സമയത്താണ് ഓട്ടോമൊബൈല്‍ കോളം ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച വന്നത്. അക്കാലത്തെ പത്രപ്രവര്‍ത്തകരൊന്നും വണ്ടികളോട് താല്‍പര്യമുള്ളവര്‍ ആയിരുന്നില്ല. ആര്‍ക്ക് എഴുതാന്‍ കഴിയുമെന്ന് എല്ലാ യൂണിറ്റിലും അന്വേഷണം നടന്നു. ഞാന്‍ അക്കാലത്ത് കോട്ടയത്താണ് ജോലി ചെയ്തിരുന്നത്. അവിടെ കാറോടിച്ച് വരുന്നത് ഞാനാണ്. വൈകുന്നേരം ഫസ്റ്റ്‌ ഷിഫ്റ്റ് കഴിഞ്ഞ് എല്ലാവരേയും ബസ് സ്റ്റോപ്പുകളില്‍ വിടുന്ന അനൗദ്യോഗിക ഡ്യൂട്ടിയുമുണ്ട്.

നന്നായി വണ്ടിയോടിക്കുന്ന ഒരാളുണ്ട്, ബൈജു എന്ന് കോട്ടയം ന്യൂസ് എഡിറ്റര്‍ ടി ആര്‍ രാമചന്ദ്രന്‍ കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കിനെ അറിയിച്ചു. അവന്‍ വണ്ടിയെഴുതുമോയെന്ന് അറിയില്ല. ചോദിച്ച് നോക്കാമെന്നും പറഞ്ഞു. അദ്ദേഹം എന്നോടും ചോദിച്ചു. എഴുതി നോക്കാമെന്ന് ഞാനും. 1998-ന്റെ അവസാനമാണ് ഇത് നടക്കുന്നത്.

പി ഡേവിഡ് : മലയാള സിനിമയുടെ ചരിത്ര നിമിഷങ്ങളുടെ ഉടമ

ആദ്യമായി ആള്‍ട്ടോ ഇറങ്ങിയ സമയമായിരുന്നു. വണ്ടിയോടിക്കാനൊന്നും കിട്ടില്ല. ഞാനൊരു ഡീലര്‍ഷിപ്പില്‍ പോയി വണ്ടി കണ്ട് ബ്രോഷര്‍ വാങ്ങിച്ചു. സ്റ്റോറി എഴുതി അയച്ചു. അത് കുഴപ്പമില്ലെന്നും കോളം തുടങ്ങാമെന്നും തീരുമാനമായി. ബിബിസിയുടെ ടോപ് ഗിയര്‍ എന്നൊരു ഷോ മാത്രമാണ് ടിവി പ്രോഗ്രമായുള്ളൂ. അത് വല്ലപ്പോഴും കണ്ടിട്ടേയുള്ളൂ. അങ്ങനെ വണ്ടിയുമായി ബന്ധപ്പെട്ട് മനസ്സിലുള്ളൊരു പേര് ടോപ് ഗിയര്‍ ആണ്. ആ പേര് ഞാന്‍ നിര്‍ദ്ദേശിച്ചു. അംഗീകരിക്കപ്പെട്ടു.

നേരിട്ട വെല്ലുവിളി

ഏറ്റവും കൂടുതല്‍ നേരിട്ട വെല്ലുവിളി ഇതിനൊരു ഭാഷയുണ്ടാക്കുകയെന്നതാണ്. കാരണം, ഓട്ടോമൊബൈലുമായി ബന്ധപ്പെട്ട് ഒരു വാക്കും മലയാളത്തിലില്ല. മുഴുവന്‍ ഇംഗ്ലീഷ് വാക്കുകള്‍. എഴുതുമ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ മുഴച്ച് നില്‍ക്കും. എഴുത്തിന്റേയും വായനയുടേയും ഒഴുക്ക് പോകും. ലോകത്തിലെ ഏറ്റവും ഡ്രൈയായ വിഷയമാണ് ഓട്ടോമൊബൈല്‍. കാരണം ഏത് വണ്ടിയെപ്പറ്റി പറഞ്ഞാലും ഒരേപോലെയിരിക്കും. അതിനാല്‍ എഴുത്ത് സ്പൈസിയാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി, വണ്ടിയേയും ഭാഗങ്ങളേയും പല രീതിയില്‍ വര്‍ണിക്കാന്‍ തുടങ്ങി. നീണ്ട് ഇടംപെട്ട മിഴികള്‍ പോലെ ഹെഡ്ലൈറ്റുകള്‍ എന്നൊക്കെ എഴുതി.

നിത്യചൈതന്യ യതി ജര്‍മ്മനിയില്‍ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വരുന്നത് ബീറ്റില്‍ ആണ്. ആ വാഹനത്തെ കാണുന്നതേയിഷ്ടമില്ലെന്ന് യതി എഴുതിയിട്ടുണ്ട്. ബീറ്റില്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഞാന്‍ അത് ഉപയോഗിച്ചു. നമ്മളേറ്റവും കൂടുതല്‍ സ്നേഹിക്കുന്ന നിത്യചൈതന്യ യതിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത വണ്ടിയെക്കുറിച്ചാണ് ഇന്ന് പറയാന്‍ പോകുന്നത് എന്ന് ബീറ്റിലിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സ്റ്റോറിയില്‍ ഞാനെഴുതി. ഒരിക്കലും വണ്ടിയും യതിയും ഒരേ ട്രാക്കില്‍ വരാറില്ലല്ലോ. പക്ഷേ, അതൊക്കെ വളരെയേറെ പ്രശംസ നേടി തന്നതായിരുന്നു.

അടുത്തിടെ ഒരു പയ്യനെ പരിചയപ്പെട്ടു. ഞാന്‍ മാതൃഭൂമിയില്‍ എഴുതിയതിന്റെ കട്ടിങ്ങുകള്‍ അവന്റെ കൈയിലുണ്ട്. സ്ത്രീകളും നന്നായിട്ട് വായിക്കുമായിരുന്നു. ബൈജു എഴുതിയത് വായിച്ചാണ് ഓട്ടോമൊബൈല്‍ വായന തുടങ്ങിയത് വയസായ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്.

കോളം തുടങ്ങി ഒരു വര്‍ഷം ആയപ്പോള്‍ എഡിറ്റര്‍ പറഞ്ഞു, തിങ്കളാഴ്ചകളില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു കോളം കൂടി എഴുതണം. നിലവിലെ കോളം ഞായറാഴ്ചകളിലാണ് വന്നിരുന്നത്. പുതിയ കോളത്തിന് വാഹന ലോകം എന്നും പേരിട്ടു. ട്രെന്‍ഡുകളും സെയില്‍സുമൊക്കെയായിരുന്നു ഈ കോളത്തിന്റെ എഞ്ചിന്‍. പഴയത് പോലെ ലോക്കല്‍ പേജ് ചെയ്യുന്നതിന്റെ കൂടെയായിരുന്നു ഈ രണ്ട് കോളങ്ങളും എഴുതുന്നത്.

അക്കാലത്ത് ഓട്ടോമൊബൈല്‍ ജേര്‍ണലിസം എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുമില്ല. ഓട്ടോമൊബൈല്‍ കമ്പനികളുമായി ബന്ധവുമില്ല. തുടക്കത്തില്‍ ബ്രോഷര്‍ നോക്കി എഴുതുമായിരുന്നു. പിന്നീട് ഡീലര്‍ഷിപ്പില്‍ പോയി വണ്ടി ചെറുതായൊന്ന് ഓടിച്ച് എഴുതി തുടങ്ങി. അങ്ങനെയാണ് ടെസ്റ്റ് ഡ്രൈവിന്റെ തുടക്കം.

2001-ലാണ് ആദ്യമായി ഒരു കമ്പനിയില്‍ നിന്നും ക്ഷണം ലഭിക്കുന്നത്. ഹ്യൂണ്ടായ് ഇന്ത്യയില്‍ 25,000 വണ്ടി വിറ്റതിന്റെ ഒരു ആഘോഷം അവരുടെ പ്ലാന്റില്‍ നടത്തി. അതിലേക്ക് ഓട്ടോമൊബൈല്‍ കോളം ചെയ്യുന്ന പത്രക്കാരെ ക്ഷണിച്ചു. അന്ന് ഇന്ത്യയില്‍ പത്തില്‍ താഴെ ഓട്ടോമൊബൈല്‍ പത്രക്കാരേയുണ്ടായിരുന്നുള്ളൂ. ഓട്ടോമൊബൈലിനുവേണ്ടിയുള്ള എന്റെ ആദ്യയാത്ര ആണിത്. ജീവിതത്തില്‍ രണ്ടാമത്തെ തവണ വിമാനത്തില്‍ കയറുന്നതും ആദ്യമായി ലേ മെറിഡിയന്‍ പോലുള്ള ഹോട്ടലില്‍ ചെന്നൈയില്‍ താമസിച്ചതും ഒരു പ്ലാന്റില്‍ പോകുന്നതും ഓട്ടോമൊബൈല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ടീമുമായി പരിചയപ്പെടുന്നതും ഈ യാത്രയിലാണ്.

Jammu and Kashmir: They make a desolation and call it peace 

പിന്നീട് മുംബൈയില്‍ ഒരു ഓട്ടോ എക്സ്പോ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകട്ടേയെന്ന് എഡിറ്റര്‍ ഗോപാലകൃഷ്ണനോട്‌ ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അന്നൊക്കെ എഡിറ്റര്‍ക്ക് എന്നോട് സ്നേഹമായിരുന്നു. പക്ഷേ, അവിടെയെത്തിയപ്പോള്‍ ആ എക്സ്പോ നടക്കുന്നില്ലെന്ന് അറിഞ്ഞു. ഞാന്‍ തിരിച്ച് പോന്നു. പിന്നീട് ഡല്‍ഹി ഓട്ടോ എക്സ്പോയാണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ എക്സ്പോ. അങ്ങനെ പതിയെ ഞാന്‍ വളര്‍ന്നു.

ക്വാറിക്കുഴിയില്‍ പിളരുന്ന കേരളം

2000-ല്‍ പത്രത്തിന്റെ കൂടെ സൗജന്യമായി കൊടുക്കാന്‍ ഒരു ഓട്ടോമൊബൈല്‍ മാസിക പോലൊന്ന് ചെയ്യണമെന്ന് ശ്രേയംസ് കുമാര്‍ വിളിച്ച് പറഞ്ഞു. റവന്യൂ ജനറേഷന് വേണ്ടിയുള്ള പുള്ളൗട്ട്. കണ്ണൂരില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. എനിക്ക് രണ്ട് മാസത്തേക്ക് കോഴിക്കോട്ടേക്ക് ഡെപ്യൂട്ടേഷനും തന്നു. അങ്ങനെ ടോപ് ഗിയര്‍ എന്നൊരു മാസിക ചെയ്തു. അന്ന് ഇന്റര്‍നെറ്റൊന്നും വ്യാപകമായിരുന്നില്ല. എങ്കിലും മാസികയ്ക്കുവേണ്ടി അംബാനിയുടെ കാറിനെക്കുറിച്ചൊക്കെ തപ്പിയെടുത്തു. ഇന്ത്യയിലെ വണ്ടികള്‍, മെയിന്റനന്‍സ് ടിപ്സ് തുടങ്ങിയ വച്ച് ആ പുള്ളൗട്ട് ഇറക്കി. കുറെ പരസ്യമൊക്കെ അതിലുണ്ടായിരുന്നു. അത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പത്രത്തിനൊപ്പം വിതരണം ചെയ്തു.

അതിന്റെ വിജയത്തെ തുടര്‍ന്ന് ശ്രേയംസ് കുമാര്‍ ഓട്ടോമൊബൈല്‍ മാസിക തുടങ്ങാമെന്ന ആശയം മുന്നോട്ട് വച്ചു. അന്ന് പ്രാദേശിക ഭാഷകളില്‍ അത്തരമൊരു മാസിക ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്നത് ഓട്ടോ കാര്‍ ഇന്ത്യ, ഓട്ടോ ഇന്ത്യ, മോട്ടോര്‍ ഇന്ത്യ പോലെയുള്ള ഇംഗ്ലീഷ് മാസികകളായിരുന്നു. പക്ഷേ, അത് നടന്നില്ല.

ബൈജു എന്‍ നായര്‍

എഡിറ്ററുമായുള്ള പ്രശ്നങ്ങള്‍, മാതൃഭൂമിയില്‍ നിന്നും പുറത്തേക്ക്

അങ്ങനെയിരിക്കേയാണ് ഞാനും എഡിറ്ററുമായുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. മാതൃഭൂമിയില്‍ നിന്നും വിട്ടു പോന്നത് എഡിറ്ററായിരുന്ന ഗോപാലകൃഷ്ണനുമായി പ്രശ്നമുണ്ടായിട്ടാണ്. പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു ദിവസം രാത്രി എഡിറ്റര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ രാജി വയ്ക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. എന്നിട്ട് ഞാനെന്റെ അച്ഛനെ ഫോണ്‍ വിളിച്ച് രാജി വയ്ക്കുന്ന കാര്യം പറഞ്ഞു. ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അച്ഛന്‍ ചോദിച്ചു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇനി ഇവിടെ നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ രാജി വയ്ക്കുകയാണെന്ന് മറുപടി പറഞ്ഞു. നിനക്ക് ധൈര്യമുണ്ടെങ്കില്‍ രാജി വച്ചോളൂവെന്ന് അച്ഛന്‍ പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായി കരുതുന്നു. മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനായി ചേര്‍ന്നിട്ട് പത്ത് വര്‍ഷം തികയാന്‍ മൂന്നോ നാലോ മാസം അവശേഷിക്കുമ്പോഴാണ് അവിടം വിട്ടത്. അന്ന് വിട്ടതു കൊണ്ടാണ് ജീവിതത്തില്‍ സ്വന്തമായൊരു സ്ഥാപനം തുടങ്ങാന്‍ കഴിഞ്ഞത്. പക്ഷേ, അന്നൊക്കെ വലിയ ടെന്‍ഷനായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അദ്ദേഹത്തോട് നന്ദിയുണ്ട്.

ഗോപാലകൃഷ്ണന്‍ എന്ന എഡിറ്ററോട് ഞാന്‍ നന്ദിയുള്ളവനാകാന്‍ കാരണം ഞാന്‍ ഇന്ന് എത്തി നില്‍ക്കുന്ന അവസ്ഥയ്ക്ക് കാരണം അദ്ദേഹമാണ് എന്നുള്ളതാണ് . അല്ലെങ്കില്‍ ഞാനിപ്പോഴും മാതൃഭൂമിയില്‍ തുടര്‍ന്നേന്നെ. അന്ന് രാജി വച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ബാച്ചിലുള്ളവരെപ്പോലെ മാതൃഭൂമിയുടെ ഏതെങ്കിലും യൂണിറ്റിന്റെ ന്യൂസ് എഡിറ്ററോ ഡെപ്യൂട്ടി എഡിറ്ററോ ആകുമായിരുന്നു. പ്രാദേശിക വാര്‍ത്തകളും നോക്കി. ഇടയ്ക്ക് മെമ്മോകളും വാങ്ങിച്ച് അവിടെ തുടര്‍ന്നേന്നേ. ഒന്നാം തിയതി ശമ്പളവും വാങ്ങിച്ച് സുഖമായി ഇരിക്കാമായിരുന്നു. നറുക്ക് വീഴുന്നത് പോലെ ഒരു വിദേശ യാത്ര നടത്താന്‍ അവസരം ലഭിച്ചേക്കാം. ബൈജു എന്‍ നായര്‍ എന്ന മനുഷ്യനെ ആരും അറിയുക പോലുമില്ല. എനിക്ക് സ്വന്തമായൊരു വഴി വെട്ടിത്തുറക്കാന്‍ പറ്റിയത് അവിടെ നിന്നും ഇറങ്ങിപ്പോന്നതു കൊണ്ടാണ്.

ടോപ് ഗിയറിന്റെ തുടക്കവും ചരിത്രവും

അന്ന് എന്റെ അക്കൗണ്ടില്‍ ആകെ 2650 രൂപയേ ഉണ്ടായിരുന്നുള്ളൂ. പിഅച്ഛനും അമ്മയ്ക്കും ജീവിക്കാനായി ഞാന്‍ പൈസ കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, കല്ല്യാണം കഴിച്ച് കൊച്ചിയില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. മോള്‍ക്ക് മൂന്ന് വയസ്സ്. രാജി വയ്ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓട്ടോമൊബൈല്‍ മാസികയുടെ സാധ്യത കിടപ്പുണ്ടായിരുന്നു. എങ്കിലും രാജി വച്ചതിന്റെ പിറ്റേന്ന് വീട്ടില്‍ ഇരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. എഴുത്തല്ലാതെ വേറൊരു ജോലിയും അറിയില്ലെന്ന് മനസ്സിലാക്കുന്നതും അന്നേരമാണ്. രാജി വയ്ക്കുമ്പോള്‍ മാതൃഭൂമിയുടെ കൊച്ചി ബ്യൂറോയില്‍ ബിസിനസ് റിപ്പോര്‍ട്ടറായിരുന്നു.

എഡിറ്റോറിയല്‍ വശം കൈകാര്യം ചെയ്യാന്‍ അറിയാം എന്നല്ലാതെ മാര്‍ക്കറ്റിങ്ങിനെ കുറിച്ചോ സര്‍ക്കുലേഷനെ കുറിച്ചോ യാതൊരു ധാരണയുമില്ല. മാര്‍ക്കറ്റിങ്ങുകാരെ എഡിറ്റോറിയലുകാര്‍ ശത്രുക്കളായിട്ടാണല്ലോ കാണുന്നതും. അപ്പോള്‍ മാതൃഭൂമിയില്‍ തന്നെ മാര്‍ക്കറ്റിങ്ങിലുള്ള ഒരു സുഹൃത്തിനെ വിളിച്ചു. ഓട്ടോമൊബൈല്‍ മാഗസിന്‍ തുടങ്ങാം. രാജി വച്ച് കൂടെ വരാമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു.

സൗബിന്റെ അമ്പിളിയും ക്വാണ്ടം ഫിസിക്‌സും തമ്മിലെ ബന്ധം

ഞാനും മടുത്തു ബൈജു. നമുക്ക് സ്വന്തമായിട്ടെന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് അദ്ദേഹവും സമ്മതിച്ചു. ഉറപ്പായിട്ടും വരുമോയെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഉറപ്പ് പറഞ്ഞു. നോട്ടീസ് കൊടുത്ത് മൂന്ന് മാസത്തിനകം വരാമെന്ന് അദ്ദേഹം വാക്ക് പറഞ്ഞു. അപ്പോഴേക്കും മാസിക തുടങ്ങാനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ആ ഒറ്റവാക്കിന്റെ ബലത്തില്‍ ഞാന്‍ മുന്നോട്ട് പോയി.

ആദ്യം റൂമെടുക്കാന്‍ തീരുമാനിച്ചു. എന്റെ കസിന്‍ സിസ്റ്ററിന്റെ ഭര്‍ത്താവ് ശ്രീകുമാര്‍ അരീക്കുറ്റിയെ രണ്ട് ദിവസം മുമ്പ് കണ്ടപ്പോള്‍ അദ്ദേഹം വാടകയ്ക്ക് എടുത്തിരുന്ന റൂം ഒഴിയുകയാണെന്ന് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ആ റൂം എനിക്ക് വേണമെന്ന് പറഞ്ഞു. അങ്ങനെ പുല്ലേപ്പടിയില്‍ 1600 രൂപ വാടകയ്ക്ക് ഞാനൊരു ഓഫീസ് തുറന്നു. ഓഫീസിലെ മേശയും കസേരയുമൊക്കെ ശ്രീകുമാറിന്റേതായിരുന്നു. രാജി വച്ച് രണ്ടാമത്തെ ദിവസം വീട്ടില്‍ നിന്നും രാവിലെ ചോറുമൊക്കെയായി പോയി അവിടെ ഇരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഒരുപിടിയുമില്ല. കൈയില്‍ കാശുമില്ല.

പിന്നെ ചെയ്തത് മാസികകള്‍ വായിക്കുന്നു. പ്രസ്സുകളില്‍ പോയി പ്രിന്റിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നു. അങ്ങനെ ഒരു മാസം കൊണ്ട് ഇതേക്കുറിച്ചെല്ലാം പഠിച്ചു. എത്ര രൂപയ്ക്ക് ഈ മാസിക ഇറക്കാന്‍ പറ്റുമെന്ന് ഏകദേശം മനസ്സിലായി. ഒരുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ മാര്‍ക്കറ്റിംഗിലെ സുഹൃത്തിനെ വിളിച്ച് എന്നാണ് വരുന്നതെന്ന് ചോദിച്ചു. ഭാര്യ സമ്മതിക്കാത്തതിനാല്‍ വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയെന്ന പേര് കണ്ടിട്ടാണ് കല്ല്യാണം കഴിച്ചതെന്നും രാജി വച്ചാല്‍ മരിക്കുമെന്ന് ഭാര്യ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ മാതൃഭൂമിയില്‍ വലിയ സ്ഥാനത്താണ്.

ഞാന്‍ മറ്റു ചില മാര്‍ക്കറ്റിങ്ങുകാരെ സമീപിച്ചു. ആരേയും പറ്റിക്കരുതെന്ന് ആഗ്രഹമുള്ളതിനാല്‍ കൈയില്‍ കാശില്ലെന്നും കാശ് അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തി വേണം മുന്നോട്ട് പോകാനെന്നും അവരോട് തുറന്നു പറയുമായിരുന്നു ഞാന്‍ . ഓട്ടോമൊബൈല്‍ മാസികയ്ക്ക് നല്ല സാധ്യതയുണ്ടെന്നും ഷെയര്‍ നല്‍കാമെന്നും കൂട്ടിച്ചേര്‍ത്തു. എന്റെ മനസ്സും ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസവും മാത്രമേയുള്ളൂവെന്നും പറഞ്ഞു. പക്ഷേ, ആര്‍ക്കും ധൈര്യമുണ്ടായില്ല.

ഇവര്‍ കേരളത്തിന്റെ അഭിമാനം

അങ്ങനെയിരിക്കേ, അച്ഛന്റെ സുഹൃത്ത് ശശിയെന്നൊരു ആളുണ്ട്. അദ്ദേഹത്തിന്റെ മകന്‍ ശ്രീജിത്ത് സെയില്‍സ് രംഗത്താണെന്ന് കേട്ടിരുന്നു. അവനെ എന്റെ അച്ഛനും അമ്മയും എടുത്തോണ്ടു നടന്ന് വളര്‍ത്തിയതാണ്. അത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു രണ്ട് കുടുംബങ്ങളും തമ്മില്‍. അവന് വരാന്‍ താല്‍പര്യമുണ്ടാകുമോയെന്ന് ഞാന്‍ അവന്റെ അച്ഛനെ വിളിച്ച് ചോദിച്ചു. ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെങ്കില്‍ അവനെ പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.

തുടങ്ങാനുള്ള കാശ് രണ്ടുപേരുടെ കൈയിലും ഇല്ല. എന്താണ് വഴിയെന്ന് ആലോചിച്ചു. കേരളത്തിലുടനീളമൊരു യാത്ര നടത്താം എന്ന് തീരുമാനിച്ചു. മാസികയുടെ ഒരു വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ സുഹൃത്തുക്കളെ കൊണ്ട് എടുപ്പിക്കാന്‍ പദ്ധതിയിട്ടു. രണ്ടര ലക്ഷം രൂപയുണ്ടെങ്കില്‍ മാസിക തുടങ്ങാന്‍ കഴിയും. ഒരുക്കങ്ങളുമായി ഒരുമാസം കൂടെ കഴിഞ്ഞു. അപ്പോള്‍ മാതൃഭൂമിയിലുള്ള എന്റെ ബാച്ചിലെ എസ്.ശ്രീകുമാര്‍ എന്നെ വിളിച്ചിട്ട് എന്താ പരിപാടിയെന്ന് ചോദിച്ചു. ഞാന്‍ മാസികയുടെ കാര്യം പറഞ്ഞു. അദ്ദേഹവും മാതൃഭൂമി മടുത്തുവെന്നും രാജി വച്ച് മാസികയുമായി സഹകരിക്കാമെന്നും പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. മാര്‍ക്കറ്റിങ്ങിലെ മറ്റേ കക്ഷി പറഞ്ഞതു പോലെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, ശ്രീകുമാര്‍ രാജി വച്ച് ടീമിനൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന്റെ കൈയിലും പൈസയൊന്നുമില്ല. എങ്കിലും എനിക്കൊരു ധൈര്യമായി. മൂന്ന് പേരായല്ലോ. മാര്‍ക്കറ്റിങ് അത്യാവശ്യം നോക്കാമെന്ന് പറയുന്നൊരാളും ജേര്‍ണലിസ്റ്റായി ഒരാളും കൂടെയുണ്ട്.

