ഓരോ കസ്റ്റമറെ കാണുന്ന സമയത്തും ഉള്ളില്‍ ഒരു നിറം വരും: ദിനു എലിസബത്ത് റോയ്‌

മനസ്സില്‍ രൂപം കൊള്ളുന്ന ഡിസൈനുകളെ ഒരു കവിത രചിക്കുന്നത് പോലെ മനോഹരമായി ഇഴചേര്‍ത്തെടുക്കുന്നവരാണ് വസ്ത്രാലങ്കാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കേരളത്തിലെ വസ്ത്രാലങ്കാര രംഗത്ത് ശ്രദ്ധേയയായ വ്യക്തിയാണ് ദിനു എലിസബത്ത് റോയ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഹം എന്ന ഡിസൈനര്‍ സ്റ്റുഡിയോയുടെ സ്ഥാപകയും പ്രധാന ഡിസൈനറുമാണ് ദിനു. വസ്ത്രാലങ്കാരത്തില്‍ പേഴ്സണലൈസ്ഡ് കസ്റ്റമൈസേഷന് പ്രാധാന്യം നല്‍കുന്ന ദിനുവുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ഫാഷന്‍ ഡിസൈനിംഗ് രംഗത്തേക്ക് എങ്ങനെയാണ് കടന്നുവരുന്നത്?

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുപ്പം മുതലേ ഡിസൈനിംഗിനോട് കമ്പമുണ്ട്. ഇതിന് മുമ്പ് എയര്‍ ഇന്ത്യയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നെ കുട്ടികളൊക്കെ ആയപ്പോള്‍ പതുക്കെ ഇഷ്ടപ്പെട്ട രംഗത്തേയ്ക്ക് തിരിഞ്ഞു. ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നതിന് സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ട്. ചെറിയ രീതിയിലാണ് ആദ്യം തുടങ്ങിയത്. ഡിസൈനിംഗ് സ്റ്റുഡിയോ ആയി തന്നെയാണ് അഹം ആരംഭിക്കുന്നത്.

ഞങ്ങള്‍ തന്നെ കുറച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയും ആവശ്യക്കാര്‍ക്ക് ചെയ്തു കൊടുക്കുകയും ഒക്കെയാണ് അന്ന് ചെയ്തിരുന്നത്. തുടക്കത്തില്‍ ഒരു കട്ടര്‍, രണ്ട് തയ്യല്‍ക്കാര്‍, ഹാന്‍ഡ് എംബ്രോയിഡറി ചെയ്യാന്‍ ഒരാളും പിന്നെ ഡിസൈനറായി ഞാനും ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് 10 തയ്യല്‍ക്കാര്‍, നാല് കട്ടേഴ്സ്, എംബ്രോയിഡറി ചെയ്യാന്‍ 16 പേരുണ്ട്, ഡിസൈനിംഗിന് ആറു പേര്‍ എന്നിങ്ങനെയായി. ആളുകള്‍ പറഞ്ഞറിഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ കണ്ടുമാണ് ഉപഭോക്താക്കള്‍ അധികം എത്തുന്നത്.

അഹം ഡിസൈനിംഗ് സ്റ്റുഡിയോയുടെ പ്രത്യേകത എന്താണ്?

പേഴ്സണലൈസ്ഡ് കസ്റ്റമൈസേഷനാണ് ഏറ്റവും വലിയ പ്രത്യേകത. കസ്റ്റമറിന്റെ നിറത്തിനും രൂപഭംഗിക്കും അനുയോജ്യമായ തരത്തിലാണ് ഞങ്ങളുടെ ഡിസൈനിംഗുകള്‍. ഉപഭോക്താക്കളുടെ പോക്കറ്റ് ഫ്രണ്ട്ലിയാണ് അഹം. ബ്രൈഡല്‍ വര്‍ക്കുകളാണ് കൂടുതലും ചെയ്യുന്നത്. ബ്രൈഡിന് വേണ്ട കാഷല്‍ വെയറും നോര്‍മല്‍ വെയറും അവരുടേതായ ബജറ്റിനുള്ളില്‍ തന്നെ ചെയ്തു കൊടുക്കാറുണ്ട്. കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന സമയത്ത് തന്നെ കൃത്യമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്.

ഡിസൈനിംഗിന് വേണ്ട ഇന്‍സ്പിറേഷന്‍ ലഭിക്കുന്നത് എവിടെ നിന്നാണ്?

റഫറന്‍സ് തന്നെയാണ് പ്രധാന പ്രചോദനം. ഓരോ കസ്റ്റമറെ കാണുന്ന സമയത്തും ഉള്ളില്‍ ഒരു നിറം വരാറുണ്ട്. പിന്നെ അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന നിറങ്ങള്‍ ഒക്കെ നോക്കിയാണ് വസ്ത്രത്തിന്റെ നിറം തീരുമാനിക്കുന്നത്. വധുവിന് വേണ്ടിയാണ് വസ്ത്രങ്ങള്‍ ഒരുക്കുന്നതെങ്കില്‍ വിവാഹത്തിന്റെ ദിവസം അണിയുന്ന ആഭരണങ്ങള്‍, വേദി ഇങ്ങനെയെല്ലാം പരിഗണിക്കാറുണ്ട്.