ഞങ്ങള്‍ പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസികയെ കുറിച്ചുള്ള ബ്രോഷര്‍ പ്രിന്റ് ചെയ്തു. 25 രൂപ വില. 450 രൂപ വാര്‍ഷിക വരിസംഖ്യ. ഒരുമിച്ച് അടച്ചാല്‍ 350 രൂപയ്ക്ക് ലഭിക്കും. എനിക്കൊരു പഴയ ടാറ്റ ഇന്‍ഡിക്കയുണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ കേരള പര്യടനം നടത്തി. മാധ്യമ സ്ഥാപനങ്ങളുടെ എല്ലാ യൂണിറ്റുകളിലും സന്ധ്യയോടെ കയറിചെല്ലും. ആ സമയത്ത് ബ്യൂറോയിലേയും ഡസ്‌കിലേയും ആളുകള്‍ ഉണ്ടാകും. മാതൃഭൂമിയുടെ എഡിറ്റര്‍ ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരെ വരിക്കാരാക്കി. രണ്ട് ലക്ഷത്തോളം രൂപ ലഭിച്ചു.

2004 ഏപ്രിലില്‍ ടോപ് ഗിയര്‍ എന്ന പേരില്‍ മാസിക ഇറക്കി. ഇപ്പോള്‍ ബിബിസി ടോപ് ഗിയര്‍ എന്നൊരു മാസിക ഇന്ത്യയിലുണ്ട്. അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ആ പേര് കിട്ടി. അത് ഹിറ്റായി. കേരളത്തില്‍ നല്ല ഫിനിഷിങ്ങിലും മികച്ച നിലവാരമുള്ള പേപ്പറിലും കണ്ടന്റിലും ആദ്യമായിട്ടാണ് ഒരു മാസിക ഇറങ്ങുന്നത്. രണ്ട് പേജ് മുഴുവനായി പടം അച്ചടിക്കുന്ന പതിവ് ഞങ്ങളാണ് കേരളത്തില്‍ ആദ്യമായി തുടങ്ങിയത്.

പി എസ് സിക്ക് പകരം യൂട്യൂബ് കണ്ട് വീഡിയോ എഡിറ്റിങ് പഠിച്ചു, സംസ്ഥാന അവാര്‍ഡ് കൂടെ പോന്നു

സുധീരമായ മറ്റൊരു കാല്‍വയ്പ്പ് തലക്കെട്ടുകളെല്ലാം ഇംഗ്ലീഷിലായിരുന്നു എന്നുള്ളതാണ് . കവറില്‍ പോലും ഇംഗ്ലീഷ് കൊടുത്തു. അതിനും തുടക്കമിട്ടത് ഞങ്ങളാണ്. ഇപ്പോള്‍ എല്ലാവരും ചെയ്യുന്നു. അന്നെല്ലാവരും അയ്യേയെന്ന് പറഞ്ഞിരുന്നു. അതൊരു ട്രെന്‍ഡ് ആണെന്നും അങ്ങനെ പോകട്ടേയെന്നും ഞാന്‍ പറഞ്ഞു. മലയാള മനോരമയുടെ വനിതയായിരുന്നു മാസികകളുടെ കാര്യത്തില്‍ അന്നത്തെ ഏറ്റവും വലിയ സംഭവം.

മാതൃഭൂമിയിലുണ്ടായിരുന്നപ്പോള്‍ എനിക്കായിരുന്നു ക്യാമ്പസ് പേജിന്റെ ചാര്‍ജ്. അത് ലേ ഔട്ട് ചെയ്തിരുന്നത് ഷാനവാസ് എന്നൊരു ആലപ്പുഴക്കാരനായിരുന്നു. ഷാനവാസ് ശരിക്കും പ്ലേറ്റ് മേക്കിങ് സെക്ഷനിലായിരുന്ന ജോലി ചെയ്തിരുന്നത്. പക്ഷേ, ഗംഭീരമായി ലേ ഔട്ട് ചെയ്യും. വരയ്ക്കും. നല്ല ഐഡിയ ഉള്ള കക്ഷി. ഞങ്ങള്‍ ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. ക്യാമ്പസ് പേജ് ലേ ഔട്ട് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ ഓഫീസില്‍ വലിയ പ്രശ്നമാകുമെന്ന് പറഞ്ഞു. അത് കാര്യമാക്കണ്ട എന്ന് സമാധാനിപ്പിച്ച് ആലപ്പുഴയിലെ വീട്ടില്‍ പോയിരുന്ന് ഞങ്ങള്‍ ആ ലേ ഔട്ട് ചെയ്തു. അതിന് എഡിറ്ററുടെ അഭിനന്ദന കത്ത് അടക്കം ലഭിച്ചു. അദ്ദേഹത്തെയാണ് മാസികയുടെ ലേ ഔട്ട് ചെയ്യാനും ഞാന്‍ കണ്ടു വച്ചിരുന്നത്.

ഒരു ഫുള്‍ മാസിക ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൊന്നും സാരമില്ലെന്ന് പറഞ്ഞ് ഞാന്‍ സമ്മതിപ്പിച്ചു. ആലപ്പുഴയിലെ വീട്ടില്‍ പോയിരുന്ന് 15 ദിവസം കൊണ്ട് മാസികയുടെ ലേ ഔട്ട് പൂര്‍ത്തിയാക്കി. അദ്ദേഹം രാത്രി ഡ്യൂട്ടിക്ക് പോകും. പകല്‍ ടോപ് ഗിയറിന്റെ ലേ ഔട്ട് ചെയ്യും. രാത്രി ഞാന്‍ ആര്‍ക്കേഡിയ ഹോട്ടലില്‍ താമസിക്കും. അദ്ദേഹം വെളുപ്പിന് തിരിച്ച് വരും. രണ്ട് മൂന്ന് മണിക്കൂര്‍ ഉറങ്ങിയിട്ട് വീണ്ടും ടോപ് ഗിയറിന്റെ ലേ ഔട്ട് ജോലികള്‍ തുടങ്ങും.

ട്രെയിന്‍ എഞ്ചിന്‍ യാത്രയും തോമസ് ജേക്കബിന്റെ കത്തും

ആദ്യ ലക്കത്തില്‍ അഞ്ച് കോടി രൂപയുടെ മേബാക്കിന്റെ പടമൊക്കെ വച്ച് സ്റ്റോറി ചെയ്തിരുന്നു. കൊല്ലം-ചെങ്കോട്ട ട്രെയിനിന്റെ എഞ്ചിന്‍ ക്യാബിനില്‍ ലോക്കോ പൈലറ്റിനൊപ്പം യാത്ര ചെയ്ത് എഴുതിയ, ‘ട്രെയിനിന്റെ എഞ്ചിനിലൊരു യാത്ര’ എന്ന സ്റ്റോറിയും ഉണ്ടായിരുന്നു. ശ്രീകുമാറിന്റെയൊരു സുഹൃത്ത് ലോക്കോ പൈലറ്റ് ഉണ്ടായിരുന്നു. യാത്ര ചെയ്യുമ്പോള്‍ വെളിയില്‍ തല കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി തെറിക്കുമെന്നതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഞാനും ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടയ്ക്കലും ശ്രീകുമാറും ക്യാബിനില്‍ യാത്ര ചെയ്തു. ആ സ്റ്റോറിയുടെ കൂടെ എഞ്ചിന്റെ മൈലേജ്, വേണാട് എക്സ്പ്രസിന്റെ എഞ്ചിന്‍ ഒരു ദിവസം എത്ര ഡീസല്‍ കുടിക്കും എന്നൊക്കെയുള്ള വിവരങ്ങള്‍ നല്‍കിയിരുന്നു. അതൊന്നും ആരും കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ്. ഈ ലക്കം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അന്നത്തെ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് സാറിന്റെ കത്ത് ലഭിച്ചു. ഈ ട്രെയിന്‍ സ്റ്റോറി ഏറ്റവും ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.

ആമസോണ്‍, വാള്‍മാര്‍ട്ട്, റിലയന്‍സ് വമ്പന്‍മാരെ നേരിടാന്‍ ഒരു പെരിന്തല്‍മണ്ണക്കാരന്‍

ട്രാവലോഗ് എന്ന പേരില്‍ ഒരു ട്രാവല്‍ സെക്ഷന്‍ കൂടെ ചേര്‍ത്തു. പിന്നെ ടെസ്റ്റ് ഡ്രൈവുകള്‍. ടെസ്റ്റ് ഡ്രൈവായിരുന്നു ഏറ്റവും വലിയ തമാശ. മാതൃഭൂമിയില്‍ ആയിരുന്നപ്പോള്‍ എഴുതുംമുമ്പ് ഷോറൂമില്‍ പോയി ചേട്ടാ വണ്ടിയൊന്ന് ഓടിച്ചു നോക്കിക്കോട്ടെയെന്ന് ചോദിക്കാമായിരുന്നു. ആരെങ്കിലും കൂടെ വരികയും ചെയ്യും. ഇത് അങ്ങനെ പോരല്ലോ. നല്ല പടങ്ങളും വേണം.

ബൈജു എന്‍ നായര്‍

നീല ഇന്‍ഡിക്കയെ വെളുത്ത ഇന്‍ഡിക്കയാക്കിയ ഫോട്ടോഷൂട്ട്

ഇന്‍ഡിക്കയുടെ കാറാണ് ആദ്യം എടുത്തത്. അതിന്റെ ഡീലര്‍ഷിപ്പ് കോയെന്‍കോയാണ്. കോയെന്‍കോയുടെ ഉടമ ആഷിഖിനെ എനിക്ക് പരിചയമുണ്ട്. മാസികയുടെ കാര്യം പറഞ്ഞ് വണ്ടി ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ജമേഷിന് ഓട്ടോമൊബൈല്‍ ഫോട്ടോഗ്രാഫിയുമായി ഒരു ബന്ധവുമില്ല. സാധാ രീതിയില്‍ പടം എടുത്താല്‍ ശരിയാകില്ലെന്ന് പറഞ്ഞ് സിനിമയുടെ ഔട്ട് ഡോര്‍ യൂണിറ്റ് വാടകയ്ക്ക് എടുത്തു. വാഹനം ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ കൊണ്ടു പോയി ലൈറ്റൊക്കെ വച്ച് പടമെടുത്തു. നീല വണ്ടിയായിരുന്നു. അന്ന് ഡിജിറ്റലല്ല. വൈകുന്നേരത്തോടെ പടം പ്രിന്റ് അടിച്ച് നോക്കുമ്പോള്‍ വണ്ടിക്ക് വെള്ള നിറം. ഓവര്‍ എക്സ്പോസ്ഡായി അത് കുളമായി. അതില്‍ നിന്ന് പഠിച്ച പാഠം വണ്ടിക്ക് ലൈറ്റപ്പ് ചെയ്ത് ഷൂട്ട് ചെയ്യേണ്ടതില്ലെന്നാണ്. പിന്നെ വണ്ടി വീണ്ടുമെടുത്ത് അവിടെ തന്നെ പോയി ഷൂട്ട് ചെയ്തു. നല്ല പടവും കിട്ടി.

ഓട്ടോമൊബൈല്‍ മാസികയോ അതെന്തര്

ഒരു ബൈക്കും ആവശ്യമായിരുന്നു. ടിവിഎസിന്റെ ഒരു ബൈക്ക് ഇറങ്ങിയ സമയം ആയിരുന്നു. ഞാനൊരു ഡീലര്‍ഷിപ്പില്‍ വിളിച്ച് സ്വയം പരിചയപ്പെടുത്തിയശേഷം തുടങ്ങാന്‍ പോകുന്ന മാസികയില്‍ ഫീച്ചര്‍ ചെയ്യാന്‍ വേണ്ടി ഒരു ബൈക്ക് തരണം എന്ന് പറഞ്ഞു. താല്‍പര്യമില്ലെന്ന് ഫോണെടുത്ത മാനേജര്‍ പറഞ്ഞു. ഫീച്ചര്‍ ചെയ്തശേഷം കാശ് ചോദിക്കുമെന്ന കാരണം പറഞ്ഞാണ് മാനേജര്‍ ആവശ്യം തിരസ്‌കരിച്ചത്. ഞങ്ങള്‍ കാശ് ചോദിക്കില്ലെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. കാശ് ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ പിന്നെന്തിനാ ഇത് ചെയ്യുന്നതെന്നും ചോദിച്ചു. അദ്ദേഹം ഓട്ടോമൊബൈല്‍ മാസികയെ കുറിച്ച് കേട്ടിട്ടേയില്ല.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ അവിടെ നിന്നും ഒരാള്‍ തിരിച്ച് വിളിച്ചു. ആ ഷോറൂമിന്റെ മുതലാളിയായിരുന്നു അത്. ഞങ്ങള്‍ സമീപിച്ച കാര്യം മാനേജര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മുതലാളി ഞങ്ങളെ വിളിച്ചത്. മാനേജര്‍ക്ക് ഓട്ടോമൊബൈല്‍ മാസികയെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞത്. ഞാന്‍ ഇതെല്ലാം വായിക്കുന്നൊരാളാണെന്നും നിങ്ങള്‍ വണ്ടിയെടുത്തോളൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമ സംവിധായകന്‍ ജിത്തു ജോസഫിന്റെ ചേട്ടനാണ് ആ ഷോറൂമിന്റെ ഉടമ.



മാതൃഭൂമി ടോപ് ഗിയറിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

ആദ്യ ലക്കം ഇറങ്ങിയപ്പോള്‍ ശ്രേയംസ് കുമാര്‍ വിളിച്ച് മാസികയുടെ വിതരണം മാതൃഭൂമി ചെയ്തോളാം എന്ന് വാഗ്ദാനം ചെയ്തു. രണ്ടാമത്തെ ലക്കം മുതല്‍ മാതൃഭൂമി വിതരണം ചെയ്ത് തുടങ്ങി. ശ്രീകുമാറാണ് മാര്‍ക്കറ്റിങ് നോക്കുന്നത്. അതുകൊണ്ട് തന്നെ കക്ഷിക്ക് ഇതേപ്പറ്റിയൊരു ധാരണയില്ല. ആദ്യകാലത്തൊക്കെ വരുമാനം വളരെ മോശമായിരുന്നു. കടം വാങ്ങിച്ചാണ് മാസിക ഇറക്കിയത്. ഓരോ മാസവും വിചാരിക്കും. അടുത്ത മാസം രക്ഷപ്പെടും. ഞാന്‍ ഭയങ്കര വര്‍ക്കഹോളിക് ആണ്. ഞാന്‍ എഡിറ്റോറിയല്‍ മാത്രം നോക്കി. ഞാന്‍ മാസത്തില്‍ 10 ദിവസം ആലപ്പുഴയില്‍ പോയിരുന്ന് ലേയൗട്ട് ചെയ്യിക്കും. ബാക്കി 20 ദിവസം കട്ട ജോലി. മറ്റ് രണ്ട് പേര്‍ക്കും കുട്ടിക്കളിയായിരുന്നു. രാവിലെ വരും. ഓരോ വഴിക്ക് പോകും. അവര്‍ തിരിച്ച് വന്ന് പരസ്യം കിട്ടിയില്ലെന്ന് പറയും.

ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും ആര്‍ട്ടിസ്റ്റ് വിഷ്ണു റാം

അന്ന് മൂന്ന് പേരും 10,000 രൂപ ശമ്പളം എടുക്കും. അത് തന്നെ മൂന്നോ നാലോ തവണയായിട്ടാണ് എടുത്തിരുന്നത്. ഞാന്‍ മറ്റ് സ്ഥലങ്ങളില്‍ എഴുതുന്നുണ്ടായിരുന്നു. അങ്ങനെയൊരു നാല് വര്‍ഷം കഴിഞ്ഞു. അങ്ങനെയിരിക്കേ, 2008-ല്‍ മാസിക വില്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മാതൃഭൂമി വാങ്ങിക്കാമെന്നും ശ്രേയംസ് വിളിച്ചു ആരാഞ്ഞു. അദ്ദേഹം വിളിക്കുന്നതിന് തലേ മാസം കൂടെ ഞാന്‍ 12 ലക്ഷം രൂപ ബ്ലേഡ് പലിശയില്‍ കടം എടുത്തിരുന്നു. മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പ്രസില്‍ പണം കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. പണം കിട്ടാതെ പ്രിന്റ് ചെയ്യാന്‍ പറ്റില്ലെന്ന് പ്രസില്‍ നിന്നും വിളിച്ച് പറഞ്ഞു. പണം എവിടെ നിന്നെങ്കിലും മറിക്കാതെ ഇനി ഓടുകയില്ലെന്ന് ശ്രീകുമാറും ശ്രീജിത്തും പറഞ്ഞു. മൂന്ന് പേരും ശ്രമിക്കാമെന്ന് തീരുമാനിച്ചു. എങ്കിലും അവര്‍ ശ്രമിച്ചിട്ട് കിട്ടുന്നില്ലെന്ന് രണ്ട് പേരും ദിവസവും വന്ന് പറയും. ഒടുവില്‍ എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ സുഹൃത്ത് നാരായണന്റെ കൈയില്‍ നിന്നും 12 ലക്ഷം രൂപ മറിച്ച് തന്നു. ഈയൊരു സാഹചര്യത്തിലാണ് ശ്രേയംസ് കുമാറിന്റെ ഓഫര്‍ വരുന്നത്.

ഞങ്ങള്‍ മൂന്ന് പേരും കോഴിക്കോട് ചെന്ന് ശ്രേയംസിനെ കണ്ടു. അദ്ദേഹം മാസികയ്ക്ക് 35 ലക്ഷം രൂപ വില പറഞ്ഞു. ആ പണം ഞങ്ങളുടെ കടം വീട്ടാനേ തികയത്തുള്ളൂ. നിങ്ങള്‍ക്കെല്ലാം മാതൃഭൂമിയില്‍ ജോലി നല്‍കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ഓഫര്‍. ഞങ്ങളെല്ലാം ഹാപ്പി.

ഈ വിഷയം മാതൃഭൂമിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വയ്ക്കേണ്ടതുണ്ട്. 35 ലക്ഷം രൂപയ്ക്ക് ടോപ് ഗിയര്‍ മാതൃഭൂമിക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് മൂന്ന് പേരും ഒപ്പിട്ട ഒരു കത്ത് നല്‍കണമെന്ന് ശ്രേയംസ് ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളത് കൊടുത്തു. 35 ലക്ഷം രൂപ കിട്ടുന്നു, അടുത്ത മാസം മുതല്‍ ഞങ്ങള്‍ മാതൃഭൂമിയില്‍ വീണ്ടും ജോലി ചെയ്യാന്‍ പോകുന്നു എന്ന സന്തോഷവുമായി ഞങ്ങള്‍ നടക്കുകയാണ്. കടം തീര്‍ത്ത് കഴിഞ്ഞാല്‍ ബാക്കി അഞ്ച് ലക്ഷം രൂപയേ കൈയില്‍ ഉണ്ടാകത്തുള്ളൂ. എന്നാല്‍ പോലും തലവേദന തലയില്‍ നിന്നും പോകുമല്ലോ.

പങ്കാളികളുടെ ചതി, മാസിക കൈവിട്ട് പോകുന്നു

ഒരു ദിവസം വില്‍പനയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ കൂടി. മാസിക വില്‍ക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ശ്രീകുമാര്‍ നിലപാട് മാറ്റി. ഞാന്‍ ഞെട്ടി. എന്താ ശ്രീകുമാറേ അങ്ങനെ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. വില്‍ക്കുകയാണെങ്കില്‍ താനെടുത്ത് കൊള്ളാമെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. ഞാന്‍ ചോദിച്ചു, നിങ്ങളുടെ കൈയില്‍ പൈസയുണ്ടോ. അല്ല ഞാനത് ഉണ്ടാക്കി കൊള്ളാമെന്ന് ശ്രീകുമാര്‍ പറഞ്ഞു. നമ്മള്‍ ശ്രേയംസിന് കൊടുത്ത വാക്കോയെന്ന് ഞാന്‍ ചോദിച്ചു. അത് കുഴപ്പമില്ല ശ്രേയംസിനെ താന്‍ വിളിച്ച് സംസാരിച്ചോളാമെന്ന് ശ്രീകുമാര്‍ പറഞ്ഞു. ഇതൊക്കെ കേട്ട് ശ്രീജിത്തും ഞെട്ടുന്നു.

നിങ്ങള്‍ക്ക് 35 ലക്ഷം കിട്ടും. മാതൃഭൂമിയിലെ ജോലിയൊന്നും എന്റെ പ്രശ്നമല്ല. എനിക്കവിടെ ജോലിക്ക് പോകണമെന്നുമില്ല. ശ്രീകുമാര്‍ പറഞ്ഞു.

ഞാന്‍ തകര്‍ന്നു പോയി. ഞാന്‍ ശ്രേയംസിനെ വിളിച്ചു. ഈ രണ്ട് പേരും ശരിയല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അതിനാല്‍ ഇത് നടക്കുമെന്ന് തോന്നിയിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. ബൈജു വിഷമിക്കണ്ട. ടോപ് ഗിയര്‍ അവര്‍ കൊണ്ടു പോകട്ടെ. നമുക്ക് പുതിയ മാഗസീന്‍ തുടങ്ങാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാലും എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ ഓഫീസില്‍ മൂന്ന് നാല് ദിവസം പോയില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ശ്രീജിത്ത് വിളിച്ചു. ശ്രീകുമാറേട്ടനോട് സംസാരിച്ചു. പക്ഷേ, പുള്ളി അടുക്കുന്നില്ല. ചേട്ടന്‍ ഇങ്ങനെ വെറുതെ നിന്നിട്ട് കാര്യമില്ല. ഞാനുമുണ്ട് നിങ്ങളുടെ കൂടെ. നമുക്കത് വിടാം. പുള്ളി കൊണ്ട് പോകട്ടേയെന്ന് ശ്രീജിത്ത് പറഞ്ഞു. അവസാനം എന്റെ അച്ഛനും ശ്രീജിത്തിന്റെ അച്ഛനും എല്ലാവരും വന്നു. അവിടെ വച്ച് ശ്രീകുമാര്‍ ശ്രീജിത്തിനെ ഭയങ്കര വഴക്ക് പറയുന്നുണ്ടായിരുന്നു. നല്ല അഭിനയമായിരുന്നു. എല്ലാം കഴിഞ്ഞ് 35 ലക്ഷം രൂപയുടെ ചെക്ക് ശ്രീകുമാര്‍ തന്നു.

ശ്രീകുമാറിന് മാഗസിന്‍ തരുന്നില്ല എന്ന് പറയാന്‍ പറ്റാതെ ഞാന്‍ പെട്ടുപോയത് 12 ലക്ഷം രൂപയുടെ ബ്ലേഡ് കടമായിരുന്നു. എന്റെ അച്ഛന്‍ കൊടുത്തിരിക്കുന്ന ചെക്കാണ്. അതിലാണ് അവന്‍മാര്‍ എന്നെ വീഴ്ത്തിയത്. അതിനുവേണ്ടിയുള്ള തന്ത്രമായിരുന്നു അവര്‍ നേരത്തെ ഒരുക്കിയത്. ശ്രീജിത്ത് ഇതിന്റെ കൂടെയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ശ്രീകുമാറിനെ അവന്‍ പരിചയപ്പെടുന്നത് എന്റെ ഓഫീസില്‍ വച്ചാണ്. അത്രയ്ക്കുള്ള ബന്ധമേ അവര്‍ തമ്മിലുള്ളൂ. അവസാനം എല്ലാ ചെലവും കഴിഞ്ഞ് എനിക്ക് കിട്ടിയത് 38,000 രൂപയാണ്. അതുപയോഗിച്ച് ഭാര്യയ്ക്ക് സ്‌കൂട്ടി വാങ്ങി നല്‍കി.

ടി എന്‍ കൃഷ്ണന്‍ കുട്ടി നായര്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഛായാഗ്രാഹകന്‍

എല്ലാം തകര്‍ന്ന് ഞങ്ങള്‍ തിരിച്ച് വന്നു. ഞാന്‍ ഉണ്ടാക്കിയ,എന്റെ കഷ്ടപ്പാടിന്റെ ഫലമായിരുന്നു ആ മാസിക. എന്റെ മാനസ സന്തതിയാണല്ലോ ടോപ് ഗിയര്‍. പിറ്റേദിവസം രാവിലെ ഞാന്‍ ശ്രീജിത്തിനെ വിളിച്ചു. ഇനിയെന്താ പരിപാടിയെന്ന് ചോദിച്ചു. അത് ചേട്ടാ ഞാന്‍ ശ്രീകുമാറേട്ടന്റെയൊപ്പം ഉണ്ട് എന്ന് അവന്‍ മറുപടി പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും അധികം ഞെട്ടിയ നിമിഷം. നീയെന്താ പറയുന്നത്, ഞാന്‍ ചോദിച്ചു. പുള്ളിയുടെ കൂടെ നിന്നാലെ രക്ഷപ്പെടു ചേട്ടാ. എന്നെയങ്ങ് വിട്ടേക്കെന്ന് അവന്റെ മറുപടി.

ഞാന്‍ ശ്രീജിത്തിന്റെ അച്ഛനെ വിളിച്ചു. ഇന്ന് രാവിലെയാണ് ശ്രീകുമാറിനോടൊപ്പമാണ് അവന്‍ നില്‍ക്കുന്നതെന്ന് തന്നോട് പറയുന്നതെന്ന് അച്ഛന്‍ പറഞ്ഞു.

അതുകഴിഞ്ഞിട്ട് ടോപ് ഗിയറിന്റെ ഡിസൈനറായിരുന്ന സുബിന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു മാസം മുമ്പ് ശ്രീകുമാര്‍ സുബിനെ വീട്ടിലേക്ക് വിളിപ്പിച്ചു. ഓഫീസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നീ എന്റെ കൂടെ നിന്നോളണം എന്നും ശ്രീകുമാര്‍ സുബിനോട് പറഞ്ഞു. എന്താ സംഭവമെന്ന് സുബിന്‍ എടുത്ത് ചോദിച്ചു. ടോപ്പ് ഗിയര്‍ താന്‍ വാങ്ങിക്കുകയാണെന്ന് ശ്രീകുമാര്‍ വെളിപ്പെടുത്തി. അതെങ്ങനെ, അത് ബൈജു ചേട്ടന്റെ കൈയിലല്ലേയെന്നും അതെങ്ങനെ വാങ്ങിക്കുമെന്നും സുബിന്‍ ചോദിച്ചു. വാങ്ങിക്കാനുള്ള തന്ത്രങ്ങള്‍ ഒരുങ്ങുകയാണെന്ന് ശ്രീകുമാര്‍ പറഞ്ഞു. ശമ്പളം തരുന്ന ആരാണോ അയാളുടെ കൂടെ നില്‍ക്കുമെന്ന് സുബിന്‍ ശ്രീകുമാറിന് ഉറപ്പു കൊടുത്തു.. എന്നിട്ട് ശ്രീജിത്ത് എവിടെ നില്‍ക്കുമെന്ന് അയാള്‍ ചോദിച്ചപ്പോള്‍ ശ്രീജിത്ത് അകത്ത് നിന്നും പ്രത്യക്ഷപ്പെട്ടു. ഞാനുമുണ്ട് ശ്രീകുമാറേട്ടന്റെ കൂടെയെന്ന് ശ്രീജിത്ത് പറഞ്ഞു.

സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്: ശ്രീലക്ഷ്മി അറയ്ക്കല്‍

നീയിതെന്നോട് ഒരു മാസം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ ഇതൊന്നുമല്ല സംഭവിക്കുമായിരുന്നത് എന്ന് ഞാന്‍ സുബിനോട് പറഞ്ഞു. ഞാനെന്തിനാ ഇതൊക്കെ പറയുന്നതെന്നും നിങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ലേയെന്നും വിചാരിച്ചുവെന്നായിരുന്നു മറുപടി.

എല്ലാം ശരിയാക്കാമെന്ന് ശ്രേയംസ്

ഞാന്‍ ശ്രേയംസിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. കുറച്ചു കാലത്തിനുള്ളില്‍ എല്ലാം ഉടന്‍ ശരിയാക്കാം എന്ന് അദ്ദേഹം ഉറപ്പ് തന്നു. അങ്ങനെ ഒന്നര വര്‍ഷം ഞാന്‍ നിന്നു. അദ്ദേഹത്തിന്റെ പ്രശ്നമായിരുന്നില്ല. അത് മാതൃഭൂമിയിലെ പ്രശ്നമാണ്. അദ്ദേഹം വിചാരിച്ചാല്‍ പോലും നടക്കാത്ത അവസ്ഥയായിരുന്നുവെന്ന് ഈ ഒന്നര വര്‍ഷം കൊണ്ട് എനിക്ക് മനസ്സിലായി. കാരണം അതിനിടയില്‍ അദ്ദേഹം എന്നെ എച്ച് ആറില്‍ നിന്നും വിളിപ്പിക്കുന്നുണ്ട്. ഞാന്‍ മാതൃഭൂമി ഓഫീസില്‍ ചെല്ലുന്നുണ്ട്. ശമ്പളത്തെ കുറിച്ച് സംസാരിക്കുന്നൊക്കെയുണ്ട്. പക്ഷേ സംഭവം നടക്കില്ലെന്ന് ഒന്നര വര്‍ഷം കൊണ്ട് എനിക്ക് മനസ്സിലായി.

ഇനിയിങ്ങനെ നില്‍ക്കാന്‍ പറ്റില്ലെന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞു. ഇവിടെ ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹവും പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ വാഹനമാസിക തുടങ്ങുന്നതിനെ എതിര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നെ ഞാന്‍ വേറെ എന്തെങ്കിലും നോക്കട്ടേയെന്ന് ചോദിച്ചു. തല്‍ക്കാലം വേറെയെന്തെങ്കിലും നോക്കിക്കൊള്ളാന്‍ അദ്ദേഹം പറയുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ ടിവി ഓട്ടോമൊബല്‍ ഷോ

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ചാനല്‍ പ്രോഗ്രാം ചെയ്തത് ഞാനാണ്. 1998-ലായിരുന്നു അത്. കമ്മാര സംഭവത്തിന്റെ സംവിധായകനായ രതീഷ് അമ്പാട്ടാണ് ആ ആശയവുമായി എന്നെ സമീപിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. അന്ന് അദ്ദേഹം ആര്‍ട്ട് ഫിലിം ഡയറക്ടറും സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനുമൊക്കെയായിരുന്നു. ഓപല്‍ ആസ്ട്രയായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. പണ്ടത്തെ വിജനമായ കാക്കനാട് ആയിരുന്നു ഷൂട്ടിങ്. നാല് എപ്പിസോഡ് ചിത്രീകരിച്ച് സൂര്യ ടിവിയില്‍ ടെലികാസ്റ്റും ചെയ്തു. അന്ന് ഇന്ത്യയില്‍ ഒരു ചാനലിലും ഇങ്ങനെയൊരു പരിപാടിയില്ല. നാല് എപ്പിസോഡ് കഴിഞ്ഞപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു. പിന്നെ വണ്ടിയുമില്ല. ആ സമയത്ത് എല്ലാ ആഴ്ചയിലും പുതിയ വണ്ടി ഇറങ്ങുന്നുണ്ടായിരുന്നില്ല. അങ്ങനെ ആ പരിപാടി നിന്നു പോയി.

സുജാതന്‍: നാടകത്തിന്റെ ലൊക്കേഷന്‍ നിര്‍മ്മാതാവ്‌

ടോപ് ഗിയര്‍ വിട്ട് നിന്ന സമയത്ത് എന്നെ എം വി നികേഷ്‌കുമാര്‍ വിളിച്ചു. ഇന്ത്യാവിഷനില്‍ സമാനമായ പരിപാടി അവതരിപ്പിക്കാമോയെന്ന് ചോദിച്ചു. അങ്ങനെ 2008-ല്‍ വീക്ക്ലി പ്രോഗ്രാം തുടങ്ങി. അന്ന് മാസം 8000 രൂപ കിട്ടും. ആ ഒറ്റ വരുമാനത്തില്‍ ഒന്നര വര്‍ഷം ജീവിച്ചു. ഭയങ്കര കഷ്ടപ്പെട്ട സമയമായിരുന്നു അത്.

റിവേഴ്സ് ഗിയറിലായ ടോപ് ഗിയറിനെ ഓവര്‍ടേക്ക് ചെയ്യുന്നു

അങ്ങനെയിരിക്കേ സഹപാഠി കൂടിയായ സുഹൃത്ത് ഷംല വിളിച്ചു. ഡിഗ്രി ക്ലാസ് മേറ്റാണ്. എന്റെ അടുത്ത സുഹൃത്താണ് അവള്‍. ഒരു പുതിയ പ്രൊജക്ട് ചര്‍ച്ച ചെയ്യാന്‍ എന്നെ അവര്‍ വീട്ടിലേക്ക് വിളിച്ചു. അവരുടെ ഭര്‍ത്താവ് അഫ്സല്‍ ഉണ്ടായിരുന്നു. അഫ്സല്‍ ഇന്‍വെസ്റ്റ് ചെയ്യാം. ഓട്ടോമൊബൈല്‍ മാഗസീന്‍ തുടങ്ങാമോയെന്ന് അവര്‍ ചോദിച്ചു. ബൈജു പാര്‍ട്ട്ണര്‍ ആകണം എന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ട്ണര്‍ എന്ന പരിപാടിക്ക് ഇനി ജീവിതത്തില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അഫ്സലിന്റെ കൈയില്‍ പൈസയുണ്ടോ. തുടങ്ങാം. ഞാന്‍ നന്നായി ചെയ്തു തരാം. എനിക്ക് ശമ്പളം തന്നാല്‍ മതിയെന്ന് പറഞ്ഞു.

പണം എത്ര വേണമെങ്കിലും ഇന്‍വെസ്റ്റ് ചെയ്യാമെന്ന് അഫ്സല്‍ പറഞ്ഞു. അങ്ങനെ പുള്ളിയും ഷംലയും തന്ന ധൈര്യത്തില്‍ ഓവര്‍ ടേക്ക് എന്ന മാസിക തുടങ്ങി. അപ്പോഴേക്കും ടോപ് ഗിയറില്‍ സ്ഥിരം പ്രശ്നങ്ങളായി. കാരണം അവരൊന്നും ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരായിരുന്നു. ശ്രീജിത്ത് അടിച്ചു പിരിഞ്ഞ് പോയി. ശ്രീകുമാര്‍ ജോലി ചെയ്യുന്നില്ല. പലയിടത്തുനിന്നായി പൈസ വാങ്ങിക്കുന്നു. അവരെല്ലാം വഴക്കുണ്ടാക്കുന്നു. അങ്ങനെ റിവേഴ്സ് ഗിയറിലായിരുന്നു ടോപ് ഗിയര്‍.

ആ സമയത്താണ് ഞങ്ങള്‍ ഓവര്‍ടേക്ക് തുടങ്ങുന്നത്. ആ സമയത്ത് മനോരമ ഫാസ്റ്റ് ട്രാക്ക് തുടങ്ങിയിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം സിനിമ എഴുതിയ നവീന്‍ ഭാസ്‌കര്‍ ഓവര്‍ടേക്കില്‍ ചീഫ് സബ് എഡിറ്ററായിരുന്നു. വനിതയില്‍ നിന്നായിരുന്നു നവീന്‍ ഇങ്ങോട്ടേക്ക് വരുന്നത്. നല്ല ഫീച്ചറുകള്‍ ഓവര്‍ടേക്കില്‍ ചെയ്തു. ഞാന്‍ ശ്രേയംസ് കുമാറിനെ ചെന്ന് കണ്ടു. ഓവര്‍ടേക്ക് മാതൃഭൂമി വഴി വിതരണം അദ്ദേഹം ചെയ്യാമെന്നേറ്റു. നല്ല വരുമാനവും വന്നു. ടോപ് ഗിയറില്‍ നിന്ന് ഞാനിറങ്ങുമ്പോള്‍ ഒന്നര ലക്ഷം രൂപയായിരുന്നു വരുമാനം. എന്നാല്‍ ഓവര്‍ടേക്കില്‍ മാസം 10 ലക്ഷം വരെ പോയി. ഈ ലഭിക്കുന്ന പണം മുഴുവന്‍ അഫ്സല്‍ എടുത്ത് റിയല്‍ എസ്റ്റേറ്റില്‍ മുടക്കി. ഇവിടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ശമ്പളമില്ലാത്ത അവസ്ഥയിലെത്തി.

ബൈജു എന്‍ നായര്‍

ഓവര്‍ടേക്കിലും എഞ്ചിന്‍ പ്രശ്നങ്ങള്‍

ഈ മനുഷ്യന് സത്യസന്ധത എന്നൊരു സാധനമില്ല. അയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. ഷംലായകട്ടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല സ്വഭാവമുള്ള സ്ത്രീയും. ഉദാഹരണമായി, ബൈജു ഒന്ന് പാലാരിവട്ടം പോയിട്ട് വാ എന്ന് പറയും. കുറച്ച് കഴിഞ്ഞ് പുള്ളി വിളിക്കും. ബൈജു എവിടെയാണെന്ന് ചോദിക്കും. ഞാന്‍ പാലാരിവട്ടത്ത് എന്ന് പറയും. എന്തിനാണ് അവിടെ പോയതെന്ന് ചോദിക്കും. അത് അഫ്സലല്ലേ പറഞ്ഞത്. ഞാന്‍ പറഞ്ഞോയെന്ന് അയാള്‍ തിരിച്ച് ചോദിക്കും. അങ്ങനത്തെ ഒരു മനുഷ്യന്‍. എനിക്ക് അവസാനം പിടിവിട്ടു. ഞാന്‍ സ്വാതന്ത്ര്യ മോഹിയാണ്. പിന്നെ ഞാന്‍ നന്നായി ജോലി ചെയ്യും. ഞാന്‍ മാതൃഭൂമിയില്‍ നിന്ന് രാജി വയ്ക്കുമ്പോള്‍ 13 കോമ്പന്‍സേറ്ററി ഓഫ് എന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ഞാന്‍ 13 ആഴ്ച ഓഫ് എടുക്കാതെ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ജോലി ആസ്വദിച്ച് ചെയ്യുന്നയൊരാളാണ്.

Lexie Alford, the 21-year-old girl to travel around the world says nothing is impossible for women

എന്നെ ഭരിക്കാന്‍ വരുന്നത് എനിക്കിഷ്ടമില്ല. നമ്മള് നന്നായി പണിയെടുക്കുന്നുണ്ട്. മാസികയ്ക്ക് നല്ല പേരായിട്ടുണ്ട്. വരുമാനം വരുന്നുണ്ട്. മാതൃഭൂമി വിതരണം ചെയ്യുന്നുണ്ട്. ഇത്രയൊക്കെ ചെയ്ത് കൊടുത്തിട്ടും ആവശ്യമില്ലാതെ തലയില്‍ കേറുന്നത് എനിക്ക് ഇഷ്ടമില്ല. അങ്ങനെയിരിക്കേ എന്തോ ഒരു പ്രശ്നം വന്നപ്പോള്‍ സത്യസന്ധനല്ലാത്ത ഒരാളുടെ കൂടെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ട് ഞാന്‍ ഇറങ്ങിപ്പോന്നു. അപ്പോഴും എന്റെ ബാങ്ക് അക്കൗണ്ടില്‍ ഒന്നുമില്ല.

ഞാനൊരു സാമ്പ്രദായിക ഫെമിനിസ്റ്റ് മാത്രമല്ല: ഡോ സംഗീത ചേനംപുല്ലി സംസാരിക്കുന്നു

ഞാന്‍ കരുതി പുള്ളി അത് നിര്‍ത്തുമെന്ന്. പക്ഷേ, അത് നിര്‍ത്തിയില്ല. കൊണ്ടു നടന്നു. മൂന്ന് നാല് വര്‍ഷം പിന്നെയും അയാളത് നടത്തി. വണ്ടിയെന്താണെന്ന് അറിഞ്ഞു കൂടാത്ത ഒരു പെണ്‍കൊച്ചിനെ വച്ച് അയാളത് ഓടിച്ചു. ഒടുവില്‍ രക്ഷയില്ലാതെ നിന്നുപോയി. ഇതിനിടയില്‍ ഞാന്‍ ഇറങ്ങി നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ടോപ് ഗിയറും നിന്നു പോയി.

സ്മാര്‍ട്ട് ഡ്രൈവിങ്ങ്

നിലവില്‍ മനോരമയുടെ ഫാസ്റ്റ് ട്രാക്ക് മാത്രമേ ഓട്ടോമൊബൈല്‍ മാസികയായി മലയാളത്തില്‍ ഉള്ളു. ഒരു മാസികയ്ക്ക് കൂടെ സ്‌കോപ്പുണ്ടെന്ന് മനസ്സിലായി. കൈയില്‍ പണവുമില്ല. എങ്കിലും ഞാനൊരു മാസിക തുടങ്ങുകയാണെന്ന് പ്രസില്‍ ചെന്ന് പറഞ്ഞു. പ്രസാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. അവരുടെ പണം മാസാമാസം കൊടുക്കണം. ടോപ് ഗിയറില്‍ നിന്ന് പോരുമ്പോള്‍ പ്രസില്‍ കുറച്ച് പൈസ പെന്‍ഡിങ്ങിലുണ്ടായിരുന്നു. ഓവര്‍ടേക്കാകട്ടെ എന്റെ പേര് പറഞ്ഞ് 10-12 ലക്ഷം രൂപ കടമാക്കി. ചുരുക്കി പറഞ്ഞാല്‍ ഞാനൊരു മാസിക തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ ആരും കടം തരാത്ത അവസ്ഥയായി.

എങ്കിലും പ്രസുകാരോട് എന്നെ വിശ്വസിക്കണമെന്നും നാല് മാസത്തേക്ക് ഞാന്‍ പൈസ തരില്ലെന്നും പറഞ്ഞു. കാരണം ഏത് പരസ്യത്തിന്റേയും പൈസ വരുന്നത് മൂന്നാം മാസമാകും. ആദ്യ മൂന്ന് മാസം ഇറക്കുകയാണ് പ്രധാനം. ആ സമയത്ത് അവര്‍ ഓവര്‍ടേക്കിന് എതിരെ കേസ് കൊടുത്തിരുന്നു. എങ്കിലും പോയ് രക്ഷപ്പെട് എന്ന് പറഞ്ഞ് പ്രസുകാര്‍ എന്റെ ആവശ്യം അംഗീകരിച്ചു. പിന്നെ എന്നെ മകനെപ്പോലെ കരുതിയിരുന്ന സുഹൃത്ത് ലൈല കൂടി സഹായിച്ച് സ്മാര്‍ട്ട് ഡ്രൈവ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങി. അടുത്തമാസം ഞങ്ങള്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. വീണ്ടും ശ്രേയംസിനെ കണ്ടു. മാതൃഭൂമി വിതരണം ചെയ്തു കൊള്ളാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പക്ഷേ, ഓവര്‍ടേക്കിന്റെ വിതരണം വിട്ടില്ല. കാരണം അത് മോശമല്ലേ. അവര്‍ക്ക് വാക്ക് കൊടുത്തതല്ലേയെന്ന് അദ്ദേഹം പറഞ്ഞു. അത് നില്‍ക്കുമ്പോള്‍ നില്‍ക്കട്ടേയെന്ന് ശ്രേയംസ് കൂട്ടിച്ചേര്‍ത്തു. രണ്ട് മാസികകളും ഒരുമിച്ച് മാതൃഭൂമി വിതരണം ചെയ്തു. ഓവര്‍ടേക്ക് നിന്നിട്ടിപ്പോള്‍ രണ്ട് വര്‍ഷമായിട്ടുണ്ടാകും.

ടോപ് ഗിയര്‍ തുടങ്ങുമ്പോള്‍ സിംഗിള്‍ മാനേജ്മെന്റ് മാഗസീനുകള്‍ ഇല്ല. ഉള്ളതെല്ലാം ഗ്രൂപ്പുകളാണ്. മാതൃഭൂമി, മനോരമ, കേരള കൗമുദി അങ്ങനെയുള്ളത്. ആദ്യമായി സിംഗിള്‍ മനുഷ്യന്‍ തുടങ്ങിയ മാസികയാണ് ടോപ് ഗിയര്‍. ടോപ് ഗിയര്‍ തുടങ്ങി ഒരു വര്‍ഷത്തിനകം ഈ മോഡലില്‍ വന്ന മാസികയാണ് ഡിസൈനര്‍ ബില്‍ഡര്‍ എന്ന മാസിക. മലയാളത്തിലെ ആദ്യത്തെ ആര്‍ക്കിടെക്ചര്‍ മാസിക. എന്റെ ക്ലാസ് മേറ്റ് രമ എഡിറ്ററായി തുടങ്ങിയതാണ് അത്. ടോപ് ഗിയര്‍ തുടങ്ങിയപ്പോള്‍ തുടങ്ങിയ മാസികകളില്‍ ഇപ്പോള്‍ നില നില്‍ക്കുന്നത് ഈയൊറ്റ മാസിക മാത്രമാണ്. ധാരാളം മാസികകള്‍ വന്ന്, നിന്നു പോയി.

അടൂരിന്റെ ആദ്യ ചിത്രം സ്വയംവരമല്ല, അദ്ദേഹത്തിന്റെ കലാസംവിധായകന്‍ ശിവന്‍ വെളിപ്പെടുത്തുന്നു

മാസിക നടത്തുന്നത് ഞാണിന്‍മേല്‍ കളിയാണ്. അത്രയ്ക്ക് ഡെഡിക്കേറ്റഡ് ആയി നില്‍ക്കണം. ഒരു സെക്കന്റ് ഉഴപ്പിയോ, താഴെപ്പോകും. രണ്ടാമത്തെ കാര്യം ചെലവാണ്. ഞാനൊരു ബിസിനസ് മാനേയല്ല പക്ഷേ, പൂട്ടിപ്പോകാതെ എങ്ങനെ കൊണ്ടു നടക്കാം എന്ന് പഠിച്ചത് കൊണ്ടാണ് സ്മാര്‍ട്ട് ഡ്രൈവ് ഇപ്പോഴും ഓടിച്ചു കൊണ്ട് നടക്കാന്‍ പറ്റുന്നത്.ഞങ്ങള്‍ ഓണ്‍ലൈനീലും സജീവമാണ്.



വ്യത്യസ്ത, അതിജീവന മന്ത്രം

കണ്ടന്റ് വച്ചാണ് ഞങ്ങള്‍ പിടിച്ച് നില്‍ക്കുന്നത്. മനോരമയും ഞങ്ങളും മാത്രമേയുള്ളൂ. പക്ഷേ, ഞങ്ങള്‍ക്ക് തൊടാന്‍ പറ്റുന്ന സാധനമേയല്ലല്ലോ മനോരമ. ഞങ്ങള്‍ എപ്പോഴും വളരെ വ്യത്യസ്തമായ കണ്ടന്റാണ് കൊടുക്കുന്നത്. അതുകൊണ്ടാണ് മാസിക വായിക്കാന്‍ ആളുള്ളത്. സ്മാര്‍ട്ട് ഡ്രൈവിനൊരു പ്രത്യേകതയുണ്ടെന്ന് മറ്റു മാസികകള്‍ വായിക്കുന്നവര്‍ പറയാറുണ്ട്. ഓട്ടോമൊബൈല്‍ മാസികയാണെങ്കില്‍ പോലും ഞങ്ങള്‍ സാഹിത്യകാരന്‍മാരുടെ വണ്ടികളെപ്പറ്റി ചെയ്യും. സി രാധാകൃഷ്ണനൊന്നും വേറൊരു ഓട്ടോമൊബൈല്‍ മാസികകളിലും പ്രത്യക്ഷപ്പെടുകയില്ല. കുറച്ച് കാലം ലൈഫ് ഓണ്‍ ദ മൂവ് എന്നൊരു കോളം ഉണ്ടായിരുന്നു. ഡ്രൈ ആയിപ്പോകരുതെന്നുണ്ട്.

യാത്രയുടെ തുടക്കം

ടോപ് ഗിയര്‍ തുടങ്ങിയത് മുതല്‍ തന്നെ ഒരു ഡെസ്റ്റിനേഷനിലേക്ക് ഒരു വണ്ടിയെടുത്ത് പോകുമായിരുന്നു. ഞങ്ങള്‍ പോയ സ്ഥലങ്ങളെക്കുറിച്ച് മാസികയില്‍ വായിച്ചശേഷം പിന്നീട് ആ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ടായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍, മലയാളികള്‍ അധികം പോകാതിരുന്ന ഉള്‍പ്രദേശങ്ങളായ ഹംപി പോലുള്ള സ്ഥലങ്ങള്‍ എല്ലാം ഞങ്ങള്‍ പോയിരുന്നു. ആ ഒരു കോളം ഞങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇവിടെയിരിക്കുമ്പോള്‍ ഒരു യാത്ര എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഓട്ടോമൊബൈലും യാത്രയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയുമാണല്ലോ.