ഒരു ഡിസൈന്‍ മനസില്‍ വന്നു കഴിഞ്ഞാല്‍ പിന്നീടുള്ള പ്രോസസിംഗ് എങ്ങനെയാണ്? 

ഡിസൈനിംഗിന്റെ കണ്‍സെപ്റ്റ് കിട്ടി കഴിഞ്ഞാല്‍ ആദ്യം ഒരു ഡൂഡില്‍ സ്‌കെച്ച് ഉണ്ടാക്കും. അതില്‍ നിന്നാണ് പിന്നീടുള്ള വര്‍ക്കുകള്‍. ഉപഭോക്താക്കളുമായി സംസാരിച്ച് അവരുടെ ആവശ്യം അറിഞ്ഞതിന് ശേഷം ഡീറ്റൈല്‍ഡ് കളര്‍ സ്‌കെച്ച് അവര്‍ക്ക് കൊടുക്കും. ബ്രൈഡല്‍ ആണെങ്കില്‍ ആവശ്യമുള്ള മെറ്റീരിയലില്‍ ഡിസൈന്‍ ചെയ്ത് ഫോട്ടോയെടുത്ത് സാമ്പിള്‍ കാണിച്ചു കൊടുക്കാറുണ്ട്. അവര്‍ക്ക് ചെയ്യാന്‍ പോകുന്ന ഡിസൈനിംഗിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായതിന് ശേഷമാണ് വര്‍ക്കിലേക്ക് കടക്കുന്നത്. വര്‍ക്ക് കഴിഞ്ഞതിന് ശേഷം ബ്രൈഡല്‍ ക്സറ്റ്മേഴ്സിന് അതിന്റെ വീഡിയോ അയച്ചു കൊടുക്കാറുമുണ്ട്.

ചെയ്തവയില്‍ മറക്കാനാവാത്ത ഡിസൈന്‍ ഏതാണ് ?

ഒരുപാട് ഉണ്ട്. ഡിസൈന്‍ ചെയ്തത് കണ്ടിട്ട് ഇത് എന്റേതാണോ എന്ന് അതിശയത്തോടെയും സന്തോഷത്തോടെയും കസ്റ്റ്മേഴ്സ് ചോദിക്കുന്ന നിമിഷങ്ങള്‍ മറക്കാന്‍ പറ്റില്ല. ഒരിക്കല്‍ കാനഡയിലുള്ള ഒരു പെണ്‍കുട്ടിക്ക് വേണ്ടി വിവാഹത്തിന് വസ്ത്രങ്ങളൊരുക്കി. സ്‌കൈപ്പിലൂടെയായിരുന്നു അളവെടുക്കുന്നതും ഡിസൈന്‍ ചര്‍ച്ചകളുമൊക്കെ. കട്ടപ്പന സ്വദേശിയായ ആ കുട്ടി കാനഡയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി സ്റ്റുഡിയയോയില്‍ വന്ന് ഡ്രസ്സ് വാങ്ങിയിട്ടാണ് കല്യാണത്തിന് നാട്ടിലോട്ട് പോയത്. ഡ്രസ്സ് കണ്ടപ്പോള്‍ തന്നെ ആ കുട്ടിക്ക് ഭയങ്കര സന്തോഷമായി. എന്റെ സ്വപ്‌നത്തിലേതു പോലെയുള്ള ഡ്രസ്സ് തന്നെയാണ് ഇത് എന്നു പറഞ്ഞ് തുളളിച്ചാടുവായിരുന്നു. ഡ്രസ്സിട്ടപ്പോഴും കറക്ട് ഫിറ്റ്. അത് കണ്ടപ്പോള്‍ ആ കുട്ടിയുടെ പാരന്റ്സും ഹാപ്പി. അതൊരിക്കലും മറക്കാന്‍ പറ്റാത്ത സംഭവമാണ്.

ഇഷ്ടമുള്ള കോമ്പിനേഷന്‍സ് ഏതാണ്?

നേവി ബ്ളൂ, പീല്‍ ഗ്രീന്‍ ഒക്കെയാണ് ഇഷ്ടം. പിന്നെ ബ്ലാക്കും ഗോള്‍ഡും ഉള്ള കോമ്പിനേഷന്‍ എല്ലാ സമയത്തും എനിക്ക് പ്രിയപ്പെട്ടതാണ്.

ഏതുതരം ആളുകള്‍ക്ക് ഡിസൈന്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്?