ഓമന പള്ളീലച്ചന്‍: കത്തോലിക്ക സഭയ്ക്കുള്ള പ്രൊട്ടന്‍സ്റ്റന്റ് മാതൃക

എന്റെ അച്ഛനും അമ്മയും വളരെ യാത്ര താല്‍പര്യമുള്ളവരാണ്. അവര്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിലായിരുന്നു ജോലി. എല്ലാ വെക്കേഷനും ഞങ്ങള്‍ യാത്ര പോകുമായിരുന്നു. പിജി പഠനം പൂര്‍ത്തിയാക്കും മുമ്പ് തന്നെ എനിക്ക് മാതൃഭൂമിയില്‍ ജോലി കിട്ടിയിരുന്നു. പൈസ കൈയില്‍ വന്ന് തുടങ്ങിയത് മുതല്‍ യാത്രയും സജീവമാക്കി. അന്ന് ആര്‍ എക്സ് 100 ഉണ്ട്. മൊബൈലും ജി പി എസും ഇല്ലാത്ത അക്കാലത്ത് ഇന്ത്യ മുഴുവന്‍ ആ ബൈക്കില്‍ പോയിട്ടുണ്ട്.

വിദേശയാത്രയെന്നത് വളരെ അകലെ നില്‍ക്കുന്ന ഒന്നായിരുന്നു. പക്ഷേ, വിദേശത്ത് പോകണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. പണ്ടൊക്കെ വിദേശ സിനിമകള്‍ കാണുന്നത് വിദേശ രാജ്യം കാണാനാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ലോകം കാണണമെന്ന ആഗ്രഹം അതിയായുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഇംഗ്ലഷ് സിനിമ ഒറ്റ ഷോ വരുന്നൊരു തിയേറ്ററുണ്ട് നാട്ടില്‍. അനുപമ. അവിടെ സിനിമ കാണാന്‍ പോകുമായിരുന്നു. സിനിമയുടെ പേരൊന്നും അറിയുന്നുണ്ടാകില്ല. പക്ഷേ, ലൊക്കേഷനുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത്ര പാഷണേറ്റായിരുന്നു യാത്രയുടെ കാര്യത്തില്‍.

ആദ്യ വിദേശയാത്ര, വിസയില്ലാത്ത ശ്രീലങ്കന്‍ മണ്ണില്‍

ടോപ് ഗിയര്‍ തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേക്കും തായ്ലന്റില്‍ പോകാനൊരു അവസരം വരുന്നുണ്ടെന്ന് ജമേഷ് പറഞ്ഞു. തിരൂരില്‍ ജമേഷിന് കുറച്ച് സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് തായ്ലന്റില്‍ നിന്നും സാധനങ്ങള്‍ കൊണ്ട് വന്നു വില്‍ക്കുന്ന പരിപാടിയുണ്ട്. അവര്‍ ടിക്കറ്റെടുത്ത് തരും. നമ്മള്‍ വലിയ ലഗേജൊന്നുമില്ലാതെ അവരുടെ കൂടെ പോകണം. തിരിച്ച് നമ്മുടെ പേരില്‍ കുറച്ച് സാധനങ്ങള്‍ അവര്‍ ഇങ്ങോട്ടേക്ക് കൊണ്ട് വരും. നമുക്ക് മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. മയക്ക് മരുന്ന് വല്ലതും ഉണ്ടോയെന്ന് ഞാന്‍ എടുത്ത് ചോദിച്ചിരുന്നു. ഇല്ലായെന്ന് ഉറപ്പ് ലഭിച്ചു. അങ്ങനെയാണ് ആദ്യ വിദേശ യാത്ര നടക്കുന്നത്. വിദേശയാത്രയുടെ യാതൊരു കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു. തായ്ലന്റില്‍ വിസ ഓണ്‍ അറൈവല്‍ ആണെന്ന് പോലും എനിക്ക് അറിയില്ല. അവര്‍ സ്ഥിരം പോകുന്നവരായതിനാല്‍ കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാമായിരുന്നു.

2006-ല്‍ ആയിരുന്നു ആ യാത്ര. അന്ന് ഇവിടെ നിന്നും നേരിട്ട് എയര്‍ ഏഷ്യയൊന്നും ഇല്ല. ശ്രീലങ്കന്‍ എയര്‍വേസില്‍ ശ്രീലങ്കയിലെത്തി. അവിടെ വൈകുന്നേരം അഞ്ച് മണിക്കാണ് എത്തിയത്. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കാണ് ശ്രീലങ്കയില്‍ നിന്നും തായ് ലന്റിലേക്കുള്ള വിമാനം. ഒരു രാത്രി ശ്രീലങ്കയിലുണ്ട്. ജീവിതത്തില്‍ ഇത്ര സന്തോഷം വേറെയുണ്ടായിട്ടില്ല. രാത്രി എയര്‍പോര്‍ട്ടില്‍ ഇരിക്കാം എന്നായിരുന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു, എനിക്ക് ഈ രാത്രിയിലെങ്കിലും ശ്രീലങ്ക കാണണം. ഞങ്ങളെ കൊണ്ടു പോയ സൈനുദ്ദീന്‍ പറഞ്ഞു, നിന്റെ ആവേശം എനിക്ക് മനസ്സിലായി നമുക്ക് പോകാം. അങ്ങനെ എല്ലാവരും കൂടെയിറങ്ങി. അന്നൊക്കെ തമിഴ് പുലി വാഴും കാലമായിരുന്നു. അത്ര പെട്ടെന്നൊന്നും വിമാനത്താവളത്തിന് പുറത്ത് വിടില്ല.

Football wasn’t a girl’s game for my villagers but I had proved otherwise: Manisha

സൈനുദ്ദീനെ കണ്ടാല്‍ ഒരു എസ് ഐ ലുക്കുണ്ട്. എന്റെ പിറകേ വന്നാല്‍ മതി. ഒന്നും മിണ്ടരുതെന്ന് സൈനുദ്ദീന്‍ പറഞ്ഞു. ഗേറ്റിലെത്തിയപ്പോള്‍ സെക്യൂരിറ്റി തടഞ്ഞു. വീ ആര്‍ ജേര്‍ണലിസ്റ്റിസ് ഫ്രം ഇന്ത്യ. രാവിലെയേ ഫ്ളൈറ്റുള്ളൂ. ടൗണ്‍ കാണാന്‍ പോകുന്നുവെന്ന് സൈനുദ്ദീന്‍ പറഞ്ഞു. അവര്‍ കടത്തി വിട്ടു. അങ്ങനെ വിസയൊന്നുമില്ലാത ഞങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങി. ആ രാത്രി മുഴുവന്‍ കൊളംബോയിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. പിറ്റേന്ന് തായ് ലന്റില്‍ ചെന്ന് ഇറങ്ങി.

പിന്നീട് കുറച്ച് കാലത്തേക്ക് വിദേശയാത്രയൊന്നും നടന്നില്ല. കാരണം പണമില്ലായ്മ തന്നെയാണ്. അങ്ങനെയിരിക്കേ, തിരൂരിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ഗണേഷ് എന്നൊരാളെ പരിചയപ്പെട്ടു. അദ്ദേഹം ടോപ് ഗിയര്‍ വായിക്കുന്നയാളാണ്. അദ്ദേഹം ഒരു ഓഫര്‍ തന്നു. സിങ്കപ്പൂര്‍, മലേഷ്യ ടിക്കറ്റ് തരാം. പകരം, അവരുടെ സ്ഥാപനത്തിന്റെ പേര് വച്ച് ഫീച്ചര്‍ മാസികയില്‍ എഴുതാമോയെന്ന്. അങ്ങനെ ജമേഷും ഞാനും സിങ്കപ്പൂരും മലേഷ്യയും സന്ദര്‍ശിച്ചു. അങ്ങനെ ആദ്യത്തെ രണ്ട് മൂന്ന് വിദേശയാത്രകള്‍ നടന്നു. ഇനി ഓസിലൊന്നും യാത്രകള്‍ നടക്കില്ലെന്ന് എനിക്ക് മനസ്സിലായി.



വിദേശത്തെ ടെസ്റ്റ് ഡ്രൈവുകളുടെ തുടക്കം

ഒരു ദിവസം ടോപ് ഗിയറിന്റെ ഓഫീസില്‍ ഒരു പയ്യന്‍ വന്നു. വിജോ വര്‍ഗീസ് എന്നാണ് പേര്. തായ് ലന്റിലെ ഒരു ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റാണ്. അവിടെ ജനിച്ച് വളര്‍ന്ന മലയാളിയാണ്. വിജോ നാട്ടില്‍ വന്നപ്പോള്‍ ടോപ് ഗിയര്‍ മാസിക കണ്ട് ഇഷ്ടപ്പെട്ട് എന്നെ പരിചയപ്പെടാന്‍ ഓഫീസ് അന്വേഷിച്ച് കണ്ട് പിടിച്ച് എത്തിയതാണ്.

ഇന്ത്യയില്‍ ഇറങ്ങും മുമ്പ് മിക്ക വാഹനങ്ങളും തായ്ലന്റില്‍ ഇറങ്ങും. ബൈജു അവിടേക്ക് വന്നാല്‍ ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യങ്ങള്‍ ചെയ്ത് തരാം എന്ന് വിജോ പറഞ്ഞു. ആ സമയത്ത് മനോരമ ഫാസ്റ്റ് ട്രാക്ക് തുടങ്ങിയ കാലമാണ്. മത്സരിക്കാനായി പുതിയ കണ്ടന്റുകള്‍ കൊടുക്കണമല്ലോ. അന്നും തായ്ലന്റിലേക്ക് ഇവിടെ നിന്നും നേരിട്ട് വിമാനമില്ല. ചെന്നൈയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സുണ്ട്. റേറ്റ് കുറവുമാണ്. കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറി ചെന്നൈയില്‍ പോകും. രാവിലെ ചെന്നൈയില്‍ എത്തും. അവിടെ നിന്നും രാത്രിയാണ് വിമാനം. രണ്ട് ദിവസം ഞാനും ജമേഷും തായ്ലന്റില്‍ താമസിച്ച് ടെസ്റ്റ് ഡ്രൈവ് നടത്തി ഷൂട്ട് ചെയ്ത് തിരിച്ച് വരും. അങ്ങനെ കുറെ യാത്രകള്‍ ചെയ്ത് വിദേശയാത്ര ഒരു ശീലമായി മാറി.

ചിട്ടി പിടിച്ചൊരു യൂറോപ്പ് യാത്ര

അങ്ങനെയിരിക്കേ, ഞാനൊരു ചിട്ടി പിടിച്ചു. ഒരു ലക്ഷത്തിപതിനായിരം രൂപ കിട്ടി. ഞാന്‍ യൂറോപ്പ് കാണാന്‍ പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞു. യൂറോപ്പ് കാണുകയാണ് എന്റെ അന്തിമ ലക്ഷ്യം. ഞാന്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയി വിവരങ്ങള്‍ തിരക്കി. അവര്‍ ഒരുലക്ഷത്തിമുപ്പത്തിയാറായിരം രൂപയ്ക്ക് യൂറോപ്പിലെ 16 രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന പാക്കേജിനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ ബുക്ക് ചെയ്തു. ഇപ്പോഴത് രണ്ടരലക്ഷം രൂപയാകും. ജോലി ഇല്ലാതിരിക്കുന്ന സമയത്തും ചിട്ടി പിടിക്കലാണ് എന്റെയൊരു ഹോബി. അത് എങ്ങനെയും ഞാന്‍ അടയ്ക്കും. അവസാനം ഒന്നൊന്നര ലക്ഷം രൂപ കിട്ടുമ്പോള്‍ ഞാന്‍ അതുമായി യാത്ര പോകും.

എനിക്ക് ഇപ്പോഴും തമാശയായി തോന്നുന്ന ഒരു സംഭവം ടോപ്പ് ഗിയറും ഓവര്‍ടേക്കും വിട്ടശേഷം എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോള്‍ എനിക്കൊരു ചിട്ടി കിട്ടി. അതുംകൊണ്ട് ഞാന്‍ ചൈനയ്ക്ക് പോയി. അന്നൊക്കെ ‘ചതിയും വഞ്ചനകളും ഏറ്റുവാങ്ങി’ ഭ്രാന്ത് പിടിച്ച് നില്‍ക്കുന്ന സമയമാണ്. ഷാങ്ഹായും ബീജിങും അങ്ങനെ കൊള്ളാവുന്ന സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചൊരു നല്ല യാത്രയായിരുന്നു അത്. അതിനൊക്കെ എന്റെ ഭാര്യ കൂട്ട് നില്‍ക്കുന്നുണ്ട്. യാത്ര വേണോ അവളെ വേണോ എന്നോട് ചോദിച്ചാല്‍ യാത്ര മതിയെന്ന് ഞാന്‍ പറയുമെന്ന് അവള്‍ക്ക് അറിയാം. ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിട്ടാണ് ഞാന്‍ സ്മാര്‍ട്ട് ഡ്രൈവ് തുടങ്ങുന്നത്.

എനിക്ക് വിസ കിട്ടിയത് അത്ഭുതമെന്നാണ് അവര്‍ തന്നെ പറയുന്നത്. ഈ 1.35 ലക്ഷം രൂപയല്ലാതെ എന്റെ അക്കൗണ്ടില്‍ വേറെ പണമില്ല. പിന്നെ എന്റെ പ്രായം 30 വയസ്സില്‍ താഴെയാണ്. ആ പ്രായത്തില്‍ സിംഗിള്‍ ഒരു മനുഷ്യന് ഒരിക്കലും വിസ കിട്ടുന്നതല്ല. എന്റെ യാത്രാ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം വിസകളാണ്.

ലണ്ടന്‍ യാത്രയില്‍ സുരേഷ് സാറും ലാലുവും നല്ല പണക്കാരാണ്. എന്റെ അക്കൗണ്ടില്‍ അന്നുമുള്ളത് പന്ത്രണ്ടായിരം രൂപയാണ്. ഇവരുടെ ചിന്ത ഞാന്‍ വലിയ പണക്കാരന്‍ ആണെന്നായിരുന്നു. വിസയ്ക്ക് കൊടുക്കാന്‍ എല്ലാവരുടേയും ബാങ്ക് സ്റ്റേറ്റ്മെന്റ് തരാന്‍ സുരേഷ് സാറ് പറഞ്ഞു. ലാല്‍ കൊടുത്തു. അതില്‍ ഇഷ്ടം പോലെ പൈസയുണ്ട്. എന്റെ കണ്ടിട്ട് സാറ്, ബൈജു ട്വല്‍തൗസന്റ് ഒണ്‍ലി! എന്ന് അത്ഭുതപ്പെട്ടു . എന്നിട്ട് അദ്ദേഹം ഫിക്സഡ് ഡിപ്പോസിന്റെ ഡീറ്റെയില്‍സ് കൂടെ കൊടുക്കാന്‍ പറഞ്ഞു. എന്റെ ജീവിതത്തില്‍ അങ്ങനയൊരു സാധനമില്ലെന്ന് ഞാനും പറഞ്ഞു. വിസ കിട്ടുന്ന കാര്യം സംശയമാണെന്ന് സാറ് പറഞ്ഞു. കൊടുത്ത് നോക്കാന്‍ ഞാന്‍ പറഞ്ഞു. അവരുടെ വിസയുടെ കൂടെ എന്റെ വിസയും അടിച്ചു വന്നു. അത് എങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല.

എന്റെ ഉള്ളില്‍ ഒരു കള്ളനുണ്ട്: ഇന്ദ്രന്‍സ്

ആദ്യത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിലും അങ്ങനെയായിരുന്നു. വിസ അടിച്ച് കിട്ടി. ഞാന്‍ 16 രാജ്യങ്ങളിലും പോയി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമായി കരുതുന്നത് അതാണ്. ഇതൊന്നുമല്ല ലോകമെന്ന് എന്നെ മനസ്സിലാക്കിയത് ഈ യാത്രയായിരുന്നു. യൂറോപ്പ് കണ്ടതോടെ നമ്മുടെ ഔട്ട് ലുക്കൊക്കെ മാറി. അന്ന് യുകെയില്‍ ചെന്നിറങ്ങിയിട്ട് മുഴുവന്‍ യാത്രയും ബസ്സുകളില്‍ ആയിരുന്നു. ഷിപ്പില്‍ ഫ്രാന്‍സിലെത്തി. അവിടെ നിന്ന് ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്റ്, ഇറ്റലി, റോം എല്ലാം സന്ദര്‍ശിച്ചു. ആ യാത്രയുടെ വിശേഷങ്ങള്‍ ഞാന്‍ ടോപ് ഗിയറില്‍ കുറെക്കാലം എഴുതിയിരുന്നു.

യാത്രകള്‍ നല്‍കുന്ന പാഠം

ആദ്യത്തെ ശ്രീലങ്കന്‍ യാത്ര കൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ വലിയൊരു മാറ്റം വന്നിരുന്നു. ആ യാത്രയ്ക്കുശേഷം ഞാന്‍ റോഡ് സൈഡില്‍ ആരെങ്കിലും റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ടാല്‍ അപ്പോള്‍ വണ്ടി നിര്‍ത്തും. ഇത് പണ്ട് ഒരിക്കലും ഞാന്‍ ചെയ്തിട്ടില്ല. ശ്രീലങ്ക എന്ന കുഞ്ഞു രാജ്യത്ത് ഒറ്റ രാത്രിയില്‍ നടന്ന് കഴിഞ്ഞപ്പോള്‍ ഞാന്‍ പഠിച്ച കാര്യമാണ്. അവരുടെ ട്രാഫിക് സെന്‍സും സിവിക് സെന്‍സും പരസ്പര ബഹുമാനവും ഒന്നും നമുക്കില്ല. ഇതൊക്കെ ഡ്രൈവിങ്ങില്‍ വേണ്ട കാര്യങ്ങളാണ്. അവിടെ നമ്മള്‍ റോഡ് ക്രോസ് ചെയ്യാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ തന്നെ വണ്ടികളൊക്കെ നിര്‍ത്തുകയാണ്. ഞാന്‍ അന്തംവിട്ടു പോയി. യാത്രകള്‍ എന്നെ അങ്ങനെ സംസ്‌കാരമുള്ളവനാക്കി മാറ്റി.

ടേബിള്‍ മര്യാദകള്‍ പഠിച്ചതും യാത്രകളാണ്. യൂറോപ്പില്‍ നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ സ്പൂണിന്റെ ശബ്ദം കേട്ടാല്‍ എല്ലാവരും നമ്മളെ തിരിഞ്ഞു നോക്കും. രാവിലെ ഒരാള്‍ കാണുമ്പോള്‍ യാതൊരു പരിചയവും ഇല്ലെങ്കിലും ഗുഡ് മോണിങ് പറഞ്ഞിട്ട് പോകുക. നമ്മള്‍ എവിടെ ചെന്നാലും ഒച്ച വച്ച് സംസാരിക്കും. മറ്റ് ഒരു രാജ്യത്തും ഒരാളും ഒച്ച വച്ച് സംസാരിക്കില്ല. അങ്ങനെ സംസാരിക്കുകയാണെങ്കില്‍ എല്ലാവരും നോക്കും. എന്തോ വലിയ പ്രശ്നമാണെന്നാണ് അവര്‍ കരുതുക.

ബൈജു എന്‍ നായര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

ലണ്ടനിലേക്കുള്ള യാത്രാ പദ്ധതിയുടെ ബീജാവാപം

ടോപ് ഗിയറില്‍ യാത്രാ വിവരണം സൗജന്യമായിട്ടാണ് എഴുതിയിരുന്നത്. ഒരു പുതിയ വണ്ടി എടുത്ത് ഏതെങ്കിലും ഡെസ്റ്റിനേഷനില്‍ പോയി വന്നിട്ട് അതേ കുറിച്ച് എഴുതും. ഓവര്‍ ടേക്ക് തുടങ്ങിയപ്പോള്‍ നമ്മളത് മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങി. ഓട്ടൊമൊബൈല്‍ കമ്പനികളുമായിട്ടുള്ള ടൈഅപ്പില്‍ അതൊരു പെയ്ഡ് യാത്രയാക്കി. ഏതെങ്കിലും സെലിബ്രിറ്റിയെ കൂടെ കൂട്ടി വേണം യാത്രയെന്ന് അവര്‍ നിര്‍ദ്ദേശം വയ്ക്കുന്ന മാസങ്ങളില്‍ അത്തരമൊരാളെ കൂടെ കൂട്ടും.

അങ്ങനെയിരിക്കേ, ബെന്‍സിനുവേണ്ടി ട്രാവലോഗ് ചെയ്യാന്‍ യാത്ര താല്‍പര്യമുള്ള സംവിധായകന്‍ ലാല്‍ ജോസിനേയും കൂട്ടി യാത്ര പോയി. അതിന് തൊട്ട് മുമ്പ് എന്റെ 16 രാജ്യങ്ങളിലെ യാത്രാ വിവരണം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പ്രകാശനത്തിന് സുരേഷ് ജോസഫിനേയും സന്തോഷ് ജോര്‍ജ് കുളങ്ങരെയുമാണ് ഞാന്‍ വിളിച്ചത്. ആ സമയത്താണ് സുരേഷ് സാറ് ലഡാക്കില്‍ നിന്നും കന്യാകുമാരിയിലേക്ക് കുറഞ്ഞ സമയം കൊണ്ട് കാറോടിച്ച് വന്ന റെക്കോര്‍ഡ് നേടി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അങ്ങനെയാണ് പ്രകാശനത്തിന് അദ്ദേഹത്തേയും വിളിച്ചത്.

ശോഭയും ബാലു മഹേന്ദ്രയും തമ്മിലെ ബന്ധം നീളില്ലെന്ന് അറിയാമായിരുന്നു: കെ ജി ജോര്‍ജ്‌

സന്തോഷിനേയും പരിചയപ്പെടുന്നത് ഇതുപോലൊരു സംഭവമാണ്. ടോപ് ഗിയറിന്റെ എഡിറ്റോറിയല്‍ പലപ്പോഴും ഓട്ടോമൊബൈല്‍ സംബന്ധിച്ചിട്ടുള്ളത് ആയിരിക്കില്ല. എല്ലാ വിഷയങ്ങളും വരും. ഇത് വായിച്ചിട്ട് എന്നെ പരിചയപ്പെടണമെന്ന് സന്തോഷിന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. എനിക്കും അദ്ദേഹത്തെ പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം സന്തോഷ് ഓഫീസ് ലാന്‍ഡ് ലൈനില്‍ വിളിച്ച് പരിചയപ്പെടുകയായിരുന്നു. അന്ന് മുതല്‍ ഞങ്ങള്‍ വലിയ കൂട്ടുകാരാണ് . രണ്ട് മൂന്ന് മാസം കൂടുമ്പോള്‍ ഞങ്ങള്‍ എവിടെയെങ്കിലും കൂടും. എന്നിട്ട് യാത്രകളെപ്പറ്റിയും നമ്മുടെ രാജ്യത്തെ പ്രശ്നങ്ങളുമൊക്കെ സംസാരിക്കും. ഒരു ദിവസം സന്തോഷ് പറഞ്ഞു നമുക്കിവിടെ നിന്ന് വണ്ടിയോടിച്ച് എവിടെയെങ്കിലും പോയാലോയെന്ന്. അങ്ങനെ നമ്മള്‍ കൊച്ചിയില്‍ നിന്നും സൈബീരിയയിലേക്ക് കാറില്‍ പോകാന്‍ തീരുമാനിച്ചു. സന്തോഷ് നല്ല തിരക്കുള്ള മനുഷ്യനാണ്. അങ്ങനെയത് നടക്കാതെ പോയി.

പുസ്തക പ്രകാശന ചടങ്ങിനിടെ സംസാരിക്കുമ്പോള്‍ പുതിയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോയെന്ന് സുരേഷ് സാറ് ചോദിച്ചു. ഞാനും സന്തോഷും സൈബിരിയന്‍ യാത്ര പ്ലാന്‍ ചെയ്തു. പക്ഷേ, അത് നടന്നില്ലെന്ന് സാറിനോട് പറഞ്ഞു. എനിക്കൊരു ലണ്ടന്‍ യാത്ര താല്‍പര്യമുണ്ടെന്നും ബൈജു കൂടുന്നുവോയെന്നും സാറ് ചോദിച്ചു. തയ്യാറാണെന്ന് ഞാനും പറഞ്ഞു.

ലാല്‍ ജോസിന്റെ ഭീഷണി

അങ്ങനെയിരിക്കുമ്പോഴാണ്, ലാല്‍ ജോസുമൊത്തുള്ള യാത്ര നടക്കുന്നത്. വാല്‍പ്പാറയിലേക്ക് ബെന്‍സില്‍ പോകുകയായിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നവീന്‍ പറഞ്ഞു, ലാലുവേട്ടാ ബൈജു വലിയ യാത്രക്കാരനാണ് കേട്ടോ. പുള്ളിക്ക് ലണ്ടനിലേക്ക് വണ്ടിയോടിച്ച് പോകാന്‍ പദ്ധതിയുണ്ട്. അത് കേട്ടതും ലാലു വണ്ടി നിര്‍ത്തി. ഞാന്‍ പേടിച്ച് പോയി. കാരണം എനിക്ക് പുള്ളിയെ വലിയ പരിചയമില്ല. സിനിമാക്കാരനാണ്. ഞങ്ങള്‍ പറഞ്ഞത് എന്തെങ്കിലും ഇഷ്ടപ്പെടാതെ പോയോ. നമുക്കറിയില്ലല്ലോ. പുള്ളി വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. ഞങ്ങളും കൂടെ ഇറങ്ങി. ഇനി മുന്നോട്ട് പോകുന്നില്ല. ലണ്ടനിലേക്ക് ഞാനും ഉണ്ട്. അല്ലെങ്കില്‍ ഈ യാത്ര ഇവിടെ അവസാനിപ്പിക്കാം. പുറത്തിറങ്ങിയ ലാലു പ്രഖ്യാപിച്ചു.

സുരേഷ് സാറിനോട് കൂടെ ചോദിക്കണമല്ലോ. വണ്ടി നിര്‍ത്തിയ സ്ഥലത്ത് മൊബൈലിന് റേഞ്ചുമില്ല. റേഞ്ച് കിട്ടുന്ന സ്ഥലം വരെ വണ്ടിയോടിച്ച് പോകാം. എന്നിട്ട് സാറിനെ വിളിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ റേഞ്ചുള്ളയിടത്ത് എത്തി സാറിനെ വിളിച്ച് ചോദിച്ചപ്പോള്‍ ‘ഹൗ ഈസ് ഹീ?’എന്ന് സാറ് ചോദിച്ചു. കുഴപ്പമില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. തിരിച്ച് വന്നിട്ട് നമുക്കിരിക്കാമെന്ന് സാറ് പറഞ്ഞു. സുരേഷ് സാറാണെങ്കില്‍ കേരളത്തില്‍ ജനിച്ചതൊന്നുമല്ല. ലാല്‍ ജോസ് ആരാണെന്ന് പോലും സാറിന് വലിയ പിടിയില്ല.. പിന്നെ ഗൂഗിള്‍ ചെയ്ത് നോക്കിയാണ് പഠിച്ചത്. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും കണ്ടു. ഒരുമിച്ച് സിങ്ക് ആകുമെന്ന് തോന്നി. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടി യാത്ര പോകാമെന്ന് തീരുമാനിച്ചു.

എല്‍ടിടിഇയുടെ പുലിമടയില്‍

എല്‍ടിടിഇ തലവന്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടശേഷം കൊല്ലപ്പെട്ട മേഖലയില്‍ ആദ്യമായി എത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകന്‍ ഞാനാണ്. എന്നെ കണ്ടാലൊരു സിംഹള ലുക്ക് ഉള്ളത് കൊണ്ട് സാധ്യമായതാണ് അത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞിരുന്നില്ല. പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്നേയുണ്ടായിരുന്നുള്ളൂ. ആ മേഖല മുഴുവന്‍ പട്ടാളത്തിന്റെ കീഴിലായിരുന്നു. ഓരോ സെക്കന്റിലും പരിശോധന. പ്രഭാകരനെ വെടിവച്ച് കൊന്ന നന്ദിക്കടല്‍ എന്ന സ്ഥലത്ത് മാത്രം ആരേയും കയറ്റിയില്ല. ബാക്കി എല്ലായിടത്തും, പ്രഭാകരന്‍ വസിച്ചിരുന്ന ബങ്കറിലടക്കം പോയിരുന്നു. അതേക്കുറിച്ച് ‘പുലിമടയില്‍’ എന്ന് തലക്കെട്ടിലൊരു ഫീച്ചര്‍ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ എഴുതിയിരുന്നു.



ഭൂട്ടാനിലേക്ക് കാറിലൊരു യാത്ര

ഇന്ത്യയില്‍ ഞാന്‍ ഒറ്റ സംസ്ഥാനത്തിലേ പോകാതെയുള്ളൂ. അരുണാചല്‍ പ്രദേശില്‍. മറ്റു സ്ഥലങ്ങളിലെല്ലാം കൊച്ചിയില്‍ നിന്നും വണ്ടിയോടിച്ച് പോയിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ തീര്‍ത്തിട്ടാണ് ഞാന്‍ വിദേശത്തേക്ക് പോയത്. ഭൂട്ടാനില്‍ പോകണമെന്ന് വലിയ ആഗ്രഹം. അന്ന് ഇന്റര്‍നെറ്റൊന്നുമില്ല. എങ്ങനെ ഭൂട്ടാനില്‍ കയറാന്‍ പറ്റുമെന്നോ, വണ്ടി കൊണ്ട് പോകാന്‍ പറ്റുമെന്നോ, ഏത് വഴി കയറുമെന്നോ അറിയത്തില്ല. അങ്ങനെയിരിക്കേ, ഒരു പട്ടാളക്കാരനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ടു. കൊല്‍ക്കത്തയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്തു നിന്നാണ് ഭൂട്ടാനില്‍ കയറുന്നതെന്ന് അയാള്‍ പറഞ്ഞ് തന്നു. ആ ഒരു അറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാനും ജമേഷും കൂടെ ടോയോട്ടയോട് ഇന്നോവ ചോദിച്ചു. അത് കിട്ടി.

‘വല വിരിച്ച ലോകത്തോട് മല്ലുവീട്ടമ്മമാര്‍ക്ക് പറയാനുള്ളത്‌’

ഒരു ദിവസം എന്റെ അമ്മാവന്റെ മകള്‍ ഗായത്രിയെ കണ്ടു. മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററായി ജോലി ചെയ്യുന്നു. അവളോട് ഈ യാത്രയെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ ഭൂട്ടാനില്‍ വര്‍ക്ക് ചെയ്യുന്ന സുഹൃത്തായ എബി തരകന്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകനെക്കുറിച്ച് പറഞ്ഞ് തന്നു. എബി ഇപ്പോള്‍ നാട്ടില്‍ തിരുവല്ലയിലുണ്ടെന്നും അവള്‍ പറഞ്ഞ് ഫോണ്‍ നമ്പര്‍ തന്നു. ഞാന്‍ എബിയെ വിളിച്ചു. എബി വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. എബി കാര്യങ്ങള്‍ വിശദമായി പറഞ്ഞു തന്നു. എബി ഭൂട്ടാനിലേക്കും പോയി.

ബൈജു എന്‍ നായര്‍

ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്ത് ഭൂട്ടാനില്‍ എത്തി. രാത്രി 10.30-ന് കൊടും മഞ്ഞ് വീഴ്ചയില്‍ എബി ഞങ്ങളെ കാത്ത് ഭൂട്ടാനില്‍ തിംബുവില്‍ റോഡരികില്‍ നിന്നു. എല്ലാവരും പാരോ, തിംഫു , പുനാഖ എന്നീ മൂന്ന് സ്ഥലങ്ങളിലേ ഇന്ത്യയില്‍ നിന്നുള്ളവര്‍ പോകാറുള്ളൂ. ഭുംതാങ് വാലി പോലെയുള്ള തുടങ്ങിയ അതിമനോഹരമായ സ്ഥലങ്ങള്‍ ഭൂട്ടാനില്‍ ഉണ്ട്. ഞങ്ങള്‍ ആ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അത് വഴി ആസാമിലെ സമുദ്രുപ് ജോങ്ഹാര്‍ എന്ന സ്ഥലത്ത് എത്തി. അവിടെ നിന്നും ഡല്‍ഹിയില്‍ എത്തി. പക്ഷേ, ഞങ്ങള്‍ എടുത്ത ഫോട്ടോകള്‍ കോപ്പി ചെയ്ത് ഇട്ടിരുന്ന ലാപ് ടോപ് മോഷണം പോയി. ഒരു പടം പോലുമില്ലാതെ തിരിച്ച് കൊച്ചിയിലെത്തി.

ജമ്മുകശ്മീരില്‍ പുകമഞ്ഞിലെ അപകട യാത്ര

ഒരിക്കല്‍ കൊച്ചിയില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് വണ്ടിയോടിച്ച് പോയി. ജമ്മുവിലെത്തി രാത്രി അവിടെ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്‍ പ്രദേശം മുഴുവന്‍ പുകമഞ്ഞായിരുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. അവിടെ നിന്ന് ശ്രീനഗറിലേക്ക് ഓടിക്കാനായിരുന്നു പരിപാടി. അവിടെയുണ്ടായിരുന്ന കാവല്‍ക്കാരനോട് ചോദിച്ചപ്പോള്‍ ഈ പുകമുഞ്ഞ് അടുത്തെങ്ങും മാറാന്‍ പോകുന്നില്ലെന്നും ലൈറ്റിട്ട് പതിയെ വണ്ടിയോടിച്ച് പോകാന്‍ അയാള്‍ ഉപദേശിക്കുകയും ചെയ്തു.

ഞങ്ങള്‍ യാത്ര ആരംഭിച്ചു. ഒരു ടവേരയായിരുന്നു ഓടിച്ചിരുന്നത്. ഉദംപൂരില്‍ എത്തിയപ്പോള്‍ അവിടെയുള്ളവര്‍ പറഞ്ഞു, ഇനിയങ്ങോട്ട് മഞ്ഞ് വീഴ്ചയാണ്. റോഡ് അടച്ചു. ഇപ്പോഴത്തെ ടണല്‍ അന്ന് വന്നിരുന്നില്ല. അവിടെ നിന്നിട്ട് ഒരു കാര്യവുമില്ല. യാത്ര തുടരാന്‍ ആകില്ല. ഞങ്ങള്‍ ഒരു ചായ കുടിക്കാന്‍ ചായക്കടയില്‍ കയറിയപ്പോള്‍ ഒരാള്‍ നൈനിറ്റാള്‍, ഋഷികേശ്, ഡെറാഡൂണ്‍ വഴി പോകാന്‍ പറഞ്ഞു. ഞങ്ങള്‍ അങ്ങനെ തീരുമാനിച്ച് വന്ന വഴി മടങ്ങി. അപ്പോഴാണ് ഞങ്ങളിങ്ങോട്ടേക്ക് വന്ന യാത്രയുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞത്. കാല് വിറച്ചുപോയി. കാരണം രാവിലെ പുകമഞ്ഞിലൂടെ രണ്ട് വശത്തും കൊക്കയുള്ള സ്ഥലങ്ങളിലൂടെ പത്ത് നൂറ് കിലോമീറ്റര്‍ ഓടിച്ചാണ് ഉദംപൂരില്‍ എത്തിയത്.

ഫെഡറല്‍ ബാങ്കിന്റെ പരസ്യം വന്ന വഴി

ഡെറാഡൂണിന് അടുത്ത് എടിഎമ്മില്‍ കയറാന്‍ നോക്കിയപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ എടിഎം. വര്‍ഷങ്ങളായി ഞങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ പരസ്യം ചോദിച്ച് തരുന്നില്ലായിരുന്നു. നമ്മളതൊന്നും ഓര്‍ക്കാതെ അതിന്റെയൊരു പടമെടുത്തു. അടുത്ത മാസത്തെ മാസികയിലെ യാത്രാ വിവരണത്തില്‍ നമ്മുടെ അഭിമാനമായ ഫെഡറല്‍ ബാങ്കിന്റെ ഡെറാഡൂണില്‍ പോലുമുണ്ട് എന്ന് പറഞ്ഞ് പടവും വച്ച് കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് ഫെഡറല്‍ ബാങ്ക് ഇങ്ങോട്ടേക്ക് വിളിച്ച് പരസ്യം തന്നു.

ഏറ്റവും പേടി വിമാന യാത്ര

ഇത്രയൊക്കെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ഏറ്റവും പേടി വിമാനയാത്രയാണ്. നിങ്ങളൊക്കെ വിചാരിക്കുന്നതിന്റെ അപ്പുറത്തെ പേടിയാണ്. അങ്ങനെയൊരു പേടി വരാനുള്ള കാരണം എനിക്ക് അറിയില്ല. ഒരു വിമാനയാത്രയിലും ഒരു സെക്കന്റ് പോലും ഉറങ്ങുകയുമില്ല. കണ്ണടയ്ക്കുകയുമില്ല. വായിക്കാറുണ്ട്. വിമാനത്തിലെ ടിവി പോലുള്ളതൊന്നും ഉപയോഗിക്കാനുള്ള മനസ്സാന്നിദ്ധ്യം ഇല്ല. വിമാനം കുഞ്ഞ് ചാട്ടം ചാടിയാല്‍പോലും ഞാന്‍ വിജിലന്റാകും. ഈ പേടി കാരണം മഴക്കാലത്ത് വിമാനയാത്ര ചെയ്യാറില്ല.

ചെറിയ ഇടങ്ങളോടുള്ള പേടിയായ ക്ലസ്റ്റ്ട്രോഫോബിയയും എനിക്കുണ്ട്. ചെറിയ കക്കൂസും ലിഫ്റ്റുമൊക്കെ ഇതു കാരണം പേടിയിടങ്ങളാണ്. ഒരു യാത്രികന് ഒരിക്കലും പാടില്ലാത്ത പേടികളാണിതൊക്കെ. ലിഫ്റ്റില്‍ കയറിക്കഴിഞ്ഞാല്‍ മുകളില്‍ എത്തുന്നത് വരെ ശ്വാസം പിടിച്ചാണ് നില്‍ക്കുന്നത്. ലിഫ്റ്റ് നിന്നു പോയാല്‍ നെഞ്ച് പറിഞ്ഞ് പോകുന്നതുപോലെയുള്ള ഭീതിയായിരിക്കും. അതുപോലെ ഇന്നോവയിലെ മൂന്നാമത്തെ നിരയിലെ സീറ്റില്‍ എനിക്ക് ഇരിക്കാന്‍ പറ്റില്ല. വിമാനത്തിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കാന്‍ പറ്റില്ല. കാരണം, മറ്റ് രണ്ട് സീറ്റില്‍ ആളുകള്‍ ഇരിക്കുന്നതിനാല്‍ ഞാന്‍ ബ്ലോക്ക് ആകും. ഇതൊക്കെ വച്ചിട്ടാണ് ഞാന്‍ ഈ യാത്രയൊക്കെ ചെയ്തത്. രാത്രി പ്രേതത്തിനെ സ്വപ്നം കണ്ട് പേടിച്ച് അലറുകയും ചെയ്യാറുണ്ട്. അതുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ മുറിയില്‍ കിടക്കുമ്പോള്‍ അവരോട് പറയാറുണ്ട്, എന്ത് കേട്ടാലും പേടിക്കരുതെന്ന്. മാസത്തിലൊരു തവണയെങ്കിലും ഇത് സംഭവിക്കും. അതുപോലെ പതിവായി കാണുന്ന ഒരു സ്വപ്നമാണ്, ടെസ്റ്റ് ഡ്രൈവിന് ലഭിക്കുന്ന വാഹനവുമായി ഒരു കുഴലിലൂടെ യാത്ര ചെയ്യുന്നത്. ആ കുഴലിലൂടെയുള്ള യാത്ര കഴിയുന്നത് വരെ ഞാന്‍ അലറിക്കൊണ്ടിരിക്കും.

എന്റെ സംഗീതം ഞാന്‍ ഓപ്പോളുടെ കൈയില്‍ നിന്നും കട്ടെടുത്തതാണ്: സുദീപ് പാലനാട്

കേബിള്‍ കാറില്‍ കയറാന്‍ വലിയ പേടിയായിരുന്നു. അത് ഞാന്‍ സ്വയം മാറ്റിയെടുക്കുകയായിരുന്നു. ആദ്യമായി കേബിള്‍ കാറില്‍ കയറിയപ്പോള്‍ താഴേക്ക് നോക്കിയതേയില്ല. എന്റെ എതിരെയിരുന്ന പെണ്‍കൊച്ച് പേടിയാണോ എന്ന് ചോദിച്ച് എന്നെ കളിയാക്കുക കൂടി ചെയ്തു. ഞാന്‍ മനപ്പൂര്‍വം കേബിള്‍ കാറില്‍ കയറി ആ പേടി ഞാന്‍ ഇല്ലാതെയാക്കി. ഈയിടെ ബോസ്‌നിയയില്‍ സ്നോഫാളിനിടയിലൂടെ പേടിക്കാതെ കേബിള്‍ കാറിലൂടെ യാത്ര ചെയ്തു.

ഞാനൊരു സാഹസിക യാത്രികനല്ല. കാട്ടിലൊക്കെ കയറാന്‍ പേടിയാണ്. പാമ്പിനെ പേടിയുണ്ട്. കുറച്ചൊരു കംഫര്‍ട്ടബിള്‍ യാത്രക്കാരനാണ് ഞാന്‍. ടെന്റെിങ്ങൊന്നും എനിക്ക് പറ്റില്ല. എനിക്ക് അത്യാവശ്യം നല്ലൊരു ടോയ്ലെറ്റും കിടക്കാന്‍ നല്ലൊരു സ്ഥലവുമൊക്കെ വേണമെന്ന നിര്‍ബന്ധമുണ്ട്. ഫൈവ് സ്റ്റാറൊന്നുമല്ലെങ്കിലും വൃത്തിയുള്ള സ്ഥലം വേണം.

പിന്നെ കാറിലുളള യാത്രയില്‍ ഞങ്ങള്‍ സന്ധ്യയാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെ കിടക്കും. യാത്രയില്‍ ഞാന്‍ ആരേയും വണ്ടി ഓടിക്കാന്‍ സമ്മതിക്കാറില്ല. എനിക്ക് പേടിയാണ്. ജമേഷിനെയൊക്കെ സമ്മതിക്കണം. അവന്‍ ഇരുന്ന് ഉറങ്ങിക്കോളും. ഓടിക്കാന്‍ അറിയാവുന്നവര്‍ ഇരുന്നാലും പ്രശ്നമാണ്. അവര്‍ക്ക് ടെന്‍ഷന്‍ ആയിരിക്കും.

ബൈജു എന്‍ നായര്‍

വാഹനമല്ല, യാത്രയാണ് ആവേശം

എന്നോട് വണ്ടിയാണോ യാത്രയാണോ ഇഷ്ടം എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. യാത്രയാണ് എന്നാണ് എന്റെ മറുപടി. മറുപടി കേട്ട് എല്ലാവരും ഞെട്ടാറുണ്ട്. നിങ്ങളുടെ പ്രൊഫഷന്‍ വാഹനമെഴുത്തല്ലേയെന്ന് ചോദിക്കും. ഞാന്‍ ഈ ലോകത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ വണ്ടിയും ഓടിച്ചു കഴിഞ്ഞു. എന്റെ കണക്ക് അനുസരിച്ച് 80 രാജ്യങ്ങളിലായി ഞാന്‍ 6000-ത്തോളം വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ട്. 101 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാറുകളില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ബ്യുഗാട്ടി വെയ്റോണ്‍ വരെയുണ്ട്. ഇതിനപ്പുറത്തേക്ക് ഇനിയൊന്നും വരാനില്ല. ഏത് കാര്‍ ഓടിച്ചാലും എക്സൈറ്റിങ് ആയി ഒന്നും തോന്നാറില്ല.

എന്നാല്‍ യാത്ര അങ്ങനെയല്ല. ഓരോ സ്ഥലവും ഓരോ യാത്രയും തരുന്നൊരു എക്സൈറ്റ്മെന്റുണ്ട്. അടുത്തിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര നടത്തിയിരുന്നു. ഇതിന് മുമ്പ് അവിടെ പോയിട്ടുണ്ടെങ്കിലും ഒരു വിദേശ രാജ്യത്ത് പോകുന്ന ആവേശത്തോട് കൂടിയാണ് ആ യാത്ര നടത്തിയത്. ഏത് പുതിയ സ്ഥലവും ആവേശം തരുന്നതാണ്. എന്നാലത് വാഹനങ്ങളില്‍ ഇല്ല. എഴുത്തിലും അത് പ്രതിഫലിക്കും.

മരിക്കുന്നതിന് മുമ്പ് ലോകം മുഴുവനൊന്ന് കാണണം എന്നും ആഗ്രഹമുണ്ട്.അന്റാര്‍ട്ടിക്ക,ദക്ഷിണ അമേരിക്ക എന്നിവയാണ് അന്തിമമായ ലക്ഷ്യം. പക്ഷേ, കുറച്ച് സമയമെടുത്ത് ചെയ്യേണ്ട യാത്രയാണ് അത്. യാത്രയില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ആവേശമുളവാക്കുന്നത്. ഈ രാജ്യങ്ങളില്‍ അനവധി വൈവിധ്യങ്ങളുണ്ട്. യൂറോപ്പില്‍ വീണ്ടും വീണ്ടും പോയാല്‍ ബോറടിക്കും. ഇന്ത്യയുടെ പ്രശ്നം ഈ രാജ്യം ടൂറിസ്റ്റ് സൗഹൃദം അല്ലയെന്നുള്ളതാണ്.

യാത്രയും ഭക്ഷണവും

ലണ്ടന്‍ യാത്ര വരെ ഞാന്‍ മോശം ഭക്ഷണ രീതിക്കാരനായിരുന്നു. അതുവരെ ഞാന്‍ ഇന്ത്യന്‍ ഭക്ഷണം മാത്രമേ കഴിക്കത്തുണ്ടായിരുന്നുള്ളൂ. എവിടെപ്പോയാലും ഇന്ത്യന്‍ റെസ്റ്റോറന്റ് കണ്ടുപിടിക്കും. അവിടെ പോയി മസാലദോശയും ഇഡ്ഡലിയും കഴിക്കും. എന്റെ പ്രിയപ്പെട്ട ഭക്ഷണം ഇത് രണ്ടുമാണ്. ഇത്രയും കാലത്തെ യാത്രയില്‍ മക്കാവുവില്‍ മാത്രമാണ് ഇന്ത്യന്‍ ഭക്ഷണം കിട്ടാതെ പോയത്. അവിടത്തെ ഏക ഇന്ത്യന്‍ ഹോട്ടല്‍ ഞങ്ങള്‍ ചെല്ലുന്നതിന് കുറച്ച് കാലം മുമ്പ് പൂട്ടിപ്പോയി. വിദേശത്ത് ഇന്ത്യന്‍ ഭക്ഷണം വില കൂടുതലുമാണ്. എന്നാല്‍ ഇന്ത്യയിലെ രുചി ലഭിക്കുകയുമില്ല. കാരണം, സായിപ്പിനുവേണ്ടി സ്പൈസിയല്ലാതെയാണ് ഈ ഹോട്ടലുകളില്‍ ഇന്ത്യന്‍ ഭക്ഷണം പാചകം ചെയ്യുന്നത്. പക്ഷേ, വേറെ മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ അത് നമ്മള്‍ കഴിക്കും.

ഗായകന്‍ യേശുദാസിന്റെ ആദ്യ നായിക ഉഷാകുമാരി ഇതാ ഇവിടെയുണ്ട്

ലണ്ടന്‍ യാത്രയില്‍, ടിബറ്റൊക്കെ ക്രോസ് ചെയ്ത് വേണം പോകാന്‍. അവിടെയൊന്നും ഇംഗ്ലീഷ് അറിയുന്നവരില്ല. ഈ യാത്രയില്‍ നൂറ് കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ പട്ടണങ്ങളൊന്നും കണ്ടെത്താനാകില്ല. വെറും തരിശ് ഭൂമിയായിരിക്കും. ഇടയ്ക്ക് പെട്രോള്‍ പമ്പ് മാത്രം കാണും. അതിന്റെ കൂടെ കുഞ്ഞ് ഹോട്ടല്‍ പോലൊന്ന് കാണും. അവിടെ ഇറച്ചി പുഴുങ്ങിയതും ബ്രെഡും ഉണ്ടാകും. ഈ ഇറച്ചി എന്തിന്റേതാണ് എന്ന് പോലും അവര്‍ക്ക് പറഞ്ഞ് തരാന്‍ അറിയില്ല. ആദ്യം വലഞ്ഞു. വേറെ ഒരു വഴിയുമില്ല. അങ്ങനെ എന്തും കഴിച്ചു തുടങ്ങി. ലാല്‍ ജോസ് കുറെ മൃഗങ്ങളുടേയും പക്ഷികളുടേയും ഫോട്ടോകള്‍ നെറ്റില്‍ നിന്നും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വച്ചു. എന്നിട്ടത് ഹോട്ടലുകാരെ കാണിക്കും. അങ്ങനെയാണ് കഴിക്കുന്നത് ഏത് ജീവിയെയാണ് എന്ന് മനസ്സിലാക്കിയിരുന്നത്.