ബ്രൈഡല്‍ ബ്ലൗസുകളൊക്കെ ചെയ്യുമ്പോള്‍ ചിലരുണ്ട്, ചേച്ചി ചെയ്താല്‍ മതിയെന്ന് പറഞ്ഞ് എല്ലാം നമ്മളെ അങ്ങ് വിശ്വസിച്ച് ഏല്‍പ്പിക്കുന്നവര്‍. ഒരു ഡിസൈന്‍ നോക്കുകയോ അഭിപ്രായം പറയുകയോ പോലും ചെയ്യില്ല. ആ സമയത്താണ് കൂടുതല്‍ റിസ്‌ക്. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ വസ്ത്രം വിശ്വസിച്ച് ഏല്‍പ്പിക്കുമ്പോള്‍ നൂറല്ല ഇരുന്നൂറ് ശതമാനം ഭംഗിയാക്കേണ്ട ചുമതലയാണ് നമ്മുക്ക് വരുന്നത്. അപ്പോള്‍ പ്രയത്‌നം കൂടുതലാണ്. ഏതാകും കസ്റ്റമര്‍ക്ക് ഇഷ്ടമാവുക എന്നാലോചിച്ച് കണ്‍ഫ്യൂഷനാകും.

സ്വന്തമായി ഉപയോഗിക്കാന്‍ എങ്ങനെയുള്ള ഡിസൈന്‍ ചെയ്യാനാണ് ഇഷ്ടം?

ഞാന്‍ പൊതുവെ വളരെ സിംപിളാണ്. സിംപിള്‍ ഹൈലറ്റ്സിനോടാണ് താല്‍പര്യം. കോണ്‍ട്രാക്ടായി ചെയ്യുന്നതിനേക്കാള്‍ അതിന്റെ തന്നെ ഒരു ന്യൂട്രല്‍ കളറിലുള്ള ഷേഡിംഗുകളാണ് ഇഷ്ടം.

സ്ത്രീകള്‍ ബിസിനസ് രംഗത്തേക്ക് വരുമ്പോഴുള്ള ഗുണങ്ങളും പ്രതിന്ധികളും എന്താണ്? 

സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലാണ് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്. പിന്നെ ഒരു സംരംഭം ആരംഭിക്കുന്ന സ്ത്രീകളെ തുടക്കത്തിലുള്ള പേപ്പര്‍ വര്‍ക്കുകളില്‍ സഹായിക്കാന്‍ സ്ത്രീകളുടേതായ ഒരു സംവിധാനം ഉണ്ടെങ്കില്‍ നല്ലതാണ് എന്ന് എന്റെ അനുഭവത്തില്‍ നിന്ന് തോന്നിയിട്ടുണ്ട്. വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ നിരവധി കേന്ദ്രങ്ങള്‍ ഉണ്ടെന്ന് പറയും. പക്ഷെ അതൊന്നും നിയമപരമായി അത്ര വ്യക്തയുള്ളതല്ല. ലോണിനായി സമീപിച്ചു കഴിയുമ്പോഴാണ് നിരവധി നൂലാമാലകള്‍ വരിക. ഒരു വനിതാ സംരംഭകയെ സംബന്ധിച്ചിടത്തോളം ബിസിനസ് നടത്തുന്നത് സാമ്പത്തിക മെച്ചം മാത്രം നല്‍കുന്ന ഒന്നല്ല. മറിച്ച ഒരു വ്യക്തിയെന്ന നിലയില്‍ പലതരത്തിലുള്ള മാനസിക സന്തോഷം നല്‍കുന്നതാണ്.

ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

എടുത്തു ചാടി ചെയ്യരുത് എന്നേ പറയാനുള്ളൂ. ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടുന്നുണ്ടോ എന്നറിയാന്‍ ചെറിയ ചെലവില്‍ വലതും ചെയ്തതിന് ശേഷം മാത്രമേ വലിയ തോതിലുള്ള മുതല്‍ മുടക്ക് നടത്താവൂ. എന്റെ തുടക്കം 30000 രൂപ മുതല്‍ മുടക്കില്‍ ആറ് സാരി ചെയ്തായിരുന്നു. പിന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡയയുടെ സപ്പോര്‍ട്ട് നല്ലതു പോലെ കിട്ടും. ആ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം.

ബിസിനസിനുള്ള പിന്തുണ?

കുടുംബം തന്നെയാണ് സപ്പോര്‍ട്ട്. എന്റെ മാതാപിതാക്കളും ഭര്‍ത്താവിന്റെ പാരെന്റസും നന്നായി പിന്തുണയ്ക്കുന്നുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ പ്രശ്നമാകാത്തത് അവരുള്ളത് കൊണ്ടാണ്. ഭര്‍ത്താവ് കെന്നി ജേക്കബ്. മക്കള്‍ ആറു വയസുകാരി ദിയയും രണ്ടര വയസുകാരി ലിയയും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More