ചൈനയിലൂടെയുള്ള യാത്രയില്‍ ചൈനീസ് ഭക്ഷണത്തിന് അഡിക്ടായി മാറി. കസാഖ്സ്ഥാനിലെത്തിയപ്പോള്‍ കുതിര, കഴുത, ചീങ്കണ്ണി തുടങ്ങിയവയുടെ ഇറച്ചിയൊക്കെ കഴിച്ചു. തായ്, വിയറ്റ്നാമീസ്, ടര്‍ക്കിഷ് ഫുഡിന്റെ ആരാധകനായി മാറി. എങ്കിലും പട്ടിയും പാമ്പും ഇപ്പോഴും ബുദ്ധിമുട്ടാണ്. പാമ്പിനെ പേടിയായത് കൊണ്ടാണ്.

ചീങ്കണ്ണിയെ കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. തായ്ലന്റിലൊരു ചീങ്കണ്ണി സൂ ഉണ്ട്. അതിലെ കാഴ്ചകള്‍ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വാഗതം ചെയ്യുന്നത് ചീങ്കണ്ണി ഇറച്ചി കൊണ്ടുള്ള ആഹാരം വിളമ്പുന്ന ഹോട്ടലാണ്. നല്ല ബീഫിന്റെ രുചിയാണതിന്. അതിന്റെ രൂപം ആലോചിക്കാതെയിരുന്നാല്‍ മതി. നമ്മളിവിടെ സൂ കൊണ്ട് ഉദ്ദേശിക്കുന്നത് മൃഗങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കാനാണ്,അവിടെ തിന്നാനും!

കാക്കയിറച്ചിയും കഴിച്ചിട്ടുണ്ട്. ഒരിക്കല്‍ വീടിന് മുന്നില്‍ നിന്നപ്പോള്‍ ബസിന്റെ ഗ്ലാസിലിടിച്ച് ഒരു കാക്ക ചത്ത് വീണു. അച്ഛനെടുത്ത് അടുക്കളയില്‍ കൊണ്ടുപോയപ്പോള്‍ അമ്മ പാചകം ചെയ്യില്ലെന്ന് പറഞ്ഞു. അച്ഛന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ രണ്ട് പേരും കൂടെ ചേര്‍ന്ന് അത് പൊരിച്ച് കഴിച്ചു.

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ സൗണ്ട് എഞ്ചിനീയറായത് എങ്ങനെ?

ഇപ്പോള്‍ വിദേശത്ത് യാത്ര പോയാല്‍ തിരിച്ച് വീട്ടിലെത്തിയിട്ടേ ഇന്ത്യന്‍ ഭക്ഷണം കഴിക്കുകയുള്ളൂ. ഇന്ത്യയിലെ പുരുഷന്‍മാരുടെ ഒരു പ്രശ്നം അവരുടെ വയറ് എപ്പോഴും അസ്വസ്ഥമാണ്. ഇന്ത്യന്‍ മസാലകള്‍ വയറ്റില്‍ ചെല്ലാതിരുന്നാല്‍ സ്വസ്ഥതയും സമാധാനവുമാണ്. ഗ്യാസൊന്നുമില്ലാതെ വയര്‍ ക്ലീനായിരിക്കും. തിരിച്ചിവിടെയെത്തി ഇഡ്ഡലിയും സാമ്പാറും കഴിച്ചോ അതോടെ തുടങ്ങും പ്രശ്നങ്ങള്‍. എങ്കിലും ഇഡ്ഡലിയും ദോശയും ഒരു വീക്ക്നെസ്സാണ്.

ബൈജു എന്‍ നായര്‍

യാത്രയ്ക്കുള്ള മുന്നൊരുക്കം

ഞാന്‍ എപ്പോഴും പുതിയ രാജ്യങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കും. എനിക്ക് പിന്നെ സ്ഥലം കണ്ടാല്‍ മാത്രം മതിയാകും. കാരണം യാത്രയ്ക്ക് മുമ്പ് അത്രയ്ക്ക് നന്നായി ആ സ്ഥലത്തെ കുറിച്ച് പഠിച്ചിട്ടുണ്ടാകും. കുറച്ച് നാള്‍ മുമ്പ് ബോസ്നിയയില്‍ പോയപ്പോള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കേ ഒരു ബോസ്നിയക്കാരിയെ പരിചയപ്പെട്ടു. ഞാന്‍ ബോസ്നിയയിലെ പല സ്ഥലങ്ങളെ പറ്റിയും പറഞ്ഞപ്പോള്‍ അവര്‍ക്ക് അവയെപ്പറ്റി അറിയില്ല. നിങ്ങള്‍ അവിടെയെല്ലാം പോയിട്ടുണ്ടോയെന്ന് എന്നോട് അവര്‍ ചോദിച്ചു. ഞാന്‍ പോയിട്ടില്ലെന്ന് പറഞ്ഞു. പോകാന്‍ പോകുന്നേയുള്ളൂ. പക്ഷേ, കൃത്യമായി ആ സ്ഥലങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഓരോ യാത്രയ്ക്കുശേഷം മറ്റൊരു രാജ്യം തലയില്‍ കയറും. പിന്നെ ആ രാജ്യത്തെ കുറിച്ച് പഠിക്കലായി ജോലി.

ഏഷ്യാനെറ്റിലെ പ്രോഗ്രാം, മാസികയുടെ പണി, മനോരമ ഓണ്‍ലൈന്‍ പോലെയുള്ള പല മാധ്യമങ്ങളിലുമുള്ള എഴുത്ത്, എന്റെ യൂട്യൂബ് ചാനല്‍-അതില്‍ ഓട്ടോമൊബൈലും ട്രാവലും ഇടുന്നുണ്ട്- എന്നിവയാണ് ഞാന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ജോലികള്‍. മൂന്ന് മാസം കൂടുമ്പോള്‍ പത്ത് ദിവസത്തെ യാത്രയ്ക്ക് പോകണമെങ്കില്‍ ഇത്രയും ജോലികള്‍ തീര്‍ക്കണം. ചുമ്മാ യാത്രചെയ്ത് നടക്കുകയാണല്ലേ എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ അതിനുവേണ്ടി രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ഓഫീസില്‍ ഉണ്ടാകും. ഞായറാഴ്ചയും ജോലി ചെയ്യും.

എവിടെ യാത്ര പോയാലും മാര്‍ക്കറ്റിങ്ങിന്റെ മീറ്റിങ് അടക്കമുള്ളത് ഫോണില്‍ നടത്തണം. അങ്ങനെ ചെയ്താലേ ഈ മാസിക നടത്താന്‍ പറ്റൂ . യാത്രകളിലും വിശ്രമിക്കാനൊന്നും പറ്റില്ല. അടുത്തിടെ നടത്തിയ ബോസ്നിയ, മോണ്ടിനെഗ്രോ യാത്രകളില്‍ ഞാന്‍ 500-ല്‍ അധികം കിലോമീറ്റര്‍ 15 ദിവസത്തിനിടെ നടന്നു. ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയാണിത്.

യാത്രയില്‍ തുണി അലക്കാന്‍ പറ്റില്ല. പത്ത് ദിവസത്തെ യാത്രയ്ക്ക് പോകുകയാണെങ്കില്‍ 10 ഷര്‍ട്ടുകള്‍, 10 കര്‍ച്ചീഫുകള്‍, 10 അണ്ടര്‍വെയര്‍, രണ്ട് ജീന്‍സ്, ടോയ്ലെറ്ററി കിറ്റ് എന്നിവ കൂടെ കൊണ്ടുപോകും . മൂന്ന് മാസം കൂടുമ്പോള്‍ ഏതെങ്കിലും ഒരു പുതിയ രാജ്യത്ത് പോവുകയാണ് പതിവ്.

ബോണ്‍മാരോ കാന്‍സറില്‍ നിന്നും രക്ഷപ്പെടുന്നു

ഞാന്‍ ദൈവാധീനമുള്ള മനുഷ്യനാണ്. തകരും എന്നുള്ള പല അവസ്ഥകളില്‍ നിന്നും തിരിച്ച് വന്നിട്ടുണ്ട്. അത് ബിസിനസ്സിലായാലും ജീവിതത്തിലായാലും അത് സംഭവിച്ചിട്ടുണ്ട്. എനിക്ക് മജ്ജയില്‍ കാന്‍സര്‍ ആണെന്ന് പറഞ്ഞ് ഞാന്‍ 13 ദിവസം തിരുവനന്തപുരം ആര്‍ സി സിയില്‍ കിടന്നിട്ടുണ്ട്. അത് ഞാന്‍ മാതൃഭൂമി കണ്ണൂരില്‍ ജോലി ചെയ്യുന്ന സമയത്താണ്. നടക്കുമ്പോള്‍ ഭയങ്കരമായി കിതയ്ക്കുന്നുണ്ടായിരുന്നു. കൂടെ ഇടത് വശത്ത് കാല് വേദനയും. ഞാന്‍ രണ്ട് മൂന്ന് ഡോക്ടേഴ്സിനെ കണ്ടു. എന്നാല്‍ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. അവിടെ ധനലക്ഷ്മി എന്ന ആശുപത്രിയില്‍ പോയപ്പോള്‍ ഒറ്റയ്ക്കാണോ വന്നതെന്ന് ചോദിച്ചു. ഒറ്റയ്ക്കാണ് വന്നതെന്ന് മറുപടി പറഞ്ഞ ഞാന്‍ എന്താണ് എന്ന് ചോദിച്ചു. ഡോക്ടര്‍ എന്തായാലും എന്നോട് പറയൂ. ഞാന്‍ വിദ്യാഭ്യാസമുള്ള മനുഷ്യനാണ് എന്ന് കൂട്ടിച്ചേര്‍ത്തു.

ഒന്നുമില്ല. ഒരു സംശയം തോന്നി അതുകൊണ്ട് ചോദിച്ചുവെന്ന് ഡോക്ടറും പറഞ്ഞിട്ട് അദ്ദേഹം കാര്യം വിശദീകരിച്ചു.

കാല് വേദനയുടെ ടെസ്റ്റില്‍ ബെന്‍സ് ജോണ്‍സ് പ്രോട്ടീന്‍ പോസിറ്റീവായി കാണുന്നു. അത് കാന്‍സറെസ്സാണെന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് കാന്‍സറാണോയെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ വിചാരിക്കണ്ട. പക്ഷേ, സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നിട്ട് ആരെയെങ്കിലും വിളിക്കാമോയെന്ന് ചോദിച്ചു. ഞാന്‍ ഓഫീസില്‍ ബ്യുറോ ചീഫ് പിപി ശശീന്ദ്രനെ വിളിച്ചിട്ട് ഹോസ്പിറ്റലിലേക്ക് വരാമോയെന്ന് ചോദിച്ചു. അദ്ദേഹം വന്നു.

ശശിയേട്ടന്‍ ഡോക്ടറുമായി സംസാരിച്ചിട്ട് ഇറങ്ങി വന്ന് പറഞ്ഞു, നീ പേടിക്കേണ്ടതില്ല. അത് അതൊന്നുമല്ല. ഈ ഡോക്ടര്‍മാര്‍ ചുമ്മാ അതുമിതും പറയുന്നതാണ്. നമുക്ക് വേറൊരു ഡോക്ടറെ കാണാം. അദ്ദേഹം പറഞ്ഞാല്‍ പക്കായാണ്.

തട്ടീം മുട്ടീം അര്‍ജുനന്‍ സ്പീക്കിങ്‌

ആശുപത്രിയില്‍ നിന്നും പേപ്പറുകള്‍ എല്ലാം വാങ്ങിയിട്ട് ആ ഡോക്ടറെ കാണാന്‍ പോയി. ഞാനാണ് രോഗിയെന്ന് അദ്ദേഹത്തോട് പറഞ്ഞില്ല. പരിശോധന റിപ്പോര്‍ട്ടുകള്‍ കൊടുത്തപ്പോള്‍ അത് നോക്കിയിട്ട് ഡോക്ടര്‍ ചോദിച്ചു, ഇയാള് ജീവിച്ചിരിപ്പുണ്ടോ?.

ഈയിരിക്കുന്നയാളാണ് ആ ആള്‍ എന്ന് ശശിയേട്ടന്‍ എന്നെ ചൂണ്ടിക്കാണിച്ച് പറഞ്ഞു.

അയ്യോ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. പ്രശ്നമാണ് ഇത് എന്ന് ഡോക്ടര്‍ പറഞ്ഞു. മറച്ച് വച്ചിട്ട് കാര്യമില്ല. നിങ്ങളുടെ ഈ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ബോണ്‍മാരോ കാന്‍സറിന് സാധ്യതയുണ്ട്. നേരെ മണിപ്പാല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു.

അപ്പോള്‍ ശശിയേട്ടന്‍ അച്ഛനെ വിളിച്ചു. വീട്ടില്‍ കൂട്ടക്കരച്ചിലും നെഞ്ചത്തടിയുമൊക്കെയായി. അപ്പോള്‍ ഞാന്‍ കല്ല്യാണം കഴിഞ്ഞ് മോള്‍ക്ക് രണ്ട് വയസ്സേയുള്ളൂ. മണിപ്പാലിലേക്ക് പോകണ്ട. തിരുവനന്തപുരം ആര്‍ സി സിയിലേക്ക് പോകാം എന്ന് അച്ഛന്‍ പറഞ്ഞു. രാത്രി തന്നെ കോട്ടയത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു.

ഭയങ്കര സീനായിരുന്നു. മാതൃഭൂമി യൂണിറ്റിലെ എല്ലാവരും റെയില്‍വേ സ്റ്റേഷനില്‍ വന്ന് എന്നെ യാത്രയാക്കി. അന്ത്യയാത്രയല്ലേ.

ബിജു, രാജേഷ് എന്നീ രണ്ട് സബ് എഡിറ്റേഴ്സിനെ എന്റെ കൂടെ അയച്ചു. കാരണം എപ്പോള്‍ വേണമെങ്കിലും മരിക്കാലോ. രാവിലെ അഞ്ച് മണിക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ ജനസാഗരം. നാട്ടുകാരും വീട്ടുകാരും എന്നെ കണ്ട് യാത്രയാക്കാന്‍ എത്തിയതാണ്. കാരണം ആര്‍ സി സിയില്‍ പോയാല്‍ പിന്നെ രക്ഷയില്ലല്ലോ.

അപ്പോഴേക്കും എംപി വീരേന്ദ്രകുമാര്‍ ആര്‍ സി സിയില്‍ ഡോക്ടര്‍ കൃഷ്ണന്‍ നായരെ വിളിച്ച് പറഞ്ഞിരുന്നു. റഫറല്‍ ഹോസ്പിറ്റല്‍ ആയതിനാല്‍ പെട്ടെന്ന് ആളെ എടുക്കില്ല. നമ്മുടെ പയ്യനാണ്. രക്ഷപ്പെടുത്തണം എന്ന് വീരേന്ദ്രകുമാര്‍ ഡോക്ടറോട് ആവശ്യപ്പെട്ടു.എന്ത് ചെലവ് വന്നാലും മാതൃഭൂമി വഹിക്കുമെന്ന് ശ്രേയംസ് സാര്‍ അച്ഛനെ വിളിച്ചും പറഞ്ഞു.

അവിടത്തെ ആദ്യ ടെസ്റ്റ് ഫലം വച്ച് രോഗം ഏതാണ്ട് ഉറപ്പിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. എങ്കിലും ബയോപ്സി ഫലം വന്നിട്ടേ ഉറപ്പിക്കാന്‍ ആകൂവെന്നും കൂട്ടിച്ചേര്‍ത്തു. ബയോപ്സി ചെയ്യാന്‍ നട്ടെല്ലില്‍ നിന്നും മജ്ജ കുത്തിയെടുത്തു. ഏറ്റവും വേദനയുള്ള കാര്യമാണ്. എനിക്ക് രക്തം നല്‍കുന്നുമുണ്ട്. 13 ദിവസം എടുക്കും റിസല്‍ട്ട് വരാന്‍. അതിനിടയില്‍ അവിടത്തെ പി ആര്‍ ഒയെ എല്ലായിടത്ത് നിന്നും പത്രക്കാര്‍ ഗുരുതരാവസ്ഥയിലുള്ള എന്റെ കാര്യങ്ങള്‍ അറിയാന്‍ വിളിക്കുന്നുണ്ട്. അങ്ങനെ 13-ാം ദിവസമെത്തി. ഉച്ചയ്ക്ക് മാതൃഭൂമി ബ്യൂറോചീഫ് ജയചന്ദ്രന്‍ വന്നിട്ട് പറഞ്ഞു. ഡേയ് എഴുന്നേറ്റ് പോടേയ്. റിസല്‍ട്ട് നെഗറ്റീവാണ്. എല്ലാം വലിച്ചൂരി എടുത്ത് കളഞ്ഞിട്ട് ഞങ്ങള്‍ പോയി ബിയര്‍ അടിച്ചു!

ആദ്യ ഭര്‍ത്താവ് ശ്രീനാഥ് സംവിധായകന്‍ പ്രിയദര്‍ശനോട് നുണ പറഞ്ഞു, ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു

എനിക്ക് വിദേശ യാത്രകള്‍ക്കിടയില്‍ ഒരു പനി പോലും വന്നിട്ടില്ല. ദൈവാധീനം ഏറെയുണ്ട്. ഭീകരമായ പ്രശ്നമാണെന്ന് തോന്നിപ്പിച്ച് തടസ്സം ഉണ്ടാകും എന്ന അവസ്ഥയിലെത്തിയിട്ട് തടസ്സമില്ലാതെ പോകാറുണ്ട്.

തടസ്സങ്ങളുടെ കാലം

പക്ഷേ, ഒരു കാലത്ത് എല്ലാം തടസ്സങ്ങളായിരുന്നു. എന്റെ അവസ്ഥ കണ്ടിട്ട് അമ്മയൊക്കെ തകര്‍ന്നു പോയിട്ടുണ്ട്. ഞാന്‍ ആരെയെങ്കിലും കാണാന്‍ പോയാല്‍ അയാള്‍ അഞ്ച് മിനിട്ട് മുമ്പ് പോയി ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളൂവെന്ന് പറയും. ഇങ്ങനെ പ്രശ്നങ്ങള്‍ അധികരിക്കുന്നത് കണ്ടിട്ട് ഒടുവില്‍ അമ്മ പോയി ജോല്‍സ്യനെ കണ്ടു. അമ്പല സന്ദര്‍ശനവും പൂജയുമൊക്കെ അദ്ദേഹം പ്രതിവിധിയായി നിര്‍ദ്ദേശിച്ചു. ശ്രേയംസ് കുമാറിനുവേണ്ടി കാത്തിരുന്ന ആ ഒന്നര വര്‍ഷമൊക്കെ ഈ കാലത്തില്‍പ്പെട്ടതാണ്.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്ഷേത്രം ഇടപ്പള്ളി ഗണപതി ക്ഷേത്രമാണ്. പ്രശ്‌നപരിഹാരത്തിനായി എല്ലാ ദിവസവും അവിടെ പോകാം എന്ന് തീരുമാനിച്ചു. ഞാന്‍ അവിടെ ചെന്നപ്പോള്‍ അമ്പലം അടച്ചിട്ടിരിക്കുന്നു. ഒരിക്കലും അമ്പലങ്ങള്‍ രാവിലെ അടച്ചിട്ടിരിക്കുന്നത് കണ്ടിട്ടില്ല . രാവിലെ ഏഴ് മണിക്ക് ഏറ്റവും തിരക്കുണ്ടാകേണ്ട സമയത്താണ് അമ്പലം അടച്ചിട്ടിരിക്കുന്നത്. അതുവഴി വന്ന ഒരാളോട് ഞാന്‍ കാര്യം തിരക്കി. ക്ഷേത്രം കൊട്ടാരം വകയാണ്. കൊട്ടാരത്തിലെ അമ്മ മരിച്ചുപോയി. ഇനി 15 ദിവസത്തെ പുല കഴിഞ്ഞേ തുറക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അവിടെ നിന്ന് എന്നെപ്പറ്റിയോര്‍ത്ത് ചിരിച്ച് ചിരിച്ച് മരിച്ചു!

ബൈജു എന്‍ നായര്‍

മൂവര്‍ സംഘം ലണ്ടനിലേക്ക്‌

ഞാന്‍ ലണ്ടനിലേക്ക് പോകുന്നതിന്റെ ഒരു വര്‍ഷം മുമ്പാണ് അച്ഛന്‍ മരിച്ചത്. യാത്രയില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് പേടിയില്ലേയെന്ന് അമ്മയോട് പത്രക്കാര്‍ ചോദിച്ചു. പേടിയില്ല. അവന്‍ പോയി വരും എന്ന് അമ്മ പറഞ്ഞു. അമ്മയും യാത്രകള്‍ ചെയ്യാറുണ്ട്. എന്റെ ഭാര്യയും കൂളായിരുന്നു. അതേസമയം, ലാല്‍ ജോസിന്റെ ഭാര്യ ഭയങ്കര കരച്ചില്‍ ആയിരുന്നു. പേടിച്ചിട്ട് ഫ്ളാഗ് ഓഫിന് വന്നില്ല.

നമ്മളൊരാളെ മനസ്സിലാക്കുന്നത് അയാളോടൊപ്പം യാത്ര ചെയ്യുമ്പോഴാണെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ട്. സുരേഷ് സാറിനെ ഞാന്‍ ഇപ്പോള്‍ കുറ്റം പറയില്ല. പണ്ട് ഞാന്‍ പറയുമായിരുന്നു. പുള്ളീടെ രീതി അങ്ങനെയാണ്. ഞാനും ഒരു സെല്‍ഫ് മെയ്ഡ് മാന്‍ ആണ്. ഞാന്‍ ഒരു ഉഴപ്പനായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എത്താന്‍ പറ്റില്ല. ലാല്‍ ജോസ് പത്ത് നൂറ്റിനാല്‍പത് പേരടങ്ങിയ പ്രൊഡക്ഷന്‍ ടീമിനെ കൊണ്ട് നടക്കുന്നയാളാണ്. സുരേഷ് സാറിന്റെ ചിന്ത നമ്മളൊക്കെ ഉഴപ്പന്‍മാര്‍ എന്ന മട്ടിലാണ്. രാവിലെ അഞ്ച് മിനിട്ട് ലേറ്റായാല്‍ ദേഷ്യപ്പെടുമായിരുന്നു. അദ്ദേഹം പെര്‍ഫെക്ട്. മറ്റുള്ളവരെല്ലാം ഉഴപ്പാന്‍ നില്‍ക്കുന്നവര്‍. ഞങ്ങളുടെ യാത്ര സമയത്ത് അദ്ദേഹത്തിന് 60 വയസ്സിനടുപ്പിച്ചുണ്ട്. അതെല്ലാം ആ പ്രായത്തിന്റെ പ്രശ്നങ്ങളാണ്. പുള്ളിയെല്ലാ കാര്യങ്ങളും തീരുമാനിക്കും.

നമ്മള്‍ ഒരിടത്ത് ഇത്ര മണിക്ക് എത്തണമെന്ന് അദ്ദേഹം തീരുമാനിക്കും. ആ വഴിയില്‍ ഒരിടത്ത് ടൂറിസ്റ്റ് സ്ഥലം ഉണ്ടാകും. പക്ഷേ, അത് സന്ദര്‍ശിക്കില്ല. കാരണം ഉറപ്പിച്ച സമയത്ത് ഉറപ്പിച്ച സമയത്ത് എത്തണമെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. നമുക്ക് ആ സ്ഥലമൊന്നും കാണാന്‍ സമയമില്ലെന്ന് അദേഹം പറയും. കൃത്യസമയത്ത് എത്തിയിട്ട് എന്താ ചെയ്യുന്നത്. കുളിയും കഴിഞ്ഞ് വെറുതേയിരിക്കും. റെക്കോര്‍ഡ് ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം.



ക്ഷമയുടെ നെല്ലിപ്പടി കണ്ട് പ്രതികരിച്ച് തുടങ്ങുന്നു

ആദ്യമൊക്കെ ലാലുവായിരുന്നു പ്രതികരിച്ചിരുന്നത്. അപ്പോഴൊക്കെ ഞാനാണ് ലാലുവിനെ സമാധിനിപ്പിച്ചിരുന്നത്. കുറച്ച് കഴിഞ്ഞ് കാര്യങ്ങള്‍ തിരിഞ്ഞു. ലാലു എന്നെ സമാധാനിപ്പിച്ചു തുടങ്ങി. ഞങ്ങള്‍ രണ്ട് പേരും ശരിക്ക് അനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആദ്യ പ്രശ്നം ഉണ്ടായത്, ഞങ്ങള്‍ നേപ്പാളില്‍ നിന്ന് ചൈനയിലെ ഷാങ്മു എന്ന സ്ഥലത്തേക്ക് പ്രവേശിച്ചപ്പോഴാണ്. അവിടെ മൈനസ് പതിമൂന്നാണ് അവിടത്തെ തണുപ്പ്. അവിടെ സ്റ്റേ ചെയ്തിട്ട് പിറ്റേന്ന് രാവിലെ ആറ് മണിക്ക് യാത്ര തുടരാന്‍ തീരുമാനിച്ചു.

ലാലുവും ഞാനും ഒരു റൂമിലും സുരേഷ് സാറ് വേറൊരു റൂമിലുമാണ്. കാരണം സുരേഷ് സാറിന് രാത്രി ഉറക്കമില്ല. എഴുന്നേറ്റിരിക്കും. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സാറിനോട് വേറെ റൂമെടുക്കാന്‍ പറഞ്ഞ് മാറ്റിയതാണ്. ഞങ്ങള്‍ അഞ്ച് മണിക്ക് എഴുന്നേറ്റ് നോക്കുമ്പോള്‍ പൈപ്പില്‍ വെള്ളമില്ല. തണുപ്പ് കാരണം പൈപ്പിലെ വെള്ളം ഐസായി മാറിയെന്ന് റിസെപ്ഷനില്‍ തിരക്കിയപ്പോള്‍ മനസ്സിലായി. അത് ശരിയാകാന്‍ കുറച്ച് സമയമെടുക്കും. മുഖം പോലും കഴുകാന്‍ പറ്റാതെയിരിക്കുകയായിരുന്നു. ഞങ്ങള്‍ വെള്ളം വന്നാല്‍ അപ്പോള്‍ കുളിക്കാന്‍ തോര്‍ത്തൊക്കെ ഉടുത്ത് നില്‍ക്കുകയാണ്. ഇടയ്ക്കിടെ റിസപ്ഷനില്‍ ബന്ധപ്പെടുമ്പോള്‍ ഇപ്പോ ശരിയാകും എന്ന ലൈനിലായിരുന്നു മറുപടി കിട്ടിയത്. കൃത്യം ആറ് മണിയായപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ സുരേഷ് സാറ്. അദ്ദേഹം നോക്കിയപ്പോള്‍ ഞങ്ങള്‍ രണ്ടും തോര്‍ത്തും ഉടുത്ത് നില്‍ക്കുന്നു. നിങ്ങള്‍ റെഡിയായില്ലേയെന്ന് ചോദിച്ചു. സാറേ വെള്ളം ഇല്ല. അഞ്ച് മിനിട്ട് വൈകുമെന്ന് റിസെപ്ഷനില്‍ നിന്നും പറഞ്ഞുവെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു.

ഹൗ റിഡിക്കുലസ് എന്ന് പറഞ്ഞ് അദ്ദേഹം ചൂടായി. 10-12 ദിവസമായി ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. പക്ഷേ, അതുവരെ ഞങ്ങള്‍ അങ്ങനെയാരു മുഖം കണ്ടിട്ടില്ല. നിങ്ങളെന്താ വിചാരിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കണോ എന്ന് ചോദിച്ച് കൊണ്ട് അദ്ദേഹം ചൂടായി. സാറ് എങ്ങനെയാ റെഡിയായത് എങ്ങനെയെന്ന് ഞങ്ങള്‍ ചോദിച്ചു. ഞാന്‍ പല്ലും തേച്ചിട്ടില്ല. മുഖവും കഴുകിയില്ല. പക്ഷേ, ഒരു സ്ഥലത്ത് പോകണമെന്ന് വിചാരിച്ചാല്‍ കൃത്യ സമയത്ത് ഇറങ്ങിയിരിക്കണം. റിഡിക്കുലസ്. റിഡിക്കുലസ് എന്ന് പറഞ്ഞ് ഒച്ച വച്ച് അദ്ദേഹം പോയി. ലാലുവിന്റെ നിയന്ത്രണം വിട്ടുപോയെങ്കിലും ഞാന്‍ പിടിച്ച് നിര്‍ത്തി. അപ്പോഴേക്കും കുറച്ച് വെള്ളം വന്നു. ഞങ്ങള്‍ പല്ലും തേച്ച് മുഖവും കഴുകി കാറിലേക്ക് പോയി.

ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വി രാജ്

പിന്നീട് ഒരു ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ എത്തി. വിശദമായി കാണേണ്ടയിടം. യു ഷുഡ് ബി ബാക്ക് ഇന്‍ ഫൈവ് മിനുട്ട്്സ് എന്ന് സുരേഷ് സാറ് പറഞ്ഞു. ലാലുവും ഞാനും കൂടെ അവിടേക്ക് നടന്നു. സാര്‍ കാറില്‍ തന്നെയിരുന്നു.അഞ്ച് മിനിട്ടൊക്കെ കഴിഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ കാല് വേദനിച്ച് തുടങ്ങിയത് കാരണം ഞാന്‍ തിരിച്ച് ഇറങ്ങി. തിരിച്ചെത്തിയപ്പോള്‍ സുരേഷ് സാറ് ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. ലാലു എവിടെയെന്ന് ചോദിച്ചു. ലാലു പടമൊക്കെ എടുക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. സാറ് ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. ലാലു വരുമ്പോള്‍ അദ്ദേഹത്തോട് പറഞ്ഞാല്‍ മതിയെന്ന് ഞാനും മറുപടി പറഞ്ഞു. ലാലു എത്തിയപ്പോള്‍ ലാലുവിനോടായി. ഇത്രയും നല്ല സ്ഥലം കണ്ടാല്‍ പടമെടുക്കണ്ടേയെന്ന് മാത്രം ചോദിച്ച് ലാലു കാറില്‍ കയറിയിരുന്നു. ഇങ്ങനെയോരൊ പ്രശ്നങ്ങളാണ് ദിവസവും.

എന്റെ അച്ഛന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം ഞങ്ങള്‍ ലാസയിലെത്തി. അവിടം ഒരു പ്രത്യേക മൂഡ് ഉള്ള സ്ഥലമാണ്. അച്ഛന് അന്ന് ബലിയിടേണ്ട ദിവസമാണ്. ഞാന്‍ യാത്ര തുടങ്ങും മുമ്പ് ഇവിടത്തെ പൂജാരിയോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. വെള്ളം എടുത്ത് ചില കര്‍മ്മങ്ങള്‍ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ അതിന്റെയൊക്കെ ദുഖത്തില്‍ ഇരിക്കുകയായിരുന്നു. ലാസയില്‍ ഞങ്ങള്‍ക്കൊപ്പം ഗൈഡുമുണ്ട്. ലാലുവും ഞാനും സ്ഥലം ഷൂട്ട് ചെയ്ത് നടക്കുകയായിരുന്നു. അവിടെ എപ്പോള്‍ വേണമെങ്കിലും വഴി തെറ്റാം. സുരേഷ് സാറ് ഗൈഡിനൊപ്പം മുന്നേ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അവരെ കാണാനുമില്ല.

ഹോട്ടലില്‍ റൂമെടുത്ത് പെട്ടിവച്ച് ഉടന്‍ തന്നെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇന്ത്യന്‍ റെസ്റ്റോറെന്റിലേക്ക് പോകുന്ന വഴിയായിരുന്നു. അതുകൊണ്ട് ഹോട്ടലിന്റെ പേര് ഓര്‍മ്മയില്ല. കീ സുരേഷ് സാറിന്റെ കൈയിലും. സുരേഷ് സാറിനെ എങ്ങനെ കണ്ടെത്തുമെന്ന് ഒരുപിടിയുമില്ല. മൂന്ന് മൂന്നര മണിക്കൂര്‍ നടന്ന് ഒരിടത്ത് എത്തിയപ്പോള്‍ അവിടെ ഹോട്ടലിന് മുന്നില്‍ സുരേഷ് സാറും ഗൈഡും കൂടെ നില്‍ക്കുന്നു. അവിടേയും ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. കൂട്ടത്തില്‍ നടക്കണം എന്ന് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. മുന്നില്‍ നടക്കുന്നയാള്‍ക്ക് ഇടയ്ക്ക് തിരിഞ്ഞ് നോക്കാമെന്ന് ഞാനും മറുപടി പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. കുറച്ച് കാശെടുത്ത് ഗൈഡിന്റെ കൈയില്‍ കൊടുത്തിട്ട് ഇവരെ റെസ്റ്റോറെന്റിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞിട്ട് സുരേഷ് സാറ് ഹോട്ടലിലേക്ക് പോയി.

സമാധാന ചര്‍ച്ച, വെടിനിര്‍ത്തല്‍

റൂമില്‍ തിരിച്ചെത്തിയിട്ട് എല്ലാവരും ഇരുന്നപ്പോള്‍ എന്റെ ലാലു, എനിക്കെങ്ങനെയെങ്കിലും ഇതില്‍ നിന്ന് വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. എന്തിനാ ഇങ്ങേരുടെ പീഡനം നമ്മള്‍ ഏല്‍ക്കുന്നത് എന്നൊക്കെ ചോദിച്ചു. സാര്‍ ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. എല്ലാം പറഞ്ഞിട്ട് ഞാന്‍ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി. ഞാന്‍ ലാസയിലൂടെ രാത്രിയില്‍ തേരാപ്പാര നടന്നു. സാറിന് ഒരു കൂസലുമില്ല. ലാലു പേടിച്ച് വിറച്ചു. എന്റെ ഫോണ്‍ ഓഫായിരുന്നു. എന്നെ കിട്ടാഞ്ഞിട്ട് എന്റെ വീട്ടില്‍ നിന്നും ലാലുവിനെ വിളിക്കുന്നുണ്ടായിരുന്നു.

രാത്രി ഒരു മണിക്ക് ഞാന്‍ തിരിച്ച് റൂമിലെത്തിയപ്പോള്‍ നീ എവിടെ പോയി കിടക്കുകയായിരുന്നുവെന്ന് ലാലു ചോദിച്ചു. നിങ്ങളാദ്യം പോയി ആ മനുഷ്യനെ നന്നാക്ക് എന്ന് ഞാന്‍ തിരിച്ച് മറുപടി പറഞ്ഞു. പിറ്റേന്ന് രാവിലെ ഞാനും ലാലുവും ഇനിയിത് സഹിക്കാന്‍ പറ്റില്ല. സുരേഷ് സാറിനോട് സംസാരിക്കാം എന്ന് തീരുമാനിച്ചു. എന്താണ് സാറിന്റെ പ്രശ്നം. ഞങ്ങളെക്കൊണ്ട് പറ്റുന്നില്ലേ. എന്നൊക്കെ ചോദിക്കാന്‍ തീരുമാനിച്ചു. രാവിലെ സാറിനെ പിടിച്ചിരുത്തി. സാറിന്റെ പെരുമാറ്റം കാരണം ഞങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. എനിക്കൊരു സെക്കന്റ് പോലും വൈകാന്‍ പറ്റില്ലെന്ന് സുരേഷ് സാറ് പറഞ്ഞു. ഞങ്ങള്‍ അങ്ങനെ വൈകുന്നില്ലെന്ന് ലാലു മറുപടി പറഞ്ഞു. നിങ്ങളൊരു പോക്കും. നിങ്ങളുടെ കൂടെ ഞങ്ങള്‍ എത്തണം എന്ന് പറയുന്നതല്ലല്ലോ ശരിയെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

ഇനി ഞങ്ങളെക്കുറിച്ച് സാറിന്റെ പ്രശ്നം എന്താണെന്ന് ചോദിച്ചു. അതിന് ഞാന്‍ നിങ്ങളോട് എന്തെങ്കിലും പറഞ്ഞോ. ബൈജുവിന് യാത്ര പുറപ്പെട്ടപ്പോള്‍ പനി വന്നില്ലേ. അതിന് ഞാന്‍ നിങ്ങളോട് എന്തെങ്കിലും പറഞ്ഞോ. എന്നൊക്കെ പുള്ളി പറഞ്ഞു. അവസാനം ഇനി നമ്മള്‍ പ്രശ്നമുണ്ടാക്കുന്നില്ല. സ്നേഹത്തില്‍ പോകാം എന്നൊക്കെ തീരുമാനിച്ചു. പക്ഷേ, നടന്നില്ല. വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.

ബൈജു എന്‍ നായര്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നു

ഒരു ദിവസം എന്നോട് കാറ് കഴുകാന്‍ പറഞ്ഞു. ഞാന്‍ കുളിക്കാന്‍ കയറുകയായിരുന്നു അപ്പോള്‍. ഞാന്‍ കഴുകിക്കോളാം എന്ന് പറഞ്ഞ് ഞാന്‍ കുളിക്കാന്‍ കയറി. പുള്ളിയങ്ങ് പോയി. ഞാന്‍ കുളിച്ചിട്ട് വന്നപ്പോള്‍ പുസുരേഷ് സാര്‍ കാറ് കഴുകുന്നു. ഞാന്‍ കഴുകാമെന്ന് പറഞ്ഞതല്ലേ, സാറെന്തിനാ കഴുകിയത് എന്ന് ഞാന്‍ ചോദിച്ചു. അത് എനിക്ക് മറ്റാരുടേയും സമയത്തിന് കാത്തുനില്‍ക്കാന്‍ പറ്റില്ലെന്ന് സുരേഷ് സാറ് പറഞ്ഞു. എന്നാലത് ഓരോരുത്തരുടെ വിധി. അങ്ങ് കഴുകിക്കോയെന്ന് ഞാനും പറഞ്ഞു.

ഈ ടിബറ്റൊക്കെ നമുക്ക് ഭ്രാന്ത് പിടിക്കുന്ന ടെറെയ്ന്‍ ആണ്. രണ്ട് സൈഡും ഹിമാലയം. കഴിക്കാന്‍ കിട്ടുന്നത് യാക്കിന്റെ ഇറച്ചിയും. കുടിക്കാന്‍ യാക്കിന്റെ പാലും ആണ്. ചൈനയുടെ പരിധിയില്‍ ആയതിനാല്‍ മൊബൈല്‍ ഇല്ല. ജിപിഎസ് ഇല്ല. ജിമെയില്‍ ഇല്ല. വാട്സ് അപ്പ് ഇല്ല. ഇങ്ങനെ നമ്മള്‍ ഔട്ട് ഓഫ് ദി വേള്‍ഡ് ആയിരുന്ന സമയത്താണ് സാറിന്റെ വീ വക ചൊറിച്ചിലുകള്‍.

സെന്റ് പീറ്റേഴ്സ് ബെര്‍ഗിലെ പൊട്ടിത്തെറി

അങ്ങനെ 42-ാം ദിവസം സെന്റ് പീറ്റേഴ്സ് ബെര്‍ഗിലെത്തി. യൂറോപ്പിലേക്ക് കയറുന്നതിന്റെ തൊട്ട് തലേ ദിവസം. അവിടെ ഞങ്ങളെ കാണാന്‍ കുറച്ച് മലയാളികള്‍ വന്നിരുന്നു. അവിടെ നിന്നും പിറ്റേന്ന് ഫെറിയില്‍ കയറിയാണ് യൂറോപ്പിലേക്ക് പോകേണ്ടത്. അത് എത്ര സമയം എടുക്കും എന്ന് ഞങ്ങള്‍ക്ക് യാതൊരു ധാരണയുമില്ല. അവിടെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഇരുന്ന് ആഹാരം കഴിക്കുമ്പോള്‍ മലയാളികളായ ബിനോയ്, സുനില്‍ തുടങ്ങിയവരൊക്കെയുണ്ട്. സുരേഷ് സാറ് ലാപ് ടോപ്പില്‍ എന്തോ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, സാറേ ഇവരോട് ചോദിച്ചാല്‍ യാത്രാസമയം എത്രയെടുക്കും എന്ന് അറിയാന്‍ പറ്റുമെന്ന്. അത് എനിക്കറിയാം. നാല് മണിക്കൂറെടുക്കും എന്ന് പുള്ളി പറഞ്ഞു.

ക്രിസ്തുവിന് ലഭിച്ച മരണം എന്നെയും കാത്തിരിക്കുന്നു: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

അതേ സാറേ രണ്ട് മണിക്കൂര്‍ മതിയെന്ന് ബിനോയ് പെട്ടെന്ന് പറഞ്ഞു. അവന്‍ അവിടെ എംബിബിഎസിന് പഠിക്കുകയാണ്. നിങ്ങള്‍ പോയിട്ടുണ്ടോയെന്ന് സുരേഷ് സാറ് അവനോട് ചോദിച്ചു. ഇല്ല എന്റെ സീനിയേഴ്സ് പോയിട്ടുണ്ടെന്ന് ബിനോയ് പറഞ്ഞു. അവര്‍ പറഞ്ഞു കേട്ടതാണെന്നും അവന്‍ പറഞ്ഞു. അറിഞ്ഞുകൂടാത്ത കാര്യത്തെപ്പറ്റി സംസാരിക്കണ്ടായെന്ന് പറഞ്ഞ് സുരേഷ് സാര്‍ ബിനോയിയോട് തട്ടിക്കയറി. ഞങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. രണ്ട് മണിക്കൂര്‍ കൊണ്ട് എത്തുമെന്ന് പറഞ്ഞ് പോയിട്ട് എത്തിയില്ലെങ്കില്‍ ആര് സമാധാനം പറയും എന്നൊക്കെ ചോദിച്ച് ചൂടായി ബിനോയ് ആകപ്പാടെ വല്ലാതെയായി. അവന്‍ നമ്മളെ സഹായിക്കാന്‍ വന്നതാണ്. എനിക്ക് ദേഷ്യം വന്നിട്ട് സുരേഷ് സാറിനോട് മിണ്ടാതിരിക്കാന്‍ ഞാന്‍ അലറി. പുള്ളി ചോദിച്ചു, ആരെയാ പറഞ്ഞതെന്ന്. നിങ്ങളോട് തന്നെയാ പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞു. സഹായിക്കാന്‍ വന്നവരുടെ തലയില്‍ കേറാന്‍ നില്‍ക്കുന്നതെന്തിനാണെന്ന് ഞാന്‍ ചോദിച്ചു. കുറെക്കാലമായി തുടങ്ങീട്ട് എന്ന് തുടങ്ങി എനിക്ക് പറയാനുള്ളതെല്ലാം ശരിക്ക് പറഞ്ഞു. നമ്മളെ സഹായിക്കാന്‍ വന്നവരെ അപമാനിക്കുകയാണോ വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ലാലു തടസ്സം പിടിച്ചപ്പോള്‍ നിങ്ങള്‍ ഒരൊറ്റയാളാണ് ഇങ്ങേരെ വഷളാക്കിയത് എന്ന് ഞാന്‍ പറഞ്ഞു. നിങ്ങളെ കാണാന്‍ വന്നവരെയാണ് ഇയാള്‍ ഇപ്പോള്‍ അപമാനിച്ചത് എന്നുള്ളകാര്യം മറക്കരുതെന്ന് കൂട്ടിച്ചേര്‍ത്തു.

സുരേഷ് സാറ് ഇറങ്ങിപ്പോയി. സാറിന്റെ അടിമയായി കിടക്കേണ്ടതില്ലെന്നും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്നും ഞാന്‍ ലാലുവിനോട് പറഞ്ഞു. ലാലു രാത്രി പറഞ്ഞു, എങ്ങനെയും യാത്ര പൂര്‍ത്തിയാക്കണം,നീ സാറിനോട് ക്ഷമ ചോദിക്കണമെന്ന്. പറ്റില്ലെന്ന് ഞാനും. ഒരു കാര്യം ചെയ്യാം, യാത്ര തീരുന്നത് വരെ പിറകിലത്തെ സീറ്റില്‍ ഇരുന്നോളാം എന്ന് ഞാന്‍ പറഞ്ഞു. സാറിനോട് മിണ്ടുകയില്ലെന്നും യാത്ര പൊളിയാതിരിക്കാന്‍ അങ്ങനെയൊരു കാര്യം ചെയ്യാമെന്നും പറഞ്ഞു. ആറ് മണിക്ക് യാത്ര തുടങ്ങണമെങ്കില്‍ സുരേഷ് സാറ് 5.50-നേ വണ്ടിക്കകത്ത് കയറി ഇരിക്കും. പിറ്റേന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നിന്നും യാത്ര തുടങ്ങാന്‍ വേണ്ടി കാറില്‍ കയറാന്‍ ചെന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ പുള്ളിയിരിപ്പുണ്ട്. അപ്പോള്‍ പുള്ളിയൊരു പ്രഖ്യാപനം നടത്തി, ബൈജു ഇനി വരുന്നില്ല. പിന്നെ അവന്‍ എന്ത്‌ ചെയ്യുമെന്ന് ലാലു ചോദിച്ചു. അതൊന്നും എനിക്ക് അറിയാന്‍ വയ്യെന്ന് സുരേഷ് സാറും.

എനിക്കും പിടിവിട്ടു. ഇനി എന്ത് വന്നാലും നിങ്ങള്‍ക്കൊപ്പമില്ലെന്ന് ഞാനും പറഞ്ഞു. ലാലു പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. പുള്ളി കല്ല് പോലെ ഇരുന്നു. എന്നിട്ട് വണ്ടി ഇരപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ലാലു നിങ്ങള്‍ കേറിക്കോയെന്ന്. ലാലു കയറിയതും സുരേഷ് സാറ് വണ്ടി വിട്ടു. നാല് പെട്ടീം പിടിച്ച് സെന്റ് പീറ്റേഴ്സ് ബെര്‍ഗില്‍ രാവിലെ ആറ് മണിക്ക് ഞാന്‍ ഒറ്റയ്ക്ക് നിന്നു. അതിന് മുമ്പ് തന്നെ പുള്ളി കുറച്ച് കാശെടുത്ത് ലാലുവിന്റെ കൈയില്‍ കൊടുത്തിട്ട് എനിക്ക് തരാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയ 38 ലക്ഷം രൂപ സുരേഷ് സാറിന്റെ കൈയിലായിരുന്നു ഉണ്ടായിരുന്നത്. അതൊക്ക പല കറന്‍സികളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ടീമില്‍ നിന്നും പുറത്ത്, ഒറ്റയ്ക്കുള്ള യാത്ര

തലേദിവസം തന്നെ ഞങ്ങളെ കാണാനെത്തിയ സുനിലിനോട് ഞാന്‍ പറഞ്ഞിരുന്നു. നാളെ രാവിലെ എന്നെ ഇറക്കിവിട്ടേക്കും. അങ്ങനെ സംഭവിച്ചാല്‍ രാവിലെ ഞാന്‍ വിളിക്കും. വന്നേക്കണം എന്ന് . ഞാന്‍ സുനിലിനെ വിളിച്ചു. സുനിലെത്തി. ലാലു തന്നത് ആയിരം ഡോളര്‍ ഉണ്ടായിരുന്നു. ആ പണം സുനിലിന് കൊടുത്തിട്ട് നാട്ടിലേക്ക് ടിക്കറ്റ് എടുത്ത് തരാന്‍ ആവശ്യപ്പെട്ടു. ട്രാവല്‍ ഏജന്‍സി തുറക്കട്ടേ.

നമുക്കൊരു ചായ കുടിക്കാം എന്ന് പറഞ്ഞ് തലേന്നത്തെ റെസ്റ്റോറന്റിലേക്ക് പോയി. അവിടത്തെ സ്റ്റാഫൊക്കെ അന്തം വിട്ട് ഇരിക്കുകയായിരുന്നു. അയ്യോ ഈ ചേട്ടന്‍ പോയില്ലേന്ന് അവര്‍. ഈ ചേട്ടനെ ഇറക്കിവിട്ടുവെന്ന് നമ്മളും പറഞ്ഞു. സുരേഷ് സാറിന്റെ സ്വഭാവം കണ്ടപ്പോള്‍ ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നുവെന്ന് സ്റ്റാഫും പറഞ്ഞു.

ലാലുവിനെ വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ ഒടുവില്‍ സംഭവങ്ങള്‍ പറയേണ്ടി വന്നു. അപ്പോള്‍ വീട്ടില്‍ പ്രശ്നമായി. പേടിക്കാനൊന്നുമില്ലെന്നും തിരിച്ച് പോരുകയാണെന്നും ഞാന്‍ വീട്ടില്‍ വിളിച്ച്‌ പറഞ്ഞു. അങ്ങനെ നിന്നപ്പോള്‍ സുനില്‍ ചോദിച്ചു, യൂറോപ്പില്‍ പണ്ട് വന്നിട്ടുണ്ടെങ്കിലും ഈ മൂലയില്‍ എവിടെയെങ്കിലും പോയിട്ടുണ്ടോയെന്ന് ചോദിച്ചു. ല്വാതിയ, എസ്തോണിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളായിരുന്നു ആ ഭാഗത്തുള്ളത്.

ഏതായാലും യാത്ര തുടങ്ങി. കുറച്ച് രാജ്യങ്ങള്‍ കൂടെ കണ്ടിട്ട് പോയാല്‍ പോരെയെന്ന് സുനില്‍ ചോദിച്ചു. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. ഞാന്‍ ഓഫീസില്‍ വിളിച്ച് എത്ര രൂപയുണ്ടെന്ന് ചോദിച്ചു. 60,000 ത്തോളം രൂപയുണ്ടെന്ന് പറഞ്ഞു. അത് എന്റെ അക്കൗണ്ടിലേക്ക് ഇട്ടു. ഈ പണം തീരുന്നത് വരെ യാത്ര തുടരാം എന്ന് ഞാന്‍ തീരുമാനിച്ചു. എസ്തോണിയയിലേക്ക് ബസില്‍ പോയി. ഒടുവില്‍ പോളണ്ടില്‍ എത്തിയപ്പോള്‍ പൈസ തീരാറായി.

ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും

ആ സമയത്ത് ഏഷ്യാനെറ്റിന്റെ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ അടൂര്‍ വിളിച്ചു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഞാന്‍ തിരിച്ച് വരികയാണെന്ന് പറഞ്ഞു. അന്ന് രാത്രി അനില്‍ ഒരു ഉത്തേജന പ്രസംഗം നടത്തി. അവരേക്കാള്‍ മുന്നേ ലണ്ടനില്‍ എത്തണം എന്ന് ആവശ്യപ്പെട്ടു. തോറ്റ് പിന്‍മാറരുതെന്ന് ഉപദേശിച്ചു. എന്നാല്‍ അങ്ങനെയാകട്ടെ എന്ന് ഞാനും തീരുമാനിച്ചു. എന്റെ പിന്നാലെ അവരും ഉണ്ടായിരുന്നു. ഓഫീസില്‍ വിളിച്ച് ബാക്കിയുള്ള പണം കൂടെ ഇടാന്‍ പറഞ്ഞു.

ഞാന്‍ ബസില്‍ യാത്ര തുടര്‍ന്നു. അവര്‍ എത്തുന്നതിന് നാല് ദിവസം മുമ്പ് ഞാന്‍ ലണ്ടനിലെത്തി. ഇന്ത്യയില്‍ നിന്നും റോഡ് മാര്‍ഗം ലണ്ടനിലെത്തുന്ന ആദ്യ മനുഷ്യന്‍ എന്ന റെക്കോര്‍ഡ് സ്ഥാപിച്ചു. പക്ഷേ, ഞാന്‍ അത് ഒരിടത്തും ക്ലെയിം ചെയ്തിട്ടില്ല. ഞാന്‍ എഫ് ബിയുടെ കവര്‍ ഫോട്ടോയായി ഇക്കാര്യം നല്‍കിയിട്ടുണ്ട്. മലയാളികള്‍ എവിടെയെല്ലാം ഉണ്ടോ അവിടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ട യാത്രയായിരുന്നു ഞങ്ങളുടെ ലണ്ടന്‍ യാത്ര. അതുകൊണ്ട് എല്ലാവര്‍ക്കും അറിയാം ഞാനാണ് ആദ്യം എത്തിയത് എന്ന്. അവര്‍ ലിംകാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഡോക്യുമെന്റ്സ് കൊടുത്തു. അവരുടെ പേര് അതില്‍ വന്നു. അവര്‍ ഓരോയിടത്തും എത്തുമ്പോള്‍ അവിടെ എത്തിയെന്നതിന് തെളിവായി അവിടത്തെ പ്രശസ്തരെക്കൊണ്ട് സൈന്‍ ചെയ്ത് വാങ്ങിയാണ് യാത്ര ചെയ്തത്.

എന്നെ ഒഴിവാക്കിയെന്ന് ആരോടും പറയില്ലെന്നും ലണ്ടനില്‍ വച്ച് കണ്ടു മുട്ടാമെന്നും ഒരുമിച്ച് എത്തിയതായി പ്രഖ്യാപിക്കാമെന്നും ലാലു പറഞ്ഞിരുന്നു. ഞാനും സമ്മതിച്ചു. അക്കാര്യം വീട്ടുകാരോട് പറയുകയും ചെയ്തു. പക്ഷേ, ഈ തീരുമാനത്തെ പൊളിച്ച് കൊണ്ട് സുരേഷ് സാറ് ഫേസ് ബുക്കില്‍ വെളിപ്പെടുത്തല്‍ നടത്തി. അപ്പോള്‍ തന്നെ ഞാനും വിശദമായ സംഭവ കഥ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. സഫാരി ചാനലിന്റെ പരിപാടിയില്‍ ലാലു ഈ കഥ മുഴുവന്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ ശരിക്കും കുറ്റവിമുക്തനായത്. അതുവരെ എന്തുകൊണ്ട് ലാലു നിങ്ങളോടൊപ്പം വന്നില്ലെന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. നിങ്ങളല്ല കുറ്റക്കാരനെങ്കില്‍ ലാല്‍ ജോസ് നിങ്ങളോടൊപ്പം ഇറങ്ങി വരണ്ടേ. കുറ്റം എന്റെ ഭാഗത്തായിരുന്നുവെന്ന് ഭൂരിപക്ഷം പേരും പറഞ്ഞിരുന്നു. ലാലുവിന്റെ സഫാരി പരിപാടിക്ക് ശേഷമാണ് ആളുകള്‍ അഭിപ്രായം മാറ്റിയത്.

ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ പോയിരുന്നുവെങ്കില്‍ എങ്ങനെ അടിച്ച് പൊളിച്ച് രസകരമാക്കേണ്ട യാത്ര ആയിരുന്നു. ഇത് ദിവസവും പ്രശ്നങ്ങള്‍. ഭാര്യ ആണെങ്കില്‍ പോലും ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകത്തില്ല. സുരേഷ് സാറിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് നമ്മള്‍ ജീവിക്കുകയെന്നത് വീര്‍പ്പുമുട്ടലുണ്ടാക്കി.

മൊസാര്‍ട്ടിനേയും കമ്യുവിനേയും കാഫ്കയേയും സന്ദര്‍ശിച്ചൊരു യാത്ര

ലണ്ടന്‍ യാത്ര ഒറ്റയ്ക്കായശേഷമാണ് ഞാനേറ്റവും കൂടുതല്‍ ആസ്വദിച്ചത്. ധാരാളം വായിക്കുന്ന ആളായതു കൊണ്ട് ഞാന്‍ മൊസാര്‍ട്ടിന്റേയും ആല്‍ബര്‍ കമ്യൂവിന്റേയും കാഫ്കയുടേയും വീടുകളിലും സ്‌കോഡയുടേയും വോള്‍വോയുടേയും മ്യൂസിയങ്ങളിലും പോയി. അതൊന്നും മറ്റുള്ളവര്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ നടക്കില്ല. അങ്ങനെ എനിക്ക് ഇഷ്ടമുള്ളയിടങ്ങളിലെല്ലാം കയറിയിറങ്ങി ഇഷ്ടമുള്ള രീതിയില്‍ യാത്ര ചെയ്തു. ചെലവ് ഇത്തിരി കൂടിയെങ്കിലും ഞാന്‍ ശരിക്ക് ആസ്വദിച്ചത് കൂട്ടം വിട്ട ശേഷമുള്ള യാത്രയായിരുന്നു. മറ്റേത് നമ്മള്‍ ഹെഡ്മാസ്റ്റര്‍ക്കൊപ്പം സ്‌കൂള്‍ ടൂര്‍ പോകുമ്പോഴുള്ള പ്രശ്നങ്ങളില്ലേ. അത് പോലെയായിരുന്നു. ലാലുവുമായി ഞാനിപ്പോഴും സ്നേഹത്തിലാണ്. സുരേഷ് സാറിന് ഞാനും തിരിച്ചും പിറന്നാള്‍ സന്ദേശങ്ങള്‍ അയക്കാറുമുണ്ട്.

മുസ്ലിം തീവ്രവാദത്തെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഭയമാണ്: റഫീഖ് മംഗലശേരി

എന്നെ ഒഴിവാക്കിയതിന് ശേഷം ലാലുവുമായി വലിയ സഹകരണമൊന്നും യാത്രയില്‍ സുരേഷ് സാറിനുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള യാത്രയില്‍ ഒരു ഡെഡ് ബോഡിയെയാണ് പുള്ളി കൊണ്ട് പോയതെന്ന് ലാലു തന്നെ പറയുന്നുണ്ട്. ലാലു സുരേഷ് സാറുമായി ഇപ്പോഴും കാര്യമായ ബന്ധമില്ല. ഞാനുമായിട്ടാണ് ബന്ധം. എന്നാല്‍ സുരേഷ് സാറിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അദ്ദേഹം ചെയ്തത് പുള്ളിയുടെ രീതിക്ക് നൂറ് ശതമാനവും ശരികളാണ്. ഇനിയൊരിക്കലും മറ്റൊരാളുടെ കൂടെ യാത്ര ചെയ്യില്ലെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കാരണം, അദ്ദേഹത്തിന് തന്റേതായ രീതികള്‍ ഉണ്ട്. അതിന് പറ്റുന്നവരില്ലെന്ന് അദ്ദേഹം കണ്ടു പിടിച്ചു. അതിനുശേഷം ഞാനും ലാലുവും കൂടെ എത്രയോ യാത്രകള്‍ ചെയ്തു. ഒരു പ്രശ്നവുമില്ല. നമ്മള്‍ അടിച്ച് പൊളിച്ച് പോകും.

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍ എന്ന എഴുത്തുകാരന്‍

എവിടെ പോയാലും അതേക്കുറിച്ച് എഴുതണം എന്നത് എന്റെ ഒരു ആഗ്രഹമാണ്. കാരണം ജനങ്ങളും അതേക്കുറിച്ച് അറിയണമല്ലോ. ഏതു രാജ്യത്തു പോകണമെങ്കിലും എന്റെ യാത്രാവിവരണം വായിച്ചിട്ട് യാത്ര പോകാം എന്ന് ഒരാള്‍ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകണം. ലണ്ടന്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ 70 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ 90 രാജ്യങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ 101 രാജ്യങ്ങളായി. പഴയ സില്‍ക്ക് റൂട്ട് വഴിയുള്ള യാത്ര വിവരണം ഡീ സീ ബുക്ക്‌സ് പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്.

പിന്നെ ഉല്ലാസ യാത്ര എന്ന് പേരില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ പോകുന്ന നാല് രാജ്യങ്ങളായ സിങ്കപ്പൂര്‍, മലേഷ്യ, തായ്ലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ കുറിച്ചുള്ള യാത്രാ ഗൈഡ് മാതൃഭൂമി ബുക്സ് ഇറക്കാന്‍ പോകുന്നു. ലണ്ടന്‍ യാത്രയെക്കുറിച്ചും അവര്‍ തന്നെ പുസ്തകം ഇറക്കി. പിന്നെ ദേശാടനം എന്ന പേരിലെ പുസ്തകവും ഉണ്ട്. മലയാളത്തിലെ ആദ്യത്തെ രണ്ട് ഓട്ടോമൊബൈല്‍ പുസ്തകങ്ങളും ഞാന്‍ എഴുതിയതാണ്. ഒന്ന് കാര്‍ വാങ്ങുമ്പോള്‍ എന്ന പേരില്‍ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. രണ്ടാമത്തേത് കാര്‍ പരിചരണം. അതും മാതൃഭൂമി തന്നെയാണ് പുറത്തിറക്കിയത്. ഇതൊക്കെ കൂടാതെ മനോരമ ഓണ്‍ലൈന്‍, മാധ്യമം ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാതൃഭൂമി വാരന്ത്യപ്പതിപ്പ് എന്നിവയിലും എഴുതാറുണ്ട്. ചെര്‍ണോബില്‍ സന്ദര്‍ശിച്ചശേഷം എഴുതിയത് വലിയ ഹിറ്റായിരുന്നു.

കറന്റ് അഫയേഴ്സ്, ലൈഫ് ആന്റ് സ്‌റ്റൈല്‍ മാസികകളുടെ എഡിറ്റര്‍

രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നൊരാള്‍ തുടങ്ങിയ മാസികയായിരുന്നു കറന്റ് അഫയേഴ്സ്. അതിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയക്കാര്‍ ജീവിക്കുന്നത് എങ്ങനെ എന്നൊരു ചോദ്യം ഉന്നയിച്ച് അവരുടെ വരുമാനം താരതമ്യപ്പെടുത്തി അതില്‍ ഒരു സ്റ്റോറി ചെയ്തിരുന്നു. പിന്നെ സിനിമ സംവിധായകന്‍ രഞ്ജി പണിക്കരും ടീ എന്‍ ശേഷനും കോളം എഴുതിയിരുന്നു. ‘രാജന്‍ വധം :കുറ്റക്കാരന്‍ അച്യുത മേനോന്‍’ എന്നൊരു കവര്‍ സ്റ്റോറി ചെയ്തിട്ടുണ്ട്. കെ കരുണാകരന്‍ അല്ല. എല്ലാത്തിനും പിന്നില്‍ നിശബ്ദനായി കണ്ണടച്ച് നിന്ന അച്യുത മേനോന്‍ ആണ് കുറ്റക്കാരന്‍ എന്ന് ആ ലേഖനം വാദിച്ചു. അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

സ്ത്രീ സുരക്ഷ നിയമമോ, പുരുഷപീഡനത്തിനുള്ള ലൈസന്‍സോ? പി സി ജോര്‍ജ്ജ്

‘ചങ്ങനാശേരിയിലെ ചാന്തു പൊട്ടുകള്‍ എന്നൊരു സ്റ്റോറി എന്‍ എസ് എസിനെ കളിയാക്കി എഴുതി. പക്ഷേ, അത് പൂട്ടിപ്പോയി. പിന്നെ ലൈഫ് ആന്റ് സ്‌റ്റൈല്‍ എന്നൊരു മാസിക ഇറക്കി. മലയാളത്തിലെ ആദ്യത്തെ ലൈഫ് സ്‌റ്റൈല്‍ മാസികയായിരുന്നു അത്. അതും തകര്‍പ്പനായി ഇറക്കി. ഇതുപോലൊരു മാസിക എന്റെ സ്വപ്നമാണ് എന്ന് ശ്രേയംസ് കുമാര്‍ എന്നോട് പറഞ്ഞു. അത് കണ്ടിട്ടാണ് മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ എന്ന മാസിക ഇറക്കിയത്. ലൈഫ് ആന്റ് സ്‌റ്റൈലിലും വേറെ ഇന്‍വെസ്റ്റേഴ്സായിരുന്നു.

അവര്‍ തമ്മിലെ പ്രശ്നത്തില്‍ പൂട്ടിപ്പോയി. വനിതയുടെ മീറ്റിങ്ങിലൊക്കെ ചര്‍ച്ചയായിരുന്നു ഈ മാസിക. അതുപോലെയാകണം മാസിക എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ വനിതയുടെ മീറ്റിങ്ങില്‍ വന്നിരുന്നു. അതിന്റെ ഫാഷന്‍ ഷൂട്ട് ബാംങ്കോക്കിലും മറ്റുമാണ് നടത്തിയത്.

അഞ്ച് മാസികകള്‍, പഠിച്ച ബിസിനസ് പാഠങ്ങള്‍

നിക്ഷേപകര്‍ക്ക് രണ്ടാം മാസം മുതല്‍ ലാഭം വരണം എന്ന ചിന്തയാണ് എല്ലാറ്റിനും പ്രശ്നം. ഒരു സ്ഥലം വാങ്ങി പിറ്റേമാസം മറിച്ച് വിറ്റാല്‍ ലാഭം കിട്ടും. മാസികയില്‍ ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് ചിലപ്പോള്‍ ലാഭം കിട്ടിയെന്ന് വരാം. അങ്ങനെ മനസ്സിലാക്കി, അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ നിക്ഷേപം നടത്തിയാലേ മാസിക മുന്നോട്ട് പോകത്തുള്ളൂ. ഇതെല്ലാം ആദ്യമേ പറഞ്ഞു കൊടുക്കാറുണ്ട്. അപ്പോള്‍ അവര്‍ കാര്യമാക്കാറില്ല. പക്ഷേ, നാലഞ്ച് മാസം കഴിയുമ്പോള്‍ ഒന്നും വന്നില്ലല്ലോ എന്ന് പറഞ്ഞ് തുടങ്ങും. അതുകൊണ്ട്, സ്മാര്‍ട്ട് ഡ്രൈവില്‍ പുറത്ത് നിന്നുള്ള നിക്ഷേപകരെ കൊണ്ട് വന്നിട്ടില്ല. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ വന്ന ഓഫറുകള്‍ നിരസിക്കുകയായിരുന്നു.

ഗൂഗിള്‍ മാപ്സില്ലാത്ത കാലത്തെ യാത്ര

യാത്രകള്‍ തുടങ്ങുന്ന കാലത്ത് ഗൂഗിള്‍ മാപ്സ് പോലുള്ള ടെക്നോളജികള്‍ വന്നിരുന്നില്ല. ഇപ്പോഴും എനിക്ക് ഗൂഗിള്‍ മാപ്സ് വഴങ്ങാറില്ല. പണ്ടൊന്നും ഇത്ര വലിയ ഹൈവേകളൊന്നുമില്ല. വഴി ചോദിച്ച് ചോദിച്ച് പോകുന്ന രീതിയായിരുന്നു. ഭൂട്ടാന്‍ യാത്ര കഴിഞ്ഞ് ആസാമില്‍ വന്നിറങ്ങി. അവിടെ നിന്ന് ഞങ്ങള്‍ക്ക് ഡല്‍ഹി ഓട്ടോ എക്സ്പോയ്ക്ക് പോകണം. ഞങ്ങള്‍ ഡല്‍ഹിക്കുള്ള വഴി ചോദിക്കും. അറിയില്ലെന്ന മറുപടി കിട്ടും. അവസാനം ഞങ്ങള്‍ക്ക് ഭ്രാന്തായി. അവസാനം ഹൈവേയില്‍ കയറിയിട്ട് കുറച്ച് ദൂരം പോയപ്പോള്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറി സൈഡില്‍ കിടക്കുന്നത് കണ്ടു. അവരോട് ചോദിച്ചപ്പോള്‍ നേരെ വിട്ടോളാന്‍ പറഞ്ഞു. എത്ര സമയം കൊണ്ട് എത്തുമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൂളായി അഞ്ച് ദിവസം എന്ന് മറുപടി പറഞ്ഞു. കാരണം യുപി, ബിഹാര്‍ എല്ലാം കടന്ന് വേണം ആസാമില്‍ നിന്ന് ഡല്‍ഹിയിലെത്താന്‍. വൈറ്റില ജംഗ്ഷനില്‍ ചെന്നിട്ട് ഡല്‍ഹിക്ക് പോകുന്ന വഴി ചോദിക്കുന്നത് പോലെയായിരുന്നു ആസാമില്‍ നിന്ന് ഞങ്ങള്‍ ഡല്‍ഹിക്ക് വഴി ചോദിച്ചത്. അങ്ങനെ വഴിയൊക്കെ തെറ്റിയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. അടുത്തിടെ ആസാമില്‍ പോയപ്പോള്‍ ഗൂഗില്‍ മാപ്സ് സഹായിച്ചു. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ അത് ഉപയോഗിച്ച് വഴികള്‍ കണ്ട് പിടിച്ചു.

നോ ടെന്‍ഷന്‍… കൂള്‍… കൂള്‍…

ഞാന്‍ കടന്നു പോന്നത് ഭീകരമായ പ്രശ്നങ്ങള്‍ ഉള്ള വഴികളിലൂടെയാണ്. സാമ്പത്തികമായ ബാക്ക് അപ്പില്ലാതെ ബിസിനസ് ചെയ്യാന്‍ ഇറങ്ങരുതെന്നാണ് ഏറ്റവും വലിയ പാഠം. അല്ലെങ്കില്‍ ഉറക്കമില്ലാത്ത രാത്രികളാകും എന്നും. എന്റെ വീട്ടിലൊക്കെ ജീവിച്ച് പോകാം എന്നല്ലാതെ ധാരാളം കാശൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് പണം വാങ്ങിച്ച് ബിസിനസ് ചെയ്യാവുന്ന അവസ്ഥയൊന്നുമില്ല. അങ്ങനെയൊരു അവസ്ഥയില്‍ ടെന്‍ഷന്‍ ഉണ്ടാകും. പക്ഷേ, നമ്മള്‍ അത് പുറത്ത് കാണിച്ചിട്ട് കാര്യമില്ല. എങ്ങനെയെങ്കിലുമൊക്കെ നടന്നു പോകും. ഇപ്പോഴും അതൊക്കെത്തന്നെ തുടരുന്നുണ്ട്.

ആ യാത്രകളാണ് മകള്‍ക്ക് നല്‍കുന്ന സമ്പാദ്യം

ഞാന്‍ എന്റെ ഭാര്യയേയും മകളേയും 16 രാജ്യങ്ങളില്‍കൊണ്ടു പോയിട്ടുണ്ട്. ഞാന്‍ മകള്‍ക്ക് നല്‍കിയ സമ്പാദ്യം ഈ രാജ്യങ്ങളില്‍ നടത്തിയ യാത്രയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ്. അത് അവളുടെ ഔട്ട്ലുക്കിനെ മാറ്റിയിട്ടുണ്ട്. 16 രാജ്യങ്ങളില്‍ കൊണ്ടുപോയ കാശുണ്ടെങ്കില്‍ അവളുടെ പേരില്‍ നിക്ഷേപിക്കാമായിരുന്നു. എന്നാല്‍ ഈ യാത്രകളില്‍ നിന്നുണ്ടായ മനോവികാസമാണ് ഞാന്‍ അവള്‍ക്ക് നല്‍കുന്ന സമ്പാദ്യം. ഇത് ഞാനവളോട് പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും ഇത്രയും ലോകം കണ്ടു എന്നുള്ളത് തന്നെയാണ്. ഈ 101 രാജ്യങ്ങളില്‍ പോകാന്‍ ഞാന്‍ ഏറ്റവും കുറഞ്ഞത് 10 കോടി രൂപയെങ്കിലും ചെലവാക്കിയിട്ടുണ്ടാകും. ആ രൂപയ്ക്ക് എനിക്ക് ഇവിടെ 10 ഫ്ളാറ്റുകള്‍,സ്ഥലങ്ങള്‍ വാങ്ങിക്കാമായിരുന്നു. പക്ഷേ, യാത്രയെന്നത് എന്റെ പാഷനാണ്. അത് തടസ്സമില്ലാതെ പോകുന്നുണ്ട്. ഞാന്‍ മരിച്ചാല്‍ എന്ത് ചെയ്യണമെന്നും ഭാര്യയോട് പറഞ്ഞിട്ടുണ്ട്. അക്കൗണ്ടില്‍ പൈസയൊന്നും കാണില്ല. എറണാകുളത്ത് ഫ്ളാറ്റുണ്ട്. അതിന് ലോണുമുണ്ട് .ഞാന്‍ മരിച്ചാല്‍ പിന്നെ ഇഎംഐ അടയ്ക്കണ്ട. ഇന്‍ഷുറന്‍സ് ഉണ്ട്. ഒരു കോടിയിലധികം കിട്ടും. അതെടുക്കുക. ഫ്ളാറ്റ് വില്‍ക്കുക. നേരെ കോട്ടയത്ത് വീട്ടില്‍ പോയി ജീവിക്കുക എന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

പ്രിയങ്കരി നാനോ

പലരും ചോദിക്കാറുണ്ട് എന്റെ സ്വന്തം വാഹനങ്ങൾ ഏതൊക്കെയാണെന്ന്.എന്റെ സ്വന്തം പണം മുടക്കി ഞാൻ ആദ്യമായി വാങ്ങിയത് ഒരു മാരുതി ഓംനിയാണ്.പിന്നെ ടാറ്റ ഇൻഡിക്ക.അതിനു ശേഷം പഴയ മോഡൽ മാരുതി ബെലെനോ വാങ്ങി.വാങ്ങിയതിൽ ഏറ്റവും വില കൂടിയ വാഹനം ഷെവർലെ ക്രൂസ് ആണ്.ഇപ്പോൾ ഉപയോഗിക്കുന്നത് പുതിയ മോഡൽ മാരുതി ബെലെനോ ഓട്ടോമാറ്റിക്,ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക് ,ടാറ്റ നാനോ എന്നിവയാണ്.ഏറ്റവും ഓടിക്കാനിഷ്ടം നാനോയാണ്.നഗരത്തിരക്കിൽ ‘തിരുകി തിരുകി’ ഓടിക്കാൻ നാനോ കഴിഞ്ഞിട്ടേയുള്ളു! എപ്പോഴും ഏതെങ്കിലും ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ കൈയ്യിൽ ഉള്ളതു  കൊണ്ട് സ്വന്തം കാറുകൾ  ഓടിക്കേണ്ടി വരാറില്ല എന്നതും സത്യമാണ്.ഒന്നു കൂടിയുണ്ട്: പണ്ട് ഡിഗ്രി ഫസ്റ്റ് ഇയറിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയതിന് അമ്മ വാങ്ങിത്തന്ന യമഹ ആർ എക്സ് 100 ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ട്.. 



ബൈജു എന്‍ നായര്‍ എഴുതിയ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര വാങ്ങിക്കാന്‍ ക്ലിക്ക് ചെയ്യുക

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